കലാജീവിതത്തിലും പൊതു രാഷ്ട്രീയ ജീവിതത്തിലും പേര് അന്വർഥമാക്കിയ ഒരു മഹാപ്രതിഭയാണ് ഇന്നസെന്റ്. ആ പേരിട്ടവരെ നമിക്കുന്നു. സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ഘട്ടത്തിൽ നിരവധി തവണ നേരിൽ കാണാനും ദീർഘനേരം സംസാരിക്കാനും അവസരം ലഭിച്ചിരുന്നു. ഒരു ഇന്റർവ്യൂ നടത്താൻ വേണ്ടത്ര നിരവധി വിഷയങ്ങളെ കുറിച്ചാണ് ഞങ്ങൾ സംസാരിച്ചിട്ടുള്ളത്. എന്നാൽ അത്തരം ഒരു ഇന്റർവ്യൂ നടത്താൻ കഴിയാതെപോയതിൽ ഇപ്പോൾ ദുഃഖം തോന്നുന്നു.
ഒരു ദിവസം ആലുവ ഗസ്റ്റ് ഹൗസിലെ മുകൾ നിലയിലുള്ള അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് എന്റെ മുറിയിൽ വന്നു. ഏതാണ്ട് ഒരു മണിക്കൂറോളമാണ് രസകരമായ ചില അനുഭവങ്ങൾ അദ്ദേഹം പറഞ്ഞത്. അത് ആലോചിക്കുമ്പോൾ തന്നെ ചിരി വരുന്നു. പാപം ഏറ്റുപറഞ്ഞ് കുമ്പസാരിക്കാനായി ഒരു സ്ത്രീ പുരോഹിതന്റെ മുന്നിൽ എത്തുകയാണ്. കേൾവിക്കുറവുള്ള പുരോഹിതന് കേൾക്കുന്നതിനുവേണ്ടി കാര്യങ്ങൾ ഉറക്കെ പറയാൻ സ്ത്രീ നിർബന്ധിതയാവുകയാണ്. കുമ്പസാരം കഴിഞ്ഞ് സ്ത്രീ തിരിഞ്ഞുനോക്കുമ്പോൾ പിന്നിൽ വലിയൊരു ജനക്കൂട്ടം. ഇങ്ങനെ അദ്ദേഹം പറഞ്ഞ നിരവധി കഥകൾ കേട്ട് ചിരിച്ചു.
ഒബ്‌സർവേഷൻ, അല്ലെങ്കിൽ നിരീക്ഷണം അദ്ദേഹത്തിന്റെ പ്രധാന ഗുണമായിരുന്നു. ഓരോ കഥാപാത്രത്തിന്റെയും സ്വഭാവത്തെയും ശരീരഭാഷയെയും പലരെയും നിരീക്ഷിച്ച് ഒപ്പിയെടുക്കുന്നവർ സിനിമാരംഗത്ത് അധികമുണ്ടാകില്ല. ഒരു ദിവസം എന്റെ ചേമ്പറിൽ വന്നു. സോഫയിലിരുന്നു. ഞാൻ എണീറ്റ് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നപ്പോൾ പറഞ്ഞു, 'ഇപ്പോൾ വരേണ്ട. അവരെയെല്ലാം പറഞ്ഞയച്ചിട്ട് വന്നാൽ മതി'. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരുടെ ചികിത്സാ ധനസഹായ അപേക്ഷകളിൽ തീരുമാനമെടുക്കുന്ന സമയമാണത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ധനസഹായം അനുവദിച്ചുകൊടുത്തിരുന്നു. അത് ഒരാഴ്ചക്കുള്ളിൽ അവർക്ക് കിട്ടുകയും ചെയ്തിരുന്നു. അങ്ങനെ എം പി എന്ന നിലയിൽ ഇന്നസെന്റ് അയച്ചുതന്ന ഒരു അപേക്ഷ ഞാൻ സാങ്ഷൻ ആക്കിയിരുന്നു. എന്റെ ഓഫീസിൽ അപ്പോൾ ഉണ്ടായിരുന്നവരുടെ അപേക്ഷകളിൽ തീരുമാനമെടുത്ത് അവരെയൊക്കെ അയച്ച ശേഷം ഞാൻ ഇന്നസെന്റിന്റെ അടുത്തേക്ക് വന്നിരുന്നു. അദ്ദേഹം പറഞ്ഞു, " ഇവിടെ വന്ന് പെട്ടെന്ന് പോണമെന്ന് വിചാരിച്ചതാണ്. പക്ഷെ ഒരു മന്ത്രിയുടെ അടുക്കൽ ചികിത്സാ ധനസഹായം അനുവദിച്ചുകിട്ടാൻ എത്തുന്ന ആളുകളെ നിരീക്ഷിക്കാൻ ഒരവസരം എനിക്ക് കിട്ടി. ഇതൊരു അപൂർവ അവസരമായിരുന്നു".
ഒരു നാലഞ്ചു കേസുകൾ കൂടി അദ്ദേഹം കൊണ്ടുവന്നിരുന്നു. വളരെ പാവപ്പെട്ട ആളുകളുടെ ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷകളായിരുന്നു അവ. ഒരു ലക്ഷം രൂപ വരെ കൊടുക്കുന്നതിൽ മന്ത്രിക്ക് തീരുമാനം എടുക്കാൻ കഴിയും. അപേക്ഷ നൽകാൻ വന്ന അദ്ദേഹം മന്ത്രിയാപ്പീസിലെത്തുന്ന സാധാരണക്കാരെ നിരീക്ഷിക്കാൻ കൂടി സമയം കണ്ടു.
കോടിക്കണക്കിന് രൂപ ചെലവ് ചെയ്ത് സിനിമാ നിർമാണം പൂർത്തിയാക്കിയാൽ അത് പ്രദർശിപ്പിക്കാൻ തിയേറ്റർ കിട്ടാത്ത ഒരവസ്ഥ കേരളത്തിലുണ്ടായിരുന്നു. ഓണം, പെരുന്നാൾ, ക്രിസ്മസ് തുടങ്ങിയ ആഘോഷ അവസരങ്ങളിലായിരിക്കും ചില താൽപര്യക്കാർ രംഗത്തുവരിക. ന്യായമായും അവസരം കിട്ടേണ്ട സിനിമകൾക്ക് അപ്പോൾ പ്രദർശനത്തിന് അവസരം കിട്ടാതെവരും. അത്തരമൊരു ഘട്ടത്തിലാണ് ''അമ്മ''യുടെ പ്രതിനിധിയായി അദ്ദേഹം എന്നെ കാണാൻ വന്നത്. അദ്ദേഹം പറഞ്ഞത് സശ്രദ്ധം കേട്ടു. ഞങ്ങളുടെ അന്നത്തെ സംഭാഷണത്തിൽ ഉയർന്നുവന്ന ആശയമാണ് ഗ്രാമീണ തിയേറ്ററുകൾ. 20 ഗ്രാമീണ തിയേറ്ററുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു. തിയേറ്ററുകൾ കിട്ടാത്ത പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴിഞ്ഞത് ഇന്നസെന്റിന്റെ കൂടി ഇടപെടലിന്റെ ഭാഗമായാണ്.
ഒരിക്കൽ അടൂർ ഭാസിയെ ട്രെയിനിൽ വെച്ച് ഇന്റർവ്യൂ ചെയ്തതും ഓർത്തുപോവുകയാണ്. ഞാൻ ചോദിച്ചു, റിസർവേഷൻ കിട്ടാൻ ബുദ്ധിമുട്ടുണ്ടായോ? അദ്ദേഹം പറഞ്ഞു, "ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. പക്ഷെ ടി ടി ഇ ക്ക് എന്റെ പേര് തിരിച്ചറിയാൻ പറ്റിയില്ല. അടൂർ ഭാസി എന്നതിൽ എ ഇല്ല. ഡോർ ഭാസി എന്നാണുള്ളത്. ഞാൻ കുറെ നേരം ഡോറിന്റടുത്ത് നിന്നു. അപ്പോഴാണ് സാർ ഇതിനകത്തുണ്ടെന്നറിഞ്ഞത്. അതാണിപ്പോൾ ഞാൻ ഇവിടെ വന്നിരിക്കുന്നത്".
വർഷങ്ങൾക്ക് മുമ്പ് പ്രശസ്ത നർത്തകി ഡോ. പത്മാ സുബ്രഹ്മണ്യവുമായി നടത്തിയ ഇന്റർവ്യൂവും ഓർമ്മവരുന്നു. കേരളത്തിന് പുറത്തുനിന്നുള്ള ഒരു വ്യവസായിയും അതേ ട്രെയിനിൽ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ചുമട്ടു തൊഴിലാളികളിൽ നിന്ന് നേരിട്ട മോശം അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കുറെ അതിശയോക്തി ഉണ്ടെന്നു തോന്നിയെങ്കിലും അധികൃതരോട് താങ്കൾക്ക് പരാതിപ്പെടാമായിരുന്നില്ലേ എന്ന് ഞാൻ ചോദിച്ചു. ഡോ. പത്മാ സുബ്രഹ്മണ്യവും അത് തന്നെ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം അടുത്ത സ്റ്റേഷനിൽ ഇറങ്ങി. അപ്പോൾ ഡോ. പത്മാ സുബ്രഹ്മണ്യം പറഞ്ഞു, ഇതൊക്കെ തൊഴിലാളികളെ പൊതുസമൂഹത്തിനു മുന്നിൽ ഇകഴ്ത്തിക്കാണിക്കാൻ വേണ്ടി പറയുന്നതായിരിക്കും. എന്നാലും നിങ്ങളെപ്പോലുള്ളവർ ഇത് പരിശോധിക്കണമെന്നും പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും സി. പി. ഐ. (എം) ദേശീയ നേതാവായിരുന്ന സ. രാമമൂർത്തിയോടും വലിയ അടുപ്പമുള്ള കുടുംബമാണ് ഡോ. പത്മ സുബ്രമണ്യത്തിന്റെ പിതാവ് സുബ്രമണ്യത്തിന്റെ കുടുംബം. ആ കുടുംബത്തിലെ കലാകാരിയാണ് ഡോ. പത്മാ സുബ്രഹ്മണ്യം.
ഹാസ്യം എന്നത് നടനത്തിന്റെ ഒരു പ്രത്യേക സൃഷ്ടിയാണ്. ഒരു ഹാസ്യനടനെ സൃഷ്ടിക്കുക എളുപ്പമല്ല. പണം കൊണ്ടോ സമ്മർദം കൊണ്ടോ സ്വാധീനം കൊണ്ടോ ഒരു ഹാസ്യനടനെ സൃഷ്ടിക്കാൻ കഴിയില്ല. അതൊരു ജന്മസിദ്ധിയാണ്. വിലകൊടുത്ത് വാങ്ങാൻ കഴിയില്ല. സൂപ്പർ സ്റ്റാറുകൾ നിലനിന്നുപോയതു തന്നെ ഇന്നസെന്റിനെ പോലുള്ള ശക്തമായ ഉപകഥാപാത്രങ്ങൾ അതിൽ ഉള്ളതുകൊണ്ടാണ്. ഇന്നസെന്റ് ഇല്ലായിരുന്നെങ്കിൽ ആ സിനിമകൾക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്ന് ഓരോ പടവുമെടുത്ത് പരിശോധിക്കുന്നത് നന്നായിരിക്കും. ഇന്നസെന്റിനെ പോലൊരു കലാകാരൻ ഉയർന്നുവരാൻ ഇനിയെത്ര കാലം കാത്തിരിക്കണം!
All reactions:
426NaVeen BaLan and 425 others
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |