
പാലക്കാട്: പാർട്ടി പരിപാടികളിൽ താൻ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സസ്‌പെൻഷനായതിനാൽ മാറി നിൽക്കുന്നുവെന്നും നേതാക്കൾ പറഞ്ഞത് അനുസരിക്കുന്നുണ്ടെന്നും രാഹുൽ വ്യക്തമാക്കി. തന്നെ എംഎൽഎ ആക്കാൻ അധ്വാനിച്ചവർക്ക് വേണ്ടിയാണ് പ്രചാരണം നടത്തിയത്. കാലുകുത്തി നടക്കാൻ കഴിയുന്നതുവരെ അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെപിസിസി മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരൻ രംഗത്തെത്തിയിരുന്നു.രാഹുൽ സജീവമാകണമെന്ന് പറഞ്ഞ സുധാകരൻ രാഹുൽ നിരപരാധിയാണെന്നും അഭിപ്രായപ്പെട്ടു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയിയെന്നും അദ്ദേഹത്തിനൊപ്പം വേദി പങ്കിടുമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ കെ സുധാകരനെ ഈ പരമാർശം തള്ളി കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. രാഹുൽ നിലവിൽ സസ്‌പെൻഷനിലാണ്. നേതാക്കളോടൊപ്പം വേദി പങ്കിടാൻ രാഹുലിന് അനുമതിയില്ലെന്നും കെ മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'പാർട്ടിക്ക് കൂടുതൽ നടപടി ഇപ്പോൾ സ്വീകരിക്കാൻ കഴിയില്ല. പെൺകുട്ടി ധെെര്യമായി മുന്നോട്ടുവരട്ടെ. നിലവിൽ ചാനലിലെ ശബ്ദം മാത്രമേയുള്ളൂ. പെൺകുട്ടി മുന്നോട്ടുവന്നാൽ പൊതുസമൂഹം പിന്തുണ നൽകും. ഓരോ പ്രദേശത്തും ആരൊക്കെ പ്രചരണത്തിനിറങ്ങണമെന്ന് അവിടുത്തെ സ്ഥാനാർത്ഥികൾക്ക് തീരുമാനിക്കാം. കെ സുധാകരന്റെ അനുകൂല പരാമർശത്തിൽ പാർട്ടി അന്വേഷണം നടക്കുകയാണ്'- മുരളീധരൻ വ്യക്തമാക്കി. കൂടാതെ ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രികൾ കുറ്റക്കാരാണെന്ന് കരുതുന്നില്ലെന്നും തന്ത്രിമാരെ ചാരി യഥാർത്ഥ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കേണ്ടന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |