കൊച്ചി: ദുബായിൽ നിന്ന് കൊച്ചിയിലെത്തി ചരക്ക് ഇറക്കിയശേഷം കൊളംബോയിലേക്ക് പുറപ്പെട്ട കണ്ടെയ്നർ കപ്പലിൽ മയക്കുമരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കോസ്റ്റ്ഗാർഡിന്റെ സഹായത്തോടെ കൊച്ചിയിൽ തിരിച്ചെത്തിച്ചു.
എസ്.എം കാവേരി എന്ന കപ്പലിൽ നിന്ന് ഒരു കണ്ടെയ്നർ സംശയത്തെ തുടർന്ന് തുറമുഖത്ത് ഇറക്കി പരിശോധിച്ചു. ഒന്നും കണ്ടെത്താനാകാത്തതിനാൽ കപ്പൽ വിട്ടയച്ചെങ്കിലും എൻ.സി.ബി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കണ്ടെയ്നറിൽ ആരംഭിച്ച പരിശോധന രാത്രിയും തുടർന്നു. 34,400 പെട്ടികളിലായി 28,852 കിലോ തക്കാളി സോസാണ് കണ്ടെയ്നറിലുള്ളത്.
ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലിന്റെ ഉടമകൾ തുർക്കിയിലെ അർക്കാസ് ഷിപ്പിംഗ് കമ്പനിയാണ്. 750 കണ്ടെയ്നറുകൾ കയറ്റിയ കപ്പലിൽ അന്താരാഷ്ട്ര ലഹരിസംഘത്തിന്റേതെന്ന് കരുതുന്ന കണ്ടെയ്നറുമുണ്ടെന്നായിരുന്നു തിങ്കളാഴ്ച വൈകിട്ട് എൻ.സി.ബിക്ക് ലഭിച്ച രഹസ്യ വിവരം. അപ്പോഴേക്കും കപ്പൽ കൊല്ലം തീരത്തെത്തിയിരുന്നു. കോസ്റ്റ് ഗാർഡ് സേനാംഗങ്ങൾ കപ്പലിൽ കയറി കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. വിദഗ്ദ്ധ പരിശീലനം ലഭിച്ച നായ്ക്കളെ എത്തിച്ചും ശാസ്ത്രീയ രീതിയിലും കണ്ടെയ്നറിൽ പരിശോധന തുടരുകയാണ്.
ഒമാൻ - കൊളംബോ - മാലി
ഒമാനിൽ നിന്ന് ദുബായിലെത്തിച്ച കണ്ടെയ്നറിന്റെ ലക്ഷ്യസ്ഥാനം മാലദ്വീപാണ്. ഈജിപ്തിലേക്കടക്കം ചരക്കുകടത്ത് നടത്തുന്ന എസ്.എം കാവേരിയുടെ യാത്ര അവസാനിപ്പിക്കുന്നത് കൊളംബോയിലാണ്. ഇതിനിടെ കൊച്ചിയിലും നങ്കൂരമിടും. കൊളംബോയിൽ നിന്ന് മാലദ്വീപിലേക്ക് മറ്രൊരു കപ്പലിലാണ് കണ്ടെയ്നർ കയറ്റിവിടേണ്ടത്.
ശ്രീലങ്ക വഴി ഇന്ത്യ
ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ അതിർത്തികളിൽ പരിശോധന കടുപ്പിച്ചതോടെ ഈ മാർഗമുള്ള ഹെറോയിൻ കടത്ത് അസാദ്ധ്യമായി. ശ്രീലങ്കയിൽ നിന്ന് ബോട്ടുമാർഗം തമിഴ്നാട്ടിലെ ചെറുപട്ടണങ്ങളിൽ എത്തിച്ച് റോഡിലൂടെ മുംബയ്, കൊച്ചി, ഡൽഹി, ബംഗളൂരു, ഗോവ എന്നീ നഗരങ്ങളിലേക്ക് കടത്തുകയാണ് പുതിയ രീതി.
പതിവ് പരിശോധനയുടെ ഭാഗമായുള്ള നടപടി മാത്രമാണിത്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുപറയാനാവില്ല.
എൻ.സി.ബി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |