
കൊച്ചി: 1.60ലക്ഷംരൂപ വിലയുള്ള മൊബൈൽഫോൺ തട്ടിയെടുത്ത് കടക്കാൻ ശ്രമിച്ചയാളെ ട്രെയിൻ യാത്രക്കാരൻ ഓടിച്ചിട്ടു പിടികൂടി. പൊലീസിന്റെ തുടർപരിശോധനയിൽ ട്രെയിനുകളിൽനിന്ന് മോഷണംപോയ സ്വർണ ചെയിനുകളുൾപ്പെടെ ഇയാളിൽനിന്ന് കണ്ടെടുത്തു.
പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി മൈനുദ്ദീനെയാണ് (50) എറണാകുളം റെയിൽവേ എസ്.എച്ച്.ഒ എ. നിസാറുദ്ദീന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ടാറ്റാനഗർ എക്സ്‌പ്രസ് ട്രെയിനിന്റെ മുൻവശത്തെ ജനറൽ കോച്ചിന്റെ വാതിൽപ്പടിയിലിരുന്ന് സഞ്ചരിച്ച പാലക്കാട് കൊടുമ്പ് കരിങ്കരപ്പള്ളി സ്വദേശി മുഹമ്മദ് ആദിലിന്റെ (21) ആപ്പിൾ ഐഫോണാണ് തട്ടിയെടുത്തത്. എറണാകുളം കുമ്പളത്തെ റെസ്റ്റോറന്റിൽ പർച്ചെയ്സ് മാനേജരായ ആദിൽ പാലക്കാടുനിന്ന് എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് വരികയായിരുന്നു.
ട്രെയിൻ പുറപ്പെടാറായപ്പോഴാണ് ഫോൺ തട്ടിയെടുത്തത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച മൈനുദ്ദീനെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ ആദിൽ പിടികൂടിയപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി. ഇതേ ട്രെയിനിൽ മൈനുദ്ദീനെ എറണാകുളം സൗത്തിലെത്തിച്ച് റെയിൽവേ പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം രണ്ട് കഷ്ണങ്ങളായി മുറിച്ച സ്വർണച്ചെയിൻ കിട്ടിയത്. തൃശൂരിൽ പെയിന്റിംഗ് ജോലി ചെയ്യുകയാണെന്ന് പ്രതി പറയുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |