SignIn
Kerala Kaumudi Online
Saturday, 10 June 2023 4.00 PM IST

അന്ത്യചുംബനം നൽകാൻ മകളെ എത്തിക്കില്ലെന്ന് ഭാര്യയും കൂട്ടരും, ഒടുവിൽ കുട്ടിയെ എത്തിച്ചത് ഒരു നിബന്ധനയോടെ; പ്രവാസിയുടെ സംസ്‌കാര ചടങ്ങിന്റെ വീഡിയോ പങ്കുവച്ച് സംവിധായകൻ

baiju

അടുത്തിടെയാണ് ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും മകളെ തന്നിൽ നിന്ന് അകറ്റിയെന്നും ആരോപിച്ചുകൊണ്ടുള്ള വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് പ്രവാസി ജീവനൊടുക്കിയത്. കായംകുളം സ്വദേശിയായ ബൈജു രാജുവാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സംസ്കാരത്തിൽ നടനും സംവിധായകനുമായ എം വി പത്മകുമാർ പങ്കെടുത്തിരുന്നു.

ചടങ്ങുകൾ വീഡിയോയിൽ പകർത്തിയ പത്മകുമാർ അത് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ്. ബൈജുവിന് അന്ത്യചുംബനം നൽകാനായി മകളെ എത്തിക്കണമെന്ന് അദ്ദേഹത്തിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭാര്യയുടെ കുടുംബം അത് നിരസിച്ചു. ഒടുവിൽ പുരുഷന്മാരുടെ അവകാശങ്ങൾക്കായി പോരാടുന്ന 'മെൻസ് റൈറ്റ്സ് ഫൗണ്ടേഷനാണ് കുട്ടിയെ എത്തിക്കാനുള്ള നടപടികൾ ചെയ്തതെന്ന് സംവിധായകൻ പറയുന്നു.

ജീവനൊടുക്കുന്നതിന് മുൻപ് പത്മകുമാറിനും ബൈജു തന്റെ പ്രശ്നങ്ങളെല്ലാം പറഞ്ഞുകൊണ്ട് മെസേജ് അയച്ചിരുന്നു. എന്നാൽ അത് പത്മകുമാർ കാണുന്നതിന് മുൻപ് തന്നെ പ്രവാസി ജീവനൊടുക്കിയിരുന്നു. ഈ സന്ദേശത്തിനുള്ള മറുപടി എന്ന രീതിയിലുള്ള വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.


സംവിധായകന്റെ വാക്കുകൾ
പ്രിയപ്പെട്ട ബൈജു, അവസാനമായി കഴുത്തിൽ കുരുക്ക് മുറുകുന്നതിന് മുൻപായി ലോകത്തോട് ചിലത് വിളിച്ചുപറയാൻ നിങ്ങൾ തിരഞ്ഞെടുത്ത വ്യക്തികളിൽ ഞാനുമുണ്ടായിരുന്നല്ലോ...ഒരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങളെ എനിക്ക് കാണണെന്ന് തോന്നിയതുകൊണ്ടാണ് സംസ്‌കാര ചടങ്ങിനെത്തിയത്. വലിയ ആൾക്കൂട്ടമൊന്നും വീട്ടുമുറ്റത്തില്ലായിരുന്നു.

ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനത്താൽ ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെ വീടായിരുന്നെങ്കിൽ ഇന്നിവിടെ ജനസമുദ്രമായേനെ. മരണമൂകത തളം കെട്ടിക്കിടക്കുന്ന ആ വീടിന്റെ പരിസരത്ത് എല്ലാവരും ആരെയോ കാത്തിരിക്കുന്നതായി എനിക്ക് തോന്നി. ഏഴ് വർഷം ജീവനുതുല്യം സ്‌നേഹിച്ച് വളർത്തിയ മകളെ ഒരുനോക്ക് കാണാൻ നിങ്ങൾ ഒരുപാട് ശ്രമിച്ചെന്ന് കത്തിൽ പറഞ്ഞിരുന്നല്ലോ.

അന്ന് കുരുക്ക് മുറുകി പിടഞ്ഞ് തീർന്നപ്പോഴും മകളെ കാണണമെന്ന ആഗ്രഹം മായാതെ ശരീരത്തിൽ ഉറഞ്ഞുകിടക്കുന്നുണ്ടല്ലേ...ഈ മൊബൈൽ മോർച്ചറിയിൽ ആ ആഗ്രഹവും പേറിയാണ് ബൈജു കിടക്കുന്നതെന്ന് എനിക്കറിയാം. തലയ്ക്ക് മുകളിൽ ഞാൻ കണ്ടു മകളുമൊത്തുള്ള ഫോട്ടോകൾ. ഭാര്യയും ഭാര്യവീട്ടുകാരും അവസാനമായി മകളെ നിങ്ങളുടെയടുത്തെത്തിക്കില്ലെന്ന വാശിയിലാണ് പോലും. അവസാനം മകളെ നിങ്ങളെ കാണിക്കുന്നതിന് അവർ എന്തിന് തടഞ്ഞുവെന്നത് എന്നെ വളരെ വേദനിപ്പിച്ചു ബൈജു. എന്നെ മാത്രമല്ല, അവിടെ നിന്ന ഓരോരുത്തരെയും.

അവരുടെ വാദം നിങ്ങളെ കിടത്തിയിരിക്കുന്ന ഈ സ്ഥലം സംഘർഷഭരിതമാണെന്നാ...സംഘർഷമുള്ള സ്ഥലത്ത് അയച്ചാൽ കുട്ടി പേടിക്കും പോലും, ഒരു സംഘർഷവും ഇല്ലായിരുന്നു. നല്ലവരായ കുറച്ചാൾക്കാർ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ.

പലരും കാലുപിടിച്ചു, അവർ സമ്മതിച്ചില്ല. പൊലീസിൽ പരാതിപ്പെട്ടു,അവർ കൈയൊഴിഞ്ഞു. മകൾ വന്ന് കവിളിൽ അന്ത്യചുംബനം നൽകുമെന്നോർത്ത് നിങ്ങൾ തണുത്തുറഞ്ഞ് കിടന്നപ്പോൾ പുറത്ത് എല്ലാവരും ശ്രമിക്കുകയായിരുന്നു. മകൾ വരുന്നതുവരെ നിങ്ങൾക്കായി കാത്തിരിക്കാൻ എല്ലാവരും തയ്യാറായിരുന്നു. കൊണ്ടുവരില്ലെന്ന് അവർ പലരെക്കൊണ്ടും ആവർത്തിച്ച് പറയിച്ചു. അവസാനം മകളെ കാണിക്കാതെ നിങ്ങളെ മടക്കി അയക്കാൻ എല്ലാവരും തീരുമാനിച്ചു.

എല്ലാവരും വിങ്ങുന്ന ഹൃദയത്തോടെ നിങ്ങൾക്ക് അന്ത്യചുംബനം നൽകി. ഞാൻ നിങ്ങളുടെ മുഖത്തേക്ക് നോക്കി, ഞാൻ കണ്ടു നിങ്ങളുടെ കണ്ണിന്റെ ഓരത്തെ നനവ്. നിങ്ങളുടെ ശരീരം മണ്ണിട്ട് മൂടാൻ കുഴി തയ്യാറായിക്കഴിഞ്ഞു. മകൾ വരില്ല, ആരും കൊണ്ടുവരില്ലെന്നറിഞ്ഞ് നിസഹായരായ ആളുകൾ പുറത്തെടുത്ത് നിങ്ങളെ ആംബുലൻസിൽ കിടത്തിയത് ഓർമയില്ലേ?

കുട്ടിയെ വിട്ടുതരില്ലെന്ന വാശിയിൽ അമ്മയും കൂട്ടരും, കൊണ്ടുവരാൻ അവസാന ശ്രമം നടത്തുന്ന ബന്ധുക്കൾ...ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുട്ടിയെ കൊണ്ടുവരില്ലെന്ന വാശി വിജയിക്കുന്ന ഘട്ടത്തിലെത്തി. പിന്നെ വാശിയായി, വാശിയല്ല നിങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം. അവിടെ ചുവന്ന ബനിയനിട്ട കുറച്ച് ആൾക്കാരുണ്ടായിരുന്നു. ബൈജുവിനെപ്പോലെ പെണ്ണിന്റെ വാശിയിൽ സ്വയം കുരുക്ക് മുറുകുന്നതിന് മുൻപ് ജീവിതത്തിലേക്ക് തിരിച്ചുകയറിയവരുടെ കൂട്ടായ്മ 'മെൻസ് റൈറ്റ്സ് ഫൗണ്ടേഷൻ'.അവർ ഉണർന്നു. വിളിക്കേണ്ടവരെ വിളിച്ചു. നിയമത്തിന്റെ എല്ലാ വശങ്ങളും കൊണ്ട് പോരാടി. പോരാട്ടത്തിൽ അവർ പെണ്ണിന്റെ വാശിക്ക് മുന്നിൽ വേലികെട്ടിയടച്ചു.

പോകാൻ വരട്ടെ മകൾ വരുന്നുണ്ടെന്ന് ഒരാൾ ഓടിവന്ന് പറഞ്ഞു. ബാലാവകാശ കമ്മീഷന്റെയും പൊലീസിന്റെയും ശക്തമായ ഇടപെടലിൽ മകളെ എത്തിക്കാമെന്ന് അവർക്ക് സമ്മതിക്കേണ്ടി വന്നു. ജയിച്ചു ബൈജു, നിങ്ങൾ ജയിച്ചു. അരികിലേക്ക് മകളെത്തുന്നു. ബൈജുവിന് അവസാനം ഉറങ്ങേണ്ട ആരടി മണ്ണിൽ മകളെ എത്തിക്കാമെന്ന ഉറപ്പിൽ ആംബുലൻസ് നീങ്ങി.

പള്ളിയിൽ നിങ്ങൾക്ക് വേണ്ടിയുള്ള അവസാന ശുശ്രൂഷ നടക്കുകയാണ്. എനിക്കറിയാം നിങ്ങൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മകളെ കാണാനായിരുന്നു തിടുക്കം. പുറത്ത് ആൾക്കാരും അക്ഷമരായി കാത്തിരിക്കുകയാണ്. ആരൊക്കെയോ എവിടെനിന്നൊക്കെയോ ചില ആജ്ഞകൾ പുറപ്പെടുവിക്കുകയാണ്. ഒരച്ഛന്റെ അരികിൽ മകളെ എത്തിക്കാൻ എന്തിനാണിത്ര ആജ്ഞകൾ, എന്തിനാണിത്ര ഒരുക്കങ്ങൾ. അവസാനം ഒരറിയിപ്പ് വന്നു. ഞങ്ങളാരും നിങ്ങളുടെ മകളെ കാണരുത്.അച്ഛന് മകൾ കൊടുക്കുന്ന അവസാന ചുംബനം ലോകത്തെ കാണിക്കരുത്. മകൾ പേടിക്കുംപോലും. ക്യാമറയ്ക്ക് പിന്നിലുള്ള ശരീരങ്ങൾ പുറത്ത്. അവർ മനസിലാക്കിയില്ല, ഞങ്ങളാണ് ഇത്രയൊക്കെ എത്തിച്ചതെന്ന്. ഞങ്ങൾ അവരെ കാണില്ലെന്ന് പറഞ്ഞു. അവസാനം അവരെത്തി...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRAVASI BAIJU RAJU, FB, M B PADMAKUMAR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.