
ന്യൂഡൽഹി: തിരക്കും ബഹളവും തർക്കങ്ങളും നിറഞ്ഞ നഗരജീവിതത്തിനിടയിൽ മനുഷ്യത്വത്തിന്റെ ചില പാഠങ്ങൾ ശ്രദ്ധ നേടാറുണ്ട്. അത്തരമൊരു സംഭവമാണ് ശ്രദ്ധേയമാകുന്നത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് ഫോൺ പേ വഴി പണം നൽകാമെന്ന് കരുതി ലൊക്കേഷനിൽ എത്തിയപ്പോൾ തന്റെ ഫോൺ ചാർജ് തീർന്ന് സ്വിച്ച് ഓഫ് ആയി. സാഹചര്യം മനസിലാക്കിയ ഡ്രൈവർ കാശ് വാങ്ങാതെ പുഞ്ചിരിയോടെ മടങ്ങിയതാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.
ഡൽഹിയിൽ താമസിക്കുന്ന യുവാവാണ് ഇത്തരമൊരു വേറിട്ട അനുഭവം റെഡ്ഡിറ്റിലൂടെ പങ്കുവച്ചത്. രാത്രി ഒരുപാട് വൈകിയതിനാൽ വീട്ടിലേക്ക് മടങ്ങാൻ ടാക്സി നോക്കിയെങ്കിലും കിട്ടിയില്ല. ഒടുവിൽ മീറ്റർ ചാർജിൽ പോകാൻ സമ്മതിച്ച ഓട്ടോറിക്ഷയിൽ യുവാവ് കയറുകയായിരുന്നു. യാത്രയ്ക്കിടയിലാണ് തന്റെ പേഴ്സിൽ പണമില്ലെന്ന കാര്യം അയാൾ ശ്രദ്ധിക്കുന്നത്. ഫോൺ പേ വഴി പണം നൽകാമെന്ന് കരുതി ലൊക്കേഷനിൽ എത്തിയപ്പോൾ തന്റെ ഫോൺ ചാർജ് തീർന്ന് സ്വിച്ച് ഓഫ് ആയി. നടുറോഡിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷത്തെക്കുറിച്ചായിരുന്നു യുവാവിന്റെ അനുഭവം.
'എന്റെ ഹൃദയം നടുങ്ങി. രാത്രിയിൽ കോളനി ഗേറ്റിന് മുന്നിൽ നിൽക്കുകയായിരുന്നു ഞാൻ. പണം നൽകാൻ ഒരു വഴിയുമില്ല. ഡ്രൈവർ എന്നെ വഴക്കു പറയുമെന്നും കബളിപ്പിക്കുകയാണെന്ന് കരുതുമെന്നും ഞാൻ പേടിച്ചു. വീട്ടിൽ പോയി പണം എടുത്തു വരാമെന്ന് അദ്ദേഹത്തോട് ഞാൻ പറഞ്ഞു.
എന്നാൽ എന്നെ അത്ഭുതപ്പെടുത്തി ഡ്രൈവർ ചിരിച്ചുകൊണ്ട് 'സാരമില്ല അനിയാ, നിങ്ങൾ വീട്ടിൽ പൊയ്‌ക്കോളൂ... എന്നായിരുന്നു മറുപടി പറഞ്ഞത്. പണം നൽകാതെ പോകില്ലെന്ന് നിർബന്ധം പിടിച്ചെങ്കിലും, 'മറ്റൊരിക്കൽ കാണുമ്പോൾ നൽകിയാൽ മതി, അല്ലെങ്കിൽ ഈ പണം കൊണ്ട് മറ്റാരെയെങ്കിലും സഹായിക്കൂ' എന്ന് പറഞ്ഞ് അദ്ദേഹം വണ്ടി ഓടിച്ചു പോകുകയായിരുന്നു. 150 രൂപയാണ് ഒരു മടിയും കൂടാതെ ആ മനുഷ്യൻ വേണ്ടെന്ന് വച്ചത്. ഡൽഹിയിലെ തിരക്കേറിയ ജീവിതത്തിനിടയിലും ഇത്തരം നന്മയുള്ള മനുഷ്യർ നമുക്ക് പ്രതീക്ഷ നൽകുന്നു.'- യുവാവ് കുറിച്ചു.
സ്വന്തം കൈയിൽ അധികമൊന്നുമില്ലാത്തവരാണ് പലപ്പോഴും ലോകത്ത് ഏറ്റവും കൂടുതൽ നൽകുന്നതെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രതികരണം. കഷ്ടപ്പാടുകൾക്കിടയിലും ഓട്ടോ ഡ്രൈവർ കാണിച്ച വലിയ മനസിനെ ആയിരക്കണക്കിന് പേരാണ് പ്രശംസിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |