ഏഥൻസ് : ഇസ്രയേലികളെയും, ജൂതൻമാരെയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനയിലെ രണ്ട് പേർ പിടിയിൽ. പാക് പൗരൻമാരായ ഭീകരരെ ഗ്രീസ് പൊലീസാണ് പിടികൂടിയത്. ഇസ്രയേൽ ചാര സംഘടനയായ മൊസാദാണ് ഭീകരരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. ചൊവ്വാഴ്ചയാണ് പാകിസ്ഥാനികൾ പിടിയിലായത്.
ഭീകരരെ അറസ്റ്റ് ചെയ്ത വിവരം ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് പ്രസ്താവനയും ഇറക്കി. ഇറാനിൽ നിന്നും ഭീകര ശൃംഘലയുടെ ഭാഗമായാണ് ഇവർ പ്രവർത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിദേശത്തുള്ള ഇസ്രായേലികളെയും, ജൂതരെയും ലക്ഷ്യം വച്ചുള്ള ഇറാന്റെ ശ്രമമാണ് പരാജയപ്പെടുത്തിയതെന്ന് പ്രസ്താവനയിൽ പറയുന്നു. ഗ്രീസിൽ ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരെ കണ്ടെത്തുകയും, അവരുടെ പ്രവർത്തന രീതികൾ, ഇറാനുമായുള്ള ബന്ധം തുടങ്ങിയവ എല്ലാം മൊസാദ് നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവരങ്ങൾ ഗ്രീസിലെ പൊലീസ് സംവിധാനങ്ങൾക്ക് കൈമാറിയത്.
ഇരുപത്തിയേഴും, ഇരുപത്തിയൊമ്പതും വയസുള്ളവരാണ് പിടിയിലായ പാകിസ്ഥാനികൾ. പ്രതികളെ സെൻട്രൽ ഏഥൻസിലെ പോലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് വിധേയരാക്കി. ഇവരിൽ നിന്നും മൂന്നാമനെ കുറിച്ചുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്. രാജ്യത്തെ സുരക്ഷിതത്വബോധം തകർക്കാനാണ് അറസ്റ്റിലായവർ ശ്രമിച്ചതെന്ന് ഗ്രീക്ക് പോലീസ് പറഞ്ഞു. ഗ്രീസിൽ ആക്രമണം നടത്താനുള്ള സ്ഥലമുൾപ്പടെ ഭീകരർ തിരഞ്ഞെടുത്തിരുന്നു. ആക്രമണത്തിനായി ആസൂത്രണവും നടത്തി. ആക്രമണം നടത്താനുള്ള അന്തിമ നിർദ്ദേശം ഇവർക്ക് ലഭിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
ടെഹ്റാനിലെ ആയത്തുള്ള ഭരണകൂടം മിഡിൽ ഈസ്റ്റിലേക്കും മെഡിറ്ററേനിയനിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഭീകരത കയറ്റുമതി ചെയ്യുകയാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി എലി കോഹൻ പറഞ്ഞു. ഇറാൻ എവിടെയൊക്കെ പ്രവർത്തിക്കാൻ ശ്രമിച്ചാലും ഞങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ മൊസാദ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരരെ അറസ്റ്റ് ചെയ്തതിന് അദ്ദേഹം ഗ്രീസിനോട് നന്ദിയും രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |