ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗ് ഉടൻ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ചുള്ള സൂചന പഞ്ചാബ് പൊലീസിന് ലഭിച്ചതിനെ തുടർന്ന് സുവർണ ക്ഷേത്രത്തിലുൾപ്പെടെ സുരക്ഷ ശക്തമാക്കി. ഉപാധികളോടെയാകും കീഴടങ്ങലെന്നാണ് റിപ്പോർട്ട്. കീഴടങ്ങും മുമ്പ് ഇയാൾ വേഷം മാറി സുവർണ ക്ഷേത്രത്തിലെത്തിയേക്കുമെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. ക്ഷേത്രത്തിന് പുറത്ത് പ്രത്യേക രഹസ്യാന്വേഷണ സംഘത്തെ വിന്യസിച്ചു.
സ്ത്രീവേഷത്തിൽ അമൃത്പാൽ ദർബാർ സാഹിബ് സമുച്ചയത്തിലെത്താനും സാദ്ധ്യതയുണ്ട്. സമീപ നഗരങ്ങളിലെ സിഖ് ആരാധനാലയങ്ങളിലെത്താനുള്ള സാദ്ധ്യതയുമുണ്ടെന്ന് പൊലീസ് പറഞ്ഞു. അമൃത്സർ, ബട്ടിൻഡ, അനന്ത്പൂർ സാഹിബ് ഹോഷിയാർപൂർ എന്നിവിടങ്ങളിൽ പൊലീസ് അതീവ ജാഗ്രത പുലർത്തുകയാണ്. ബൈസാഖി വേളയിലെ സർബത്ത് ഖൽസ പരിപാടിയിൽ ഒത്തുചേരണമെന്ന അമൃത്പാലിന്റെ ആഹ്വാനവും പഞ്ചാബിൽ ആശങ്കയുയർത്തി.
ഇതിനിടെ ഹോഷിയാർപൂരിൽ അമൃത്പാലിനായുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി 7.30ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പുഞ്ചൻ രജിസ്ട്രേഷനുള്ള ഇന്നോവ കാറിനെ പിന്തുടർന്നപ്പോൾ അതിലുണ്ടായിരുന്ന മൂന്ന് പേർ ഫഗ് വാര - ഹോഷിയാർപൂർ റോഡിലെ ഭായ് ചഞ്ചൽ സിംഗ് ഗുരുദ്വാരയ്ക്ക് സമീപമിറങ്ങി രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ സംശയാസ്‌പദമായ രീതിയിൽ കാറിൽ പോയ രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു.
യു ട്യൂബിൽ അമൃത്പാൽ സിംഗ്
അമൃത്പാൽ സിംഗ് ഇന്നലെ യൂ ട്യൂബ് വീഡിയയിലൂടെയാണ് വലിയ ലക്ഷ്യത്തിനായി ലോകത്തെമ്പാടുമുള്ള സിഖുകാർ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ടത്. മാർച്ച് 18ന് തനിക്കെതിരെ ആരംഭിച്ച പൊലീസ് നടപടിക്ക് ശേഷം നടന്ന സംഭവങ്ങളും വിശദീകരിച്ചു. 'പഞ്ചാബിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നാം ഒന്നിച്ചു നിൽക്കണം. സർക്കാർ നമ്മെ വഞ്ചിച്ചതെങ്ങനെയെന്ന് മനസിൽ സൂക്ഷിക്കണം. നമ്മുടെ നിരവധി സഖാക്കളെ എൻ.എസ്.എ ചുമത്തി അറസ്റ്റ് ചെയ്തു. എന്റെ പല സഖാക്കളെയും അസാമിലേക്ക് അയച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ബൈശാഖിയുടെ അവസരത്തിൽ ഒത്ത് കൂടാൻ ഞാൻ എല്ലാ സിഖ്കാരോടും അഭ്യർത്ഥിക്കുന്നത്"- അമൃത്പാൽ പറഞ്ഞു. എന്നാൽ വീഡിയോ എപ്പോഴാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |