SignIn
Kerala Kaumudi Online
Saturday, 26 September 2026 8.23 PM IST

ഇസ്രയേലിലേക്കെന്ന് പറഞ്ഞ് ജോർദാനിലെത്തിക്കും, 'ഗഫൂർ കാ ദോസ്ത്' മാതൃകയിൽ  മലയാളികളിൽ നിന്ന്  അഞ്ച് കോടിയോളം തട്ടിയ  സാൻജോ ജോസഫ്  പിടിയിൽ

sanjo-joseph-

തൊടുപുഴ: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ടൂർ പാക്കേജിന്റെ മറവിൽ ആളുകളെ കടത്തിയും കോടികൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പറവൂർ കൂനമ്മാവ് വെട്ടിക്കൽ സാൻജോ ജോസഫിനെയാണ് (38) തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. റോസരി ട്രാവൽസ് ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ മറവിൽ സാൻജോ അമ്പതോളം പേരിൽ നിന്ന് പണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. തൊടുപുഴയിലും ആലുവയിലും പ്രവർത്തിച്ചു വന്നിരുന്ന സ്ഥാപനങ്ങളിലായി അഞ്ചു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് സൂചന. ഇസ്രയേലിലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ടൂർ പാക്കേജ് ഒരുക്കിയാണ് ഇടപാടുകാരെ ആകർഷിച്ചിരുന്നത്. ഇതിനായി ഒന്നര മുതൽ ഒന്നേമുക്കാൽ ലക്ഷം രൂപയാണ് ഒരോരുത്തരിൽ നിന്ന് വാങ്ങുന്നത്. ഇതിൽ പങ്കെടുക്കുന്നവരിൽ ഇസ്രയേലിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്കാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്. ഇവരിൽ നിന്ന് ആറു മുതൽ എട്ട് ലക്ഷം രൂപ വരെ ഇയാൾ കൈപ്പറ്റിയിരുന്നു.


പണം നൽകുന്നവരെ ഗ്രൂപ്പുകളായി ജോർദാനിലെത്തിച്ച് അവിടെ നിന്ന് ഇസ്രയേലിലേക്ക് കടത്താനായിരുന്നു ഇയാളുടെ പദ്ധതി. പ്രതിയുടെ വാക്ക് വിശ്വസിച്ച് ജോർദാനിലെത്തിയവരെ ഇയാൾ തന്ത്രപൂർവം തിരിച്ചയക്കുകയായിരുന്നു. തുടർന്നാണ് പണം നൽകിയവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അടുത്ത മാസം വിദേശത്തേയ്ക്ക് കടക്കാനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നതിനിടെ കോട്ടയത്ത് വച്ചാണ് സാൻജോ ജോസഫ് പൊലീസിന്റെ പിടിയിലായത്. അന്വേഷണം നടത്തുന്നതിനിടെ പ്രതിയുടെ കെ എൽ 38 ജെ 8249 കാറിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ കോട്ടയത്തിന് സമീപം പൊലീസിന്റെ കാമറയിൽ പ്രതിയുടെ വാഹനം പതിഞ്ഞു. തുടർന്ന് ഇവിടെ വച്ച് കോട്ടയം വെസ്റ്റ് സി ഐയുടെ സഹായത്തോടെയാണ് തൊടുപുഴ പൊലീസ് പ്രതിയെ പിടികൂടിയത്.

തൊടുപുഴയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് പണം അക്കൗണ്ടിലൂടെ ലഭ്യമാക്കിയ സാൻജോയുടെ ബന്ധുക്കളെകുറിച്ചും പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പല ജില്ലകളിലും ആളുകൾ തട്ടിപ്പിനിരയായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് സി ഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു. ഇയാളുടെ കാളിയാറുള്ള ഭാര്യ വീട്ടിൽ നടത്തിയ പരിശോധനയിൽ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 160 പേരുടെ വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയുടെ തൊടുപുഴ വടക്കുംമുറിയിലെ അടഞ്ഞു കിടക്കുന്ന ഓഫീസിൽ ഇന്നലെ പൊലീസ് പരിശോധന നടത്തി. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, JORDAN, ISRAEL, SANJO JOSEPH, JOB SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY