ന്യൂഡൽഹി: 2019ലെ അപകീർത്തിക്കേസിൽ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കപ്പെടുകയും രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ അപ്പീൽ നൽകും. ഗുജറാത്തിലെ സൂറത്ത് സെഷൻസ് കോടതിയിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകുമെന്നാണ് വിവരം.
തന്നെ ശിക്ഷിച്ച മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കണമെന്ന് ഹർജിയിൽ രാഹുൽ സെഷൻസ് കോടതിയോട് ആവശ്യപ്പെടുന്നു. കേസ് തീർപ്പാക്കുന്നതുവരെ ശിക്ഷയ്ക്ക് ഇടക്കാല സ്റ്റേ നൽകണമെന്നും ഹർജിയിലുണ്ട്.
2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ വച്ചാണ് രാഹുൽ കേസിനാധാരമായ പ്രസംഗം നടത്തിയത്. മോദിയെന്ന പേര് കള്ളന്മാർക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. ഇതിനെതിരെ ബി ജെ പി എം എല്‍ എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. രാഹുലിന്റെ പരാമർശം മോദി എന്ന് പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.
തുടർന്ന് ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രാഹുൽ ഗാന്ധിയ്ക്ക് രണ്ടു വർഷം തടവുശിക്ഷയും 15000 രൂപ പിഴയും വിധിച്ചു. അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശവും കോടതി നൽകി. സൂററ്റ് കോടതിയുടെ ശിക്ഷാ വിധി വന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രാഹുലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. അതോടെ രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാവുകയായിരുന്നു. ശിക്ഷാ വിധിക്ക് സ്റ്റേ വന്നില്ലെങ്കിൽ രാഹുലിന് രണ്ടു വർഷം ശിക്ഷ അടക്കം എട്ടു വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. 2024, 2029 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാവാതെ വരും. ശിക്ഷാ വിധി മേൽക്കോടതി സ്റ്റേ ചെയ്യുകയോ അപ്പീലിൽ അനുകൂല വിധി നൽകുകയോ വിധി റദ്ദാക്കിയില്ലെങ്കിലും ശിക്ഷ രണ്ട് വർഷത്തിൽ കുറയ്ക്കുകയോ ചെയ്താൽ രാഹുലിന്റെ അയോഗ്യത ഒഴിവാകും.
രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദായെങ്കിലും തത്‌കാലം വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് പരിഗണിച്ചതെന്നും, രാഹുൽ ഗാന്ധിക്ക് അപ്പീൽ നൽകാൻ വിചാരണക്കോടതി 30 ദിവസത്തെ സമയം നൽകിയതിനാൽ,അതുവരെ കാത്തിരിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ വിശദീകരിച്ചു. ഒരു സീറ്റിൽ ഒഴിവു വന്നാൽ ഉപതിരഞ്ഞെടുപ്പിന് ആറു മാസത്തെ സാവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |