
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീവച്ച സംഭവത്തിൽ അന്വേഷണം നോയിഡ സ്വദേശിയിലേക്ക് പൊലീസ് കേന്ദ്രീകരിക്കുന്നു. അതേസമയം, തീവ്രവാദി ആക്രമണം എന്ന വാദത്തെ എൻ.ഐ.ഐ തള്ളുന്നില്ല.
2017മാർച്ചിൽ ഭോപ്പാൽ- ഉജ്ജയിൻ പാസഞ്ചർ ട്രെയിനിൽ സ്ഫോടനം നടത്തിയ ഐസിസ് ബന്ധമുള്ള യുവാക്കൾ അതിന് രണ്ടുമാസം മുൻപ് കോഴിക്കോട്ടെത്തി ദിവസങ്ങൾ തങ്ങിയതായി എൻ.ഐ.എ കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് എൻ.ഐ.എ നീങ്ങുന്നത്.
സമാന സ്വഭാവമുള്ള സംഭവങ്ങൾ ആവർത്തിക്കുമെന്ന് ആശങ്കയുള്ളതിനാൽ ട്രെയിനുകളിൽ സുരക്ഷാ പരിശോധന കർശനമാക്കി.
സംസ്ഥാന പൊലീസിലെ രണ്ട് സി.ഐമാരടങ്ങുന്ന നാലംഗസംഘം പ്രതിയുടെ വിവരങ്ങൾ ശേഖരിക്കാൻ ഇന്ന് നോയിഡയിലേക്ക് തിരിക്കും. കൃത്യം നിർവഹിക്കാൻ മാത്രമായി ഇയാൾ കേരളത്തിലെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതി കേരളം വിട്ടതായി സ്ഥിരീകരിച്ചിട്ടില്ല. ഇയാളുടെ വീട്ടിലെത്തി ഡൽഹി പൊലീസ് തെളിവെടുത്തു. കേരളത്തിൽ നിന്നുള്ള റെയിൽവേ പൊലീസും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ഇന്നലെ കണ്ണൂരിലെത്തിയ എൻ.ഐ.എ സംഘം ആക്രമണമുണ്ടായ രണ്ട് കോച്ചുകളിൽ പരിശോധന നടത്തി. ഫോറൻസിക് പരിശോധനാ ഫലവും തേടിയിട്ടുണ്ട്. പ്രതി ഉപേക്ഷിച്ചതെന്ന് സംശയിക്കുന്ന ബാഗിലുണ്ടായിരുന്ന കുറിപ്പുകളും സാധനങ്ങളുമടക്കം പരിശോധിച്ചു. എൻ.ഐ.എയുടെ സൈബർ ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക അന്വേഷണവും പുരോഗമിക്കുകയാണ്.
സംഭവം നടന്ന എലത്തൂർ റെയിൽവേ ട്രാക്കിനുസമീപം കണ്ടെത്തിയ ബാഗിലെ ഡയറിക്കുറിപ്പിലെ വിവരങ്ങളുടെ ചുവടുപിടിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്.
ബാഗിൽ നിന്നു കിട്ടിയ ഫോൺ സൈബർപൊലീസ് പരിശോധിച്ചു. മാർച്ച് 31ന് ഡൽഹിയിൽ ഫോൺ സ്വിച്ച് ഓഫായിട്ടുണ്ട്. കേരളത്തിലേക്ക് കോൾ വന്നതായി കണ്ടെത്തിയിട്ടില്ല.
അതേസമയം, മാർച്ച് 31 മുതൽ മകനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് ഡൽഹി പൊലീസിനെ സമീപിച്ചെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. രേഖാചിത്രത്തിന് മകനുമായി സാമ്യമുണ്ടെങ്കിലും ദക്ഷിണേന്ത്യയിലേക്ക് പോകാൻ സാദ്ധ്യതയില്ലെന്നാണ് പിതാവിന്റെ പ്രതികരണം. യു.പിയിലെ ബുലന്ദ് ഷഹറിൽ ഇതേപേരുള്ള യുവാവിനെ എ.ടി.എസ് കസ്റ്റഡിയിലെടുത്തെങ്കിലും കേരളത്തിലെ സംഭവവുമായി ബന്ധമില്ലെന്ന് കണ്ട് വിട്ടയച്ചു.
ഉടൻ പിടികൂടും:എ.ഡി.ജി.പി
അന്വേഷണം പുരോഗമിക്കുകയാണെന്നും സൂചനകളൊന്നും ഇപ്പോൾ പറയാനാവില്ലെന്നും പ്രത്യേക അന്വേഷണസംഘത്തലവൻ എഡി.ജി.പി എം.ആർ അജിത് കുമാർ പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടാനാവുമെന്നാണ് കരുതുന്നത്. കേരളത്തിനകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.നടക്കാവ് ഐ.ജി ഓഫീസിൽ സംഘത്തിലുള്ള 18 പേരുടെയും യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്ടെയും കൊച്ചിയിലെയും പ്രദേശങ്ങളിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും രേഖാചിത്രത്തോട് സാമ്യമുള്ള ആരെയും നാട്ടുകാരോ അന്യസംസ്ഥാനതൊഴിലാളികളോ തിരിച്ചറിഞ്ഞിട്ടില്ല.
മതസ്പർദ്ധപോസ്റ്റുകൾ
പ്രചരിപ്പിച്ചാൽ കേസ്
ട്രെയിൻ തീവയ്പ് കേസിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |