തിരുവനന്തപുരം: ബംഗളൂരു എച്ച്.സി.ജി ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യ പുരോഗതി ആരാഞ്ഞ് നടൻ മോഹൻലാൽ. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മോഹൻലാലിന്റെ വിളിയെത്തിയത്. പിന്നീട് സംഭാഷണം വീഡിയോ കോളിലേക്ക് മാറി.10 മിനിട്ടോളം ഇരുവരും സൗഹൃദ സംഭാഷണം നടത്തി.
ആരോഗ്യ സ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെയാണ് ലാൽ ഏറെയും ചോദിച്ചത്. ലാലിന്റെ പുതിയ സിനിമാ വിശേഷങ്ങൾ ഉമ്മൻചാണ്ടിയും അന്വേഷിച്ചു. ഉമ്മൻചാണ്ടിയുടെ ബന്ധു കൂടിയായ ചലച്ചിത്ര നിർമാതാവ് സെഞ്ച്വറി കൊച്ചുമോനോട് ലാൽ ഇടയ്ക്കിടെ ഉമ്മൻചാണ്ടിയുടെ ആരോഗ്യ സ്ഥിതിയെപ്പറ്റി അന്വേഷിക്കുന്നുണ്ടായിരുന്നു. കൊവിഡ് കാലത്തും മോഹൻലാൽ ഉമ്മൻചാണ്ടിയെ വിളിച്ച് ക്ഷേമാന്വേഷണം നടത്തി.
ഇമ്യൂണോ തെറാപ്പി ചികിത്സ തുടരുന്ന ഉമ്മൻചാണ്ടിയുടെ ആരോഗ്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ദിവസവും വൈകിട്ട് കുറെ സമയം അദ്ദേഹം പുറത്തിറങ്ങി നടക്കാറുണ്ടെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ഓശാന ദിവസമായ ഞായറാഴ്ച ജോൺസൺ മാർക്കറ്റിന് സമീപമുള്ള സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലെത്തി അല്പസമയം പ്രാർത്ഥിച്ചു. ഇപ്പോൾ നല്ല ഉന്മേഷവാനാണ്. ചികിത്സ എന്നു വരെ തുടരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞിട്ടില്ല.ഇടയ്ക്കുണ്ടായ ന്യൂമോണിയ ബാധ ഭേദപ്പെട്ട ശേഷം ഫെബ്രുവരി 12നാണ് അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. പ്രധാന വകുപ്പുകളിലെ വിദഗ്ദ്ധ ഡോക്ടർമാർ നിശ്ചിത ഇടവേളകളിൽ പരിശോധിക്കുന്നുണ്ട്. ഭാര്യ മറിയാമ്മ ഉമ്മൻ, മക്കളായ ചാണ്ടി ഉമ്മൻ,മറിയ ഉമ്മൻ,അച്ചു ഉമ്മൻ എന്നിവർ ഒപ്പമുണ്ട്. ആശുപത്രിയിൽ സന്ദർശകരെ വിലക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |