ഫോർട്ടുകൊച്ചി: ചിരട്ടപ്പാലത്തെ വീട് കൊള്ളയടിച്ച് പണവും സ്വർണാഭരണങ്ങളും ഉൾപ്പെടെ കവർന്ന കേസിൽ ഒരാൾ കൂടി പിടിയിലായി. മുല്ലവളപ്പിൽ വാടകയ്ക്ക് താമസിക്കുന്ന കൽവത്തി സ്വദേശി എം.എസ്. അബ്ദുൽ റഹീമിനെയാണ് (38) മട്ടാഞ്ചേരി അസി.കമ്മിഷ്ണർ കെ.ആർ. മനോജ്, മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ തൃതീപ്ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി ചക്കിട്ടപ്പറമ്പിൽ മുജീബിനെ (44) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞമാസം 26ന് പുലർച്ചെ ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടുകാർ കലൂർ പള്ളിയിൽ പോയ സമയത്ത് വീടിന്റെ ഒന്നാംനിലയിലെ വാതിൽ കുത്തിത്തുറന്ന് കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപയും രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും മുപ്പത്തയ്യായിരം രൂപ വിലമതിക്കുന്ന ഡിജിറ്റൽ കാമറ ഉൾപെടെയുള്ള ഉപകരണങ്ങളും കവരുകയായിരുന്നു.
ഇപ്പോൾ പിടിയിലായ പ്രതി ഫോർട്ടുകൊച്ചി കടപ്പുറത്ത് ഫുഡ് കോർട്ട് നടത്തുന്നതിനോടൊപ്പം കൊച്ചി മേഖലയിലെ സിനിമ ലോക്കേഷൻ രംഗത്തെ സെക്യൂരിറ്റി മാനേജരായും ജോലി ചെയ്യുന്നുണ്ട്. ചില സിനിമകളിൽ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്.
എസ്.ഐമാരായ കെ.ആർ. രൂപേഷ്, മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിനീഷ്, മനോജ്, മധു, എഡ്വിൻ റോസ്, സിനീഷ്, ഉമേഷ് ഉദയൻ, അനീഷ്, ജോൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിക്ക് ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി സ്റ്റേഷനുകളിൽ അടിപിടി, മയക്ക് മരുന്ന് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |