മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ അഞ്ച് ലക്ഷം കൈമാറി
മട്ടന്നൂർ(കണ്ണൂർ): എലത്തൂർ ട്രെയിൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മട്ടന്നൂർ പാലോട്ടുപള്ളിയിലെ എം.റഹ്മത്ത്,കൊടോളിപ്രം വരുവക്കുണ്ടിലെ കെ.പി.നൗഫീഖ് എന്നിവരുടെ വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഉറ്റവരുടെ വിയോഗത്തിൽ തളർന്ന കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.
തിരുവനന്തപുരത്ത് നിന്ന് ഉച്ചയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി 1.30ഓടെ പാലോട്ടുപള്ളിയിലെ റഹ്മത്തിന്റെ വീട്ടിലെത്തി ഭർത്താവ് ഷറഫുദ്ദീൻ ഉൾപ്പടെയുള്ളവരുമായി സംസാരിച്ചു. ആക്രമണത്തിൽ പൊള്ളലേറ്റ ഇവരുടെ അയൽവാസിയായ റാസിഖിലിന്റെ വിവരങ്ങളും ചോദിച്ചറിഞ്ഞു.മുഖ്യമന്ത്രിയുടെ ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു. മരണമടഞ്ഞവർക്ക് സർക്കാർ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കളക്ടർ എസ്.ചന്ദ്രശേഖർ ബന്ധുക്കൾക്ക് കൈമാറി.
ഇതിനുശേഷം വരുവക്കുണ്ടിലെ കെ.പി.നൗഫീഖിന്റെ വീടും മുഖ്യമന്ത്രി സന്ദർശിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ,പി.പുരുഷോത്തമൻ,എ.ഡി.ജി.പി. എം.ആർ.അജിത് കുമാർ,കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ,നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത്,എ.ഡി.എം.കെ.കെ.ദിവാകരൻ,കോളാരി വില്ലേജ് ഓഫീസർ കെ.ശ്രീജ തുടങ്ങിയവരും വീട്ടിലെത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇന്നലെ രാവിലെ മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |