തിരുവനന്തപുരം: സംസ്ഥാന മഹിളാ കോൺഗ്രസിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത് നേതൃതലത്തിൽ കൂടിയാലോചനയില്ലാതെയെന്ന് പരാതി. സജീവ രാഷ്ട്രീയത്തിലുള്ള പലരും തഴയപ്പെട്ടെന്ന് കാട്ടി 10 എം.പിമാർ എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് പരാതി നൽകി.
സംസ്ഥാന പ്രസിഡന്റായി ജെബി മേത്തറെ തുടരാനനുവദിച്ചുള്ള ഭാരവാഹി പട്ടികയിൽ 4 വൈസ് പ്രസിഡന്റുമാരെയും 18 ജനറൽസെക്രട്ടറിമാരെയും 14 ജില്ലാ പ്രസിഡന്റുമാരെയും നിയമിച്ചിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും സംഘടനയിൽ സജീവമായവരെ തഴഞ്ഞാണ് ജില്ലാ പ്രസിഡന്റുമാരെ നിശ്ചയിച്ചിരിക്കുന്നതെന്നാണ് പ്രധാനപ്പെട്ട ആക്ഷേപം. ഇക്കാര്യത്തിൽ മതിയായ കൂടിയാലോചനകളുണ്ടായിട്ടില്ലെന്ന് പരാതിയിൽ എം.പിമാർ ചൂണ്ടിക്കാട്ടി.
നിലവിലെ മഹിളാ കോൺഗ്രസ് നേതൃത്വത്തിലുള്ളവരും കെ.പി.സി.സി പ്രസിഡന്റും നൽകിയ പേരുകളും പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നും ആക്ഷേപമുണ്ട്. പകരം സംസ്ഥാന അദ്ധ്യക്ഷ നൽകിയ പട്ടിക മാത്രമാണത്രെ എ.ഐ.സി.സി പരിഗണിച്ചത്.
പ്രത്യേക ഫോം തയ്യാറാക്കി നിലവിലെ നേതൃത്വത്തിലുള്ളവരിൽ നിന്ന് പുതുതായി ഏറ്റെടുക്കാൻ തയ്യാറുള്ള സ്ഥാനങ്ങളെപ്പറ്റി രേഖാമൂലം എഴുതി വാങ്ങിയിട്ടാണ് പട്ടിക കെ.പി.സി.സിയിൽ നിന്ന് കൈമാറിയത്. അതൊന്നും പരിഗണിക്കപ്പെട്ടില്ലെന്നാണ് പരാതി.
ലോക്‌സഭാ തിരഞ്ഞെടുപ്പും തുടർന്ന് തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളും നടക്കാനിരിക്കെ സ്ത്രീവോട്ടർമാർ കൂടുതലുള്ള കേരളത്തിൽ മഹിളാ കോൺഗ്രസിന്റെ പ്രവർത്തനം ശക്തിപ്പെടേണ്ടത് ഏറെ പ്രധാനമാണ്. ഈയൊരു ഗൗരവം ഭാരവാഹി പ്രഖ്യാപനത്തിലുണ്ടായില്ലെന്നാണ് എം.പിമാർ ചൂണ്ടിക്കാട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |