മലപ്പുറം: വേനൽച്ചൂട് കടുത്ത് തീപിടിത്ത സാദ്ധ്യത വർദ്ധിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി അഗ്നിരക്ഷാ സേന. ജനുവരി മുതൽ കഴിഞ്ഞ ദിവസം വരെ ചെറുതും വലുതുമായ 78 അപകടങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റബർ തോട്ടങ്ങൾ, പുരയിടങ്ങൾ, പുകപ്പുരകൾ, പാടശേഖരങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ അഗ്നിക്കിരയായി. ഇതിനോടകം അഞ്ച് മനുഷ്യ ജീവനുകളും 10 ജീവികളെയും രക്ഷിക്കാൻ അഗ്നിരക്ഷാ സേനക്കായി. ചൂടിന് കാഠിന്യമേറിയതോടെ തീപിടിത്തത്തിന്റെ വ്യാപ്തിയും വർദ്ധിച്ചിട്ടുണ്ട്. ദിവസേന നാലും അഞ്ചും തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. പൊതുനിരത്തിലെ മാലിന്യ നിക്ഷേപങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ്കുറ്റികളാണ് പലപ്പോഴും അഗ്നിബാധയ്ക്ക് കാരണമാകുന്നത്. പട്ടണ പ്രദേശങ്ങളിലാണ് ചെറു തീപിടിത്തങ്ങൾ കൂടുന്നത്. തീ പടരാതിരിക്കാൻ ഫയർ ബ്രേക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം തീ കത്തിക്കണമെന്നും അഗ്നിരക്ഷാ സേന അധികൃതർ പറയുന്നു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിയമം അനുസരിച്ച് ചവറിന് തീയിടുന്നത് കുറ്റകരമാണ്. തീപിടിത്തം വർധിച്ച സാഹചര്യത്തിൽ ഫയർഫോഴ്സ് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. വേനലെത്തിയതോടെ മുൻകരുതലിന്റെ ഭാഗമായി തീപിടിത്തം പോലുള്ള സംഭവങ്ങൾ ഉണ്ടായാൽ ഉപയോഗിക്കാനുള്ള വെള്ളം അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ പ്രധാന ക്വാറികളിലെ ജലമടക്കം വിനിയോഗിക്കാൻ അധികൃതർ സംവിധാനം ഒരുക്കിയിട്ടുണ്ട്. 750 ലിറ്റർ, 4500 ലിറ്റർ, 1100 ലിറ്റർ വെള്ളം സംഭരിച്ചു വയ്ക്കുന്ന ഇത്തരം മൂന്നു വാഹനങ്ങളും സുരക്ഷാ ഉപകരണങ്ങളുമടക്കം സജ്ജമാക്കി കഴിഞ്ഞു. മഞ്ചേരി, പെരിന്തൽമണ്ണ, നിലമ്പൂർ സ്റ്റേഷനുകളിലും സംവിധാനമുണ്ട്. തീയണക്കാനായി വെള്ളത്തോടൊപ്പം ഫോമം ടെന്ററുമുണ്ട്.
പ്രധാന നിർദ്ദേശങ്ങൾ
* ഓഫീസുകളിൽ വെന്റിലേഷൻ സൗകര്യം ഉറപ്പുവരുത്തുക
* വാതിലുകൾ തുറന്നിടുക
* പാഴ് വസ്തുക്കളും കടലാസുകളും നീക്കം ചെയ്യുക
* പ്രാഥമിക അഗ്നി സുരക്ഷാ സംവിധാനം ഒരുക്കുക
* കെട്ടിടത്തിന് പുറത്ത് ശബ്ദം കേൾക്കുന്ന തരത്തിൽ അലാറം സ്ഥാപിക്കുക
* പ്രധാന ഫയലുകളും രേഖകളും ഡിജിറ്റലായി സൂക്ഷിക്കുക
* ജീവനക്കാർക്ക് പ്രാഥമിക അഗ്നിരക്ഷാ പരിശീലനം നൽകുക
* രാത്രികാല സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുക
* രക്ഷാ പ്രവർത്തനത്തിന് മാർഗ തടസ്സം സൃഷ്ടിക്കാത്തവിധം റോഡ് സജ്ജമായിരിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |