കൊല്ലം: ഓർമ്മകൾ റിവേഴ്സ് ഗിയറിടുമ്പോൾ മോട്ടോർ വാഹന നിയമ പരിധിയിലെ ഒരു പെറ്റി കേസിനുപോലും വഴങ്ങാതെയാണ് ഈ എഴുപത്തിന്നാലുകാരന്റെ അഞ്ച് പതിറ്റാണ്ടിനോടടുക്കുന്ന ഓട്ടോ ജീവിതം.
തേവള്ളി മലയാളി സഭ നഗർ 122 ൽ (വിളയിൽ പുത്തൻ വീട്) സുദർശൻ 1974ലാണ് പഴയ സ്‌കൂട്ടറിന്റെ മാതൃകയിൽ കിക്കറടിച്ച് സ്റ്റാർട്ടാക്കിയിരുന്ന ലാംബ്രട്ട ഓട്ടോ സ്വന്തമാക്കിയത്. കേരളത്തിൽ വാഹന ഡീലർമാർ ഇല്ലാതിരുന്നതിനാൽ ബംഗളൂരുവിൽ നിന്ന് ബ്രോക്കർമാർ എത്തിച്ച വണ്ടി 13,000 രൂപയ്‌ക്ക് വാങ്ങി.
ആദ്യ ദൂരയാത്ര എഴുപത്തിയഞ്ച് രൂപയ്‌ക്ക് തിരുവനന്തപുരം
വിമാനത്താവളത്തിലേക്കായിരുന്നു. എയർപോർട്ട് അതോറിറ്റിയുടെ മൂന്ന് ജീവനക്കാരായിരുന്നു യാത്രക്കാർ. അവർ തന്നെ വഴി പറഞ്ഞുകൊടുത്തു. ദൂരം കണക്കാക്കി തുകയും നൽകി.
ഇപ്പോൾ ഓട്ടം സ്‌റ്റാൻഡിൽ നിന്ന് മാത്രം. ഫോൺ വഴി ബുക്ക് ചെയ്യുന്ന സ്ഥിരം പാസഞ്ചേഴ്‌സിനെയും പരിഗണിക്കും. ഓട്ടത്തിനിടെ അൽപ്പം വർത്തമാനം നിർബന്ധം. അതിൽ അടിയന്തരാവസ്ഥയും പ്രമുഖരുടെ സവാരിയുമൊക്കെ വന്നുപോകും. യാത്രയ്ക്കിടെ 2017 മുതൽ ശ്വാസകോശ അർബുദവും ഒപ്പം കൂടി. ആർ.സി.സിയിൽ 40 കീമാേ വരെ ചെയ്യേണ്ടിവന്നു. എന്നാലും ഓട്ടോ ജീവിതത്തിന് ബ്രേക്കിടാൻ സുദർശൻ ഒരുക്കമല്ല.
ഓട്ടം നൂറ് ശതമാനം അപകട രഹിതം
2010ൽ കൊല്ലത്ത് നടന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനാ സമ്മേളനത്തിലൂടെയാണ് സുദർശന്റെ ഓട്ടോ ജീവിതം നാടിന്റെ മോട്ടോർ ചരിത്രത്തിൽ ഇടംപിടിക്കുന്നത്. ഔദ്യോഗിക രേഖകളിലെ പഴക്കമേറിയ ലൈസൻസുകൾ തെരഞ്ഞപ്പോഴാണ് സുദർശന്റെ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ശ്രദ്ധയിൽപ്പെട്ടത്. 1978 ലുള്ളതാണിത്. അതിനും മുമ്പേ സുദർശനൻ ഈ രംഗത്തുണ്ട്. നൂറ് ശതമാനം അപകടരഹിതമായി വാഹനം ഓടിച്ചതിന് സമ്മേളനത്തിൽ വച്ച് സാക്ഷ്യപത്രവും മെമന്റോയും നൽകി ആദരിച്ചു. രമാദേവിയാണ് ഭാര്യ. സുനയന, സുമേഷ് എന്നിവരാണ് മക്കൾ. ഇരുവരും വിവാഹിതരാണ്.
എഴുപതുകളിൽ - ഇന്ന്
പെട്രോൾ വില ₹ 3 - ₹107
മിനിമം ചാർജ് ₹ 1 - ₹30
അധിക കിലോമീറ്ററിന് 50 പൈസ - ₹ 15
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |