തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ മൺസൂണിന് (കാലവർഷം) എൽനിനോഭീഷണിയെന്ന മുന്നറിയിപ്പിന്റെ ആശങ്കകൾക്കിടെ മഴ വൈകുമോ കൂടുതലായിരിക്കുമോ, കുറയുമോ എന്നെല്ലാം കേന്ദ്രകാലാവസ്ഥാനിരീക്ഷണ വകുപ്പ് 15ന് പ്രഖ്യാപിക്കും. കടൽപ്പരപ്പിലെ ചൂട് കൂടുന്ന പ്രതിഭാസമാണ് എൽ നിനോ.
അന്താരാഷ്ട്ര സമുദ്രനിരീക്ഷണ പഠനസ്ഥാപനമായ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനാണ് എൽ നിനോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഓസ്ട്രേലിയ മുതൽ ഇന്ത്യവരെയുള്ള ശാന്തസമുദ്രത്തിലെ കടൽപ്പരപ്പിലെ താപനിലയാണ് തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ശക്തിദൗർബല്യങ്ങൾ നിർണയിക്കുന്നതിലെ ഒരു ഘടകം.കടൽപ്പരപ്പിലെ ചൂട് കൂടിയാൽ കാലവർഷം കുറയും.ചൂട് കുറഞ്ഞാൽ നല്ല മഴയും കിട്ടും.
ഇന്ത്യയിൽ വർഷംതോറും കിട്ടുന്ന മഴയുടെ 75 ശതമാനവും കാലവർഷത്തിലാണ് കിട്ടുന്നത്. കേരളത്തിൽ വൈദ്യുതി ഉത്പാദനത്തിനായി അണക്കെട്ടുകളിൽ കരുതിവെയ്ക്കുന്ന വെള്ളത്തിന്റെ 80ശതമാനവും കാലവർഷത്തിൽ നിന്നാണ്.കാലവർഷം കുറയുന്നത് കൃഷിയേയും വൈദ്യുതി ഉത്പാദനത്തേയും സാമ്പത്തിക സ്ഥിതിയേയും പ്രതികൂലമായി ബാധിക്കും.
നിലവിൽ ഇന്ത്യൻ സമദ്രത്തിലെ താപനില ആശ്വാസം പകരുന്നതാണ്. എന്നാൽ ജൂലായിലുണ്ടാകേണ്ട എൽനിനോ പ്രതിഭാസം ഇക്കുറി നേരത്തെയാകാൻ ഇടയുണ്ടെന്നും അത് മൺസൂണിനെ ബാധിക്കുമെന്നാണ് എൻ.ഒ.എ.എയുടെ മുന്നറിയിപ്പ്. എൽ നിനോ ഉണ്ടായാൽ അത് കടലിൽ നിന്നുളള കാറ്റിന്റെ ഗതിയേയും സ്വഭാവത്തേയും ബാധിക്കും.ഇത് മഴ കുറയാൻ ഇടയാക്കുമെന്നാണ് ആശങ്ക.2009, 2014, 2015,വർഷങ്ങളിലാണ് എൽ.നിനോ ഉണ്ടായത്. അന്ന് കാലവർഷം ദുർബലമായി.
നിലവിലെ സാഹചര്യത്തിൽ എൽനിനോ സാധ്യത ഇന്ത്യൻ ശാസ്ത്രജ്ഞർ തള്ളുകയാണ്.ഈവർഷത്തെ മൺസൂൺ മഴ ശക്തമായിരിക്കുമെന്നും കേരളത്തിൽ 2018ന് സമാനമായ രീതിയിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ആണ് അനുമാനം.മൺസൂൺ കേരളത്തിൽ ജൂൺ ആദ്യവാരം തന്നെ എത്തുമെന്നാണ് വിദേശ സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ അക്യുവെതർ പറയുന്നത്. ഇന്ത്യൻ ഓഷ്യൻ ഡൈ പോൾ എന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ട പ്രതിഭാസംകാരണം ഇക്കുറി കാലവർഷത്തിൽ മഴ കൂടുതൽ കിട്ടുമെന്ന് യൂറോപ്യൻ ഏജൻസി ചൂണ്ടിക്കാട്ടുന്നു.ഇതെല്ലാം പ്രതീക്ഷ നൽകുന്നതാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ കാലാവസ്ഥാകേന്ദ്രം 15ന് അന്തിമ നിലപാട് പ്രഖ്യാപിക്കും.
#വേനൽ മഴ മൂന്ന് ദിവസം കൂടി
സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി വേനൽമഴ തുടരും. ചൊവ്വാഴ്ചയോടെ ദുർബലമാകും .തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |