SignIn
Kerala Kaumudi Online
Sunday, 13 July 2025 4.29 AM IST

ഓർമ്മയിൽ മായാതെ മാണി

Increase Font Size Decrease Font Size Print Page

k-m-mani

കേരള രാഷ്ട്രീയത്തിൽ അരനൂ​റ്റാണ്ടിലേറെ നിറഞ്ഞുനിന്ന കെ.എം.മാണിയെന്ന മാണിസാറിനെ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്. മാന്യനായ നേതാവ്. പച്ചയായ, മനുഷ്യ സ്‌നേഹിയായ രാഷ്ട്രീയക്കാരൻ. നിഷ്‌കളങ്കമായ സ്‌നേഹവും കൗശലപൂർണമായ രാഷ്ട്രീയവുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. എത്ര കൂരമ്പുകൾകൊണ്ട് ആക്ഷേപിക്കപ്പെട്ടാലും കുത്തിനോവിച്ചാലും തിരിച്ച് സൗമ്യമായ ഭാഷയിലല്ലാതെ പരുഷമായി പ്രതികരിച്ച് കണ്ടിട്ടില്ല. സ്‌നേഹബന്ധങ്ങൾക്കും കുടുംബബന്ധങ്ങൾക്കും വില കൽപ്പിച്ചയാൾ കൂടിയാണ് മാണി. ഇത്രയധികം കടുത്ത വിമർശനങ്ങളും ആരോപണങ്ങളും നേരിട്ട രാഷ്ട്രീയ നേതാക്കൾ കുറവാണ്. ക്രൂരമായും വ്യക്തിപരമായും വിമർശിച്ചവർ തന്നെ രാഷ്ട്രീയത്തിൽ അദ്ദേഹത്തെ സ്വീകരിക്കാനായി പിറകെ നടന്നതിനും നാം പലവട്ടം സാക്ഷ്യം വഹിച്ചു.

ഇടതുപക്ഷവും വലതുപക്ഷവും മാണിയെയും മാണിയുടെ പാർട്ടിയെയും ആക്ഷേപിക്കാനും നേരിടാനും ശ്രമിച്ചപ്പോഴും ഇരുകൂട്ടരും തരാതരം പോലെ അദ്ദേഹത്തെ സ്വന്തം പക്ഷത്ത് ആഗ്രഹിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം.

ബാർ കോഴക്കേസിൽ മാണിയെ ഏ​റ്റവുമധികം എതിർത്ത ഇടതുപക്ഷം തന്നെ പിന്നീട് കേരള കോൺഗ്രസിനെ താലത്തിൽവച്ച് സ്വീകരിക്കാനും തയ്യാറായി. സംസ്ഥാനത്ത് പ്രായോഗിക രാഷ്ട്രീയത്തെ ഇത്രത്തോളം വിജയകരമായി വിനിയോഗിച്ച വേറൊരാൾ ഉണ്ടാവുമെന്ന് തോന്നുന്നില്ല. മുന്നണി രാഷ്ട്രീയത്തിലെ ചാണക്യനായിരുന്നു മാണിയെന്ന് നിസംശയം പറയാം. അരനൂ​റ്റാണ്ടിലേറെയുള്ള അനുഭവസമ്പത്തും വ്യക്തിബന്ധവും വിശ്വാസ്യതയും രാഷ്ട്രീയ കാഴ്ചപ്പാടുകളും അദ്ദേഹത്തെ വേറിട്ടുനിറുത്തുന്നു.

കേരള കോൺഗ്രസിനോടും ആ പാർട്ടിയുടെ രാഷ്ട്രീയത്തോടും നിലപാടുകളോടും വിയോജിപ്പുകൾ പുലർത്തുമ്പോഴും മാണിയെന്ന വ്യക്തിയോട് ആർക്കും എതിർപ്പുണ്ടാകാനിടയില്ല. വ്യക്തിജീവിതത്തിൽ അദ്ദേഹം പുലർത്തിയ മാന്യത തന്നെയാണ് കാരണം. സ്വന്തം പാർട്ടിയുടെ വളർച്ചയിലും തളർച്ചയിലും പിളർപ്പിലും മഹാമേരുപോലെ തന്നെ മാണി നിന്നു. കേരള കോൺഗ്രസിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്നു അദ്ദേഹം. മനഃസാക്ഷി സൂക്ഷിപ്പുകാരായ സഹപ്രവർത്തകർ പോലും വിട്ടുപോയി സ്വന്തം പാർട്ടികൾ ഉണ്ടാക്കിയപ്പോഴും അവരോട് അദ്ദേഹം അന്തസില്ലാതെ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്‌തില്ല. പോയവരിലേറെയും തിരികെയെത്തി. ഏ​റ്റവും വലിയ വിമർശകരിൽ ഒരാളായിരുന്ന പി.സിജോർജ് പോലും വീണ്ടും മാണിക്കൊപ്പം ചേർന്ന സന്ദർഭവുമുണ്ടായി.

രാഷ്ട്രീയത്തെയും വ്യക്തബന്ധങ്ങളെയും വേറിട്ടുകണ്ട നേതാവാണ് അദ്ദേഹം. എതിർപക്ഷത്തുള്ളവരോടെല്ലാം ഇതേ സമീപനം പുലർത്തി. സരസമായി വിമർശിക്കുകയല്ലാതെ വ്യക്തിപരമായി ആക്രമിക്കുക അദ്ദേഹത്തിന്റെ ശൈലിയല്ലായിരുന്നു. സമകാലിക രാഷ്ട്രീയത്തിലെ വ്യക്തികേന്ദ്രീകൃതമായ വിമർശനങ്ങളും എതിർപ്പുകളും മ​റ്റും കാണുമ്പോഴാണ് മാണിസാറിന്റെ സമീപനരീതികളുടെ മൂല്യം മനസിലാവുക.

കുടിയേ​റ്റ കർഷകരുടെ, വിശേഷിച്ച് മദ്ധ്യകേരളത്തിലെ ക്രൈസ്തവരുടെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് പിന്നിൽ മാണിയുടെയും കേരളകോൺഗ്രസിന്റെയും സംഭാവനകൾ വളരെയേറെ വലുതാണ്. അധികാരവും ഭരണസ്വാധീനവും ജനങ്ങൾക്ക് വേണ്ടിയാണെന്ന് വിശ്വസിക്കുന്ന നേതാക്കളിൽ ഒരാൾകൂടിയായിരുന്നു മാണി. അതിന്റെ പേരിൽ ആരോപണങ്ങൾ ഒരുപാട് നേരിട്ടെന്ന കാര്യവും മറക്കുന്നില്ല. എങ്കിലും അണികളോട് പ്രതിബദ്ധതയുള്ള നേതാവായിരുന്നു എന്ന കാര്യത്തിൽ മറിച്ചൊരു അഭിപ്രായമുണ്ടാകാനിടയില്ല.


വളരും തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരളകോൺഗ്രസ് എന്ന മാണിയുടെ വിശകലനം അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ ആഴത്തെയാണ് സൂചിപ്പിക്കുന്നത്. പത്തോളം കേരളകോൺഗ്രസുകൾ ഇപ്പോഴുമുണ്ട്. മാണിക്കൊപ്പം നിന്നവരാണ് എല്ലാ വിഭാഗത്തിന്റെയും നേതാക്കൾ. തിരികെ വന്നവരെ വീണ്ടും ഒപ്പംകൂട്ടി അവരിലൂടെ സമവായങ്ങളുടെ സൂത്രവാക്യങ്ങൾ മാണി പലവട്ടം ഉപയോഗിച്ചു. മുന്നണി രാഷ്ട്രീയത്തിലെ എല്ലാ സാദ്ധ്യതകളെയും പരിമിതികളെയും പ്രതിസന്ധികളെയും സൂക്ഷ്മമായി, അസാമാന്യമായ കൗശലത്തോടെ പ്രയോജനപ്പെടുത്തിയ നേതാവുകൂടിയാണ് അദ്ദേഹം. കേരള രാഷ്ട്രീയ ചരിത്രത്തിൽ കെ.എം.മാണിയുടെയും കേരള കോൺഗ്രസിന്റെയും ചരിത്രം വേറിട്ടു നിൽക്കും. സ്വന്തം മണ്ഡലമായ പാലായിൽ നിന്ന് 1965 മുതൽ 54 വർഷം 13 തവണയാണ് കെ.എം.മാണി നിയമസഭയിലെത്തിയത്. അതും റെക്കാർഡാണ്. 13 തവണ ബഡ്ജ​റ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കാർഡ് സമീപഭാവിയിൽ ആർക്കെങ്കിലും തകർക്കാനാകുമെന്നും തോന്നുന്നില്ല. പത്ത് മന്ത്രിസഭകളിലും അംഗമായിരുന്നു. രാജ്യത്താദ്യമായി കാർഷിക പെൻഷൻ കൊണ്ടുവന്നത് അദ്ദേഹമാണ്. കുടിയേ​റ്റ കർഷകർക്ക് പട്ടയം മുതൽ കാരുണ്യ ചികിത്സാ പദ്ധതി വരെ, ജനങ്ങളെ തന്നോടും തന്റെ സർക്കാരിനോടുമൊപ്പം പിടിച്ചു നിറുത്തുന്ന നിരവധി പദ്ധതികളാണ് മാണി ആവിഷ്‌കരിച്ച് നടപ്പാക്കിയത്. ക്ഷേമപെൻഷനുകൾക്കും റവന്യൂ അദാലത്തിനും പിന്നിൽ ആ കരങ്ങളുണ്ട്. കേരള ലോട്ടറിയിലൂടെ നടപ്പാക്കിയ കാരുണ്യ ചികിത്സാ പദ്ധതിക്ക് ലഭിച്ച സ്വീകാര്യത ചെറുതായിരുന്നില്ല. നിയമസഭയിൽ മാണിയുടെ പ്രകടനം പുതുതലമുറ സാമാജികർക്കും മാതൃകയാണ്. കാര്യങ്ങൾ ശരിയായി പഠിച്ചും വിശകലനം ചെയ്തും നിയമസഭാചട്ടങ്ങൾ കൃത്യമായി പാലിച്ചുമായിരുന്നു സാമാജികനെന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ. മരണം വരെ രാഷ്ട്രീയത്തിൽ സജീവമായി നിൽക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിനുണ്ടായി.

ആറുപതി​റ്റാണ്ടോളം ഒരു വടവൃക്ഷം പോലെ കേരള രാഷ്ട്രീയത്തിൽ പടർന്നു പന്തലിച്ചുനിന്ന കരിങ്ങോഴക്കൽ മാണി മൺമറഞ്ഞിട്ട് നാലുവർഷം തികയുകയാണ്. ആ ശൂന്യത ഇവിടെയുള്ളപ്പോൾത്തന്നെ താൻ വെട്ടിത്തെളിച്ച് കൈയടക്കിയ രാഷ്ട്രീയസാനുക്കളിൽ മാണിയെന്ന നേതാവിന്റെ ഓർമ്മകൾ തലയുയർത്തി തന്നെ നിൽക്കും. ആ ചിരിയും സ്‌നേഹവും പരിഗണനയും ഇന്നും മനസിലുണ്ട്. പ്രിയ സുഹൃത്തിന്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമം.

TAGS: K M MANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.