കേരളത്തിലിപ്പോൾ നടക്കുന്ന പല സംഭവങ്ങളും മലയാളിക്ക് കണ്ടറിവില്ലാത്തതാണ്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരവാദി ആക്രമണങ്ങളും ട്രെയിനിന് തീയിടലുമെല്ലാം നടക്കുന്നതായുള്ള കേട്ടറിവ് മാത്രമാണുള്ളത്. അപ്പോഴെല്ലാം കേരളം സുരക്ഷിതമെന്ന് ആത്മാർത്ഥമായി വിശ്വസിച്ചു മലയാളി . ആ വിശ്വാസഗോപുരമാണ് ഇപ്പോൾ തകർന്നുവീണ് തുടങ്ങിയിരിക്കുന്നത്.
ഭീകരവാദബന്ധമുള്ള സംഭവം നമ്മുടെ ഓർമ്മയിലുണ്ട്. അത് നടന്നതും കോഴിക്കോട്ടാണ്. ബസ് സ്റ്റാൻഡുകളിലെ ഇരട്ട സ്‌ഫോടനം. 2006 മാർച്ച് മൂന്നിനായിരുന്നു അത്. കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും പിന്നാലെ മൊഫ്യൂസൽ സ്റ്റാൻഡിലും ഉഗ്രസ്‌ഫോടനങ്ങൾ. സ്‌ഫോടനത്തിന് മുമ്പ് പൊലീസ് സ്‌റ്റേഷനിൽ അജ്ഞാത സന്ദേശം വന്നതിനാൽ ആളുകളെ ഞൊടിയിടയിൽ ഒഴിപ്പിക്കാൻ കഴിഞ്ഞു. അതുകൊണ്ടുമാത്രം ആളപായമുണ്ടായില്ല. മറ്റൊരു കേസിൽ അറസ്റ്റിലായ തടിയന്റവിട നസീർ പിന്നീട് ഈ കേസിൽ പ്രതിയായെങ്കിലും ഇപ്പോഴും സ്‌ഫോടനത്തിന് പിന്നിലെ ലക്ഷ്യം അജ്ഞാതമായി തുടരുന്നു. കേന്ദ്ര ഏജൻസികളടക്കം കേസ് അന്വേഷിക്കാത്തവരില്ല. 17വർഷത്തിനുശേഷം അരങ്ങേറിയ ട്രെയിൻ കത്തിക്കലും അതുപോലെ തുമ്പില്ലാതെ പോകുമോ എന്നാണ് ജനത്തിന്റെ ചോദ്യം.
സംഭവം നടന്ന് മൂന്നാം ദിവസം പ്രതി പിടിയിലായതിൽ ആശ്വാസമുണ്ട്. മഹാരാഷ്ട്ര എ.ടി.എസിനും കേരളപൊലീസിനുമെല്ലാം ഒരുപോലെ ആശ്വസിക്കാം. പക്ഷെ ഇനിയാണ് പ്രധാന നീക്കമുണ്ടാകേണ്ടത്. മഹാരാഷ്ട്രയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള ഭീകര വിരുദ്ധ സ്‌ക്വാഡുകൾ, എൻ.ഐ.എ, കേരളത്തിന്റെ പ്രത്യേക അന്വേഷണ സംഘം, റെയിൽവേ പൊലീസ് എന്നിവരെല്ലാം ഇപ്പോൾ കേസിൽ ഗൗരവമായി അന്വേഷണം നടത്തുകയാണ്. കോഴിക്കോട് മാലൂർകുന്നിലെ എ.ആർ.ക്യാംപിലാണ് പ്രതി ഷാരൂഖ് സെയ്ഫി കസ്റ്റഡിയിലുള്ളത്. ചോദ്യം ചെയ്യൽ തുടരുമ്പോഴും ഇതുവരെ കേസിലേക്കുള്ള പ്രതിയുടെ ലക്ഷ്യവും പിന്നിലെ സംഘങ്ങളും അജ്ഞാതമായി തുടരുകയാണ്. തന്റെ പിന്നിൽ ആളുകളുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയ ഷാറൂഖ് ഇപ്പോൾ താനൊറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന വാദത്തിൽ ഉറച്ച് നിൽക്കുന്നു. എന്തിനായിരുന്നു പിഞ്ചുകുഞ്ഞടക്കം മൂന്നുപേർ മരിക്കാനിടയായ സംഭവത്തിന് പിന്നിലെ ലക്ഷ്യമെന്നത് അപ്പോഴും ദുരൂഹമായി തുടരുന്നു. വലിയ കടമ്പകളും വെല്ലുവിളിയുമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. പതിവുപോലെ കുറേക്കഴിഞ്ഞ് വെറുതേയങ്ങനെ പൂട്ടിക്കെട്ടാമെന്ന് കരുതിയാൽ പുതിയ സാഹചര്യത്തിൽ ജനം വെറുതെ വിടില്ല. കേരള ജനത സമാധാനം വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. അത് പുലർത്തുകയെന്നത് ഭരണകൂടത്തിന്റേയും അന്വേഷണ സംവിധാനങ്ങളുടേയും ബാദ്ധ്യതയാണ്.
ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഡി-വൺ കോച്ചിൽ അജ്ഞാതനായ ഒരാൾ കൈയിൽ കരുതിയ പെട്രോൾ പെട്ടെന്ന് യാത്രക്കാരുടെ ദേഹത്തേക്ക് ഒഴിക്കുകയും പിന്നാലെ തീയിടുകയുമായിരുന്നു. തീപടർന്നതോടെ യാത്രക്കാർ തലങ്ങും വിലങ്ങും ഓടി. അതിനിടെ ആരോ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തി. തീക്കൊളുത്തിയ പ്രതി രക്ഷപ്പെടാൻ വേണ്ടി ട്രെയിൻ നിറുത്തുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. ഇതിനിടെ പ്രാണരക്ഷാർത്ഥം പുറത്തേക്ക് ചാടിയ മൂന്നു പേരാണ് മരിച്ചത്. മട്ടന്നൂർ പാലോട്ടുപള്ളി ബദ്രിയ മൻസിലിൽ റഹ്മത്ത് (45) സഹോദരി ജസിലയുടെ മകൾ രണ്ടുവയസുകാരി സഹറാ ബത്തൂൽ, മട്ടന്നൂർ പുതിയ പുര കൊട്ടാരത്തിൽ വരുവാക്കുണ്ട് സ്വദേശി നൗഫീഖ് (35) എന്നിവരാണ് മരിച്ചത്. എട്ടുപേർക്ക് പരിക്കേറ്റു. സംഭവത്തെതുടർന്ന് പുഴുതടച്ച അന്വേഷണവും സുരക്ഷയും ഏർപെടുത്തിയെങ്കിലും സംഭവത്തിലെ പ്രതി ഡൽഹി ഷെഹീൻ ബാദ്ജഗൻ പാട്ടി ഗല്ലി നമ്പർ 21ലെ എഫ്-സി എട്ടിലെ ഷാറാഖ് സെയ്ഫി എല്ലാവരേയും കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു.
പൊലീസ് പറയുന്നത് മുഖവിലക്കെടുത്താൽ മഹാരാഷ്ട്ര രത്‌നഗിരിയിൽ വെച്ച് അവിടുത്തെ എ.ടി.എസ് സംഘമാണ് അറസ്റ്റ് ചെയ്യുന്നത്. ഇത്രയും വലിയ സംരക്ഷാ വലയമുണ്ടായിരുന്നിട്ടും അക്രമി അതേ ട്രെയിനിൽ കണ്ണൂരുവരെ ഒളിച്ചുകടന്നതും കണ്ണൂർ പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്ന് മറ്റൊരു ട്രെയിനിൽ കയറി രക്ഷപ്പെട്ടതുമെല്ലാം അക്രമം പോലെ ദുരൂഹമായി തുടരുന്നു.
സംഭവം നടന്ന എലത്തൂരിലെ റെയിൽവേട്രക്കിന് സമീപം കിടന്ന മൂന്ന് മൃതദേഹങ്ങൾക്കരികിൽനിന്ന് കണ്ടെടുത്ത ബാഗാണ് ഇയാളെ കുരുക്കാൻ നിർണായകമായത്. അതിൽ പേരും മേൽവിലാസവും ഫോണുമുണ്ടായിരുന്നു. സൈബർസെൽ നടത്തിയ അന്വേഷണത്തിൽ മാർച്ച് 31ന് ഫോൺ സ്വിച്ച് ഓഫായതായി കണ്ടെത്തി. ഷെഹീൻബാഗിലെ വീട്ടിൽ പൊലീസ് അന്വേഷിച്ചത്തിയപ്പോൾ മകനെ 31 മുതൽ കാണാനില്ലെന്നും ഡൽഹിപൊലീസിൽ പരാതി നൽകിയതായും വിവരം ലഭിച്ചു. കോഴിക്കോട്ടെ അന്വേഷണസംഘം വരച്ച രേഖാചിത്രം കാണിച്ചപ്പോൾ മകനാണെന്ന് പിതാവ് തിരിച്ചറിഞ്ഞു. ഒപ്പം ബാഗും ഡയറിക്കുറിപ്പുകളുമെല്ലാം തിരിച്ചറിയുന്നു. എന്നാൽ മകന് കേരള ബന്ധമൊന്നുമില്ലെന്നും മരപ്പണിക്കാരനായ മകൻ കേരളത്തിലേക്കെന്നല്ല ദക്ഷിണേന്ത്യയിലേക്കൊന്നും ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്നും വിവരം കിട്ടി. ഫോൺ പരിശോധിച്ചപ്പോൾ ഒരു കോൾ പോലും കേരളത്തിലേക്ക് പോയിട്ടുമില്ല. പിന്നെ എങ്ങനെയാണ് ഷാറൂഖ് കേരളത്തിലെത്തിയത്, എന്തിനായിരുന്നു യാത്ര ? ആരാണ് ഇത്രയും വലിയ കുറ്റം നിർവഹിക്കാൻ പറഞ്ഞയച്ചത് ? ഇതെല്ലാം ദുരൂഹമായി തുടരുന്നു.
രണ്ടുദിവസമാണ് പ്രത്യേക സംഘത്തിന് ഇതുവരെ ഷാരൂഖിനെ ചോദ്യം ചെയ്യാൻ കിട്ടിയത്. പ്രത്യേക അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ മാധ്യമങ്ങളെ കണ്ടപ്പോൾ പ്രതി കുറ്റം സമ്മതിച്ചതായി വെളിപ്പെടുത്തി. ബാഗും കൈയെഴുത്തുമെല്ലാം തന്റേതാണന്ന് ഏറ്റുപറഞ്ഞു. പിടിയിലായ ഉടനെ എ.ടി.എസിനോട് പറഞ്ഞതായി പുറത്ത് വന്നത് പിന്നിൽ ആളുണ്ടെന്നാണ്. കൃത്യം നിർവഹിച്ചാൽ തനിക്ക് നല്ലത് വരുമെന്ന് പറഞ്ഞതാണ് പ്രേരണയായതെന്നും വെളിപ്പെടുത്തി. പക്ഷെ കോഴിക്കോട്ടെ ചോദ്യം ചെയ്യലിൽ എല്ലാറ്റിൽനിന്നും ഷാരൂഖ് മലക്കം മറിഞ്ഞു. താനൊറ്റയ്ക്കാണ് കൃത്യം നിർവഹിച്ചതെന്നും അപ്പോൾ തോന്നിയൊരു കുബുദ്ധിയാണെന്നും മൊഴി. കോഴിക്കോട് നിന്ന് പെട്രോൾവാങ്ങിയെന്നും അവിടെനിന്ന് കയറിയെന്ന് പറഞ്ഞതും തിരുത്തി. ഷൊർണ്ണൂരിൽ നിന്നാണ് പെട്രോൾ വാങ്ങിയതെന്നും അവിടുന്നാണ് ട്രെയിൻ കയറിയെന്നും മൊഴി. അവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അത് ശരിയാണെന്നും കണ്ടെത്തി.
ഇനി ചുരുളഴിയേണ്ടത് പിന്നിൽ ഭീകരവാദ സംഘടനകളുണ്ടോ എന്നതാണ്. കേരളം തീവ്രവാദത്തിന്റെ കേന്ദ്രമാവുകയാണെന്ന് രാഷ്ട്രീയ കോണുകളിൽ നിന്ന് ആരോപണമുയരാൻ തുടങ്ങിയിട്ട് കാലം കുറെയായി. രാജ്യത്തിന്റെ പലഭാഗങ്ങളിലും തീവ്രവാദി അക്രമങ്ങളിൽ കൊല്ലപ്പെട്ടവരിലും മലയാളി സാന്നിദ്ധ്യം കണ്ടെത്തുകയുണ്ടായി. പക്ഷെ കോഴിക്കോട്ടെ ഇരട്ട സ്‌ഫോടനത്തിനുശേഷം ട്രെയിൻ കത്തിക്കൽപോലുള്ള സംഭവം ആദ്യത്തേതാണ്. ആസൂത്രണത്തിന് പിന്നിൽ ഭീകരവാദ സംഘടനകളാണെങ്കിൽ കൃത്യത്തിന്റെ ആഴം വളരെ വലുതാണ്.
വണ്ടി കോരപ്പുഴ പാലത്തിലേക്ക് കയറുമ്പോഴാണ് സംഭവം എന്നതും തീ അപ്പോൾതന്നെ കെടുത്താനായില്ലെങ്കിൽ പാലത്തിനുമുകളിൽ നിന്ന് കത്തി ഉണ്ടാകാമായിരുന്ന അപകടത്തിന്റെ ആഴവും വിവരണാതീതമാണ്.
ഷഹീൻബാദിൽ മരപ്പണി ചെയ്ത് ജീവിക്കുന്നൊരു യുവാവ് ഒരു സുപ്രഭാതത്തിൽ കേരളത്തിലെത്തുകയും ഷൊർണൂരിൽ നിന്ന് പെട്രോൾവാങ്ങി കോഴിക്കോടുവരെ വന്ന് ട്രെയിൻ കംപാർട്‌മെന്റിൽ പിഞ്ചുകുഞ്ഞടക്കമുള്ളവരുടെ മുകളിലേക്ക് പെട്രോളൊഴിച്ച് തീവെച്ചു തുടങ്ങിയ സംഭവങ്ങൾ അങ്ങനെ നിസാരമായി കാണാനാവുന്നതല്ല. പിന്നിലെ വേരുകളെല്ലാം ചികഞ്ഞെടുത്ത് പുറത്തുകൊണ്ടുവരണം. അന്വേഷണവും കേസുതെളിയിക്കലുമൊന്നും ഒരു സർക്കാരിന്റേയും മേധാവിത്വം തെളിയിക്കാനുള്ള വേദിയും രാഷ്ട്രീയ ആയുധവുമാക്കരുത്. അതിനപ്പുറത്താണ് ജനകീയ ജനാധിപത്യരാജ്യത്തെ ജനങ്ങളും അവരുടെ സമാധാന ജീവിതവുമെന്ന് മറന്നുപോകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |