വാഷിംഗ്ടൺ : 2024ലെ യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പദ്ധതിയുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനത്തിന് സമയമായിട്ടില്ലെന്നും പ്രസിഡന്റ് ജോ ബൈഡൻ. ഇന്നലെ ഒരു അമേരിക്കൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബൈഡന്റെ വെളിപ്പെടുത്തൽ. ഈ മാസം തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഡെമോക്രാറ്റിക് പാർട്ടിയിലെ സംസാരം. എന്നാൽ, പ്രായം അദ്ദേഹത്തിന് പ്രതിബന്ധമായേക്കും.
നിലവിൽ ബൈഡന് 80 വയസാണ്. രണ്ടാം തവണയും ബൈഡൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ കാലാവധി പൂർത്തിയാകുമ്പോൾ അദ്ദേഹത്തിന് 86 വയസാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡെമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ മത്സരിക്കുമെന്ന് നിലവിൽ എഴുത്തുകാരിയായ മരിയൻ വില്യംസൺ, റോബർട്ട് കെന്നഡി ജൂനിയർ എന്നിവർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
യു.എസ് മുൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ സഹോദരൻ റോബർട്ട് എഫ് കെന്നഡിയുടെ മകനാണ് റോബർട്ട് കെന്നഡി ജൂനിയർ. യു.എസ് മുൻ അറ്റോർണി ജനറലും സെനറ്ററുമായിരുന്നു റോബർട്ട് എഫ് കെന്നഡി.
അതേ സമയം, റിപ്പബ്ലിക്കൻ പാർട്ടിയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സൗത്ത് കാരലൈന മുൻ ഗവർണറും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമായ നിക്കി ഹേലി, ആർക്കൻസോ ഗവർണർ എയ്‌സ ഹച്ചിൻസൺ തുടങ്ങിയവർ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും മത്സരത്തിനിറങ്ങുമെന്നാണ് കരുതുന്നത്.
പ്രായത്തിൽ റെക്കാഡ്
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ജോ ബൈഡൻ. മുമ്പ് ഡൊണാൾഡ് ട്രംപിനായിരുന്നു പദവിയിലെത്തിയ ഏറ്റവും പ്രായം കൂടിയ യു.എസ് പ്രസിഡന്റ് എന്ന റെക്കാഡ്. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ട്രംപിന് 70 വയസും 220 ദിവസവുമായിരുന്നു പ്രായം. 78ാം വയസിലാണ് ബൈഡൻ പ്രസിഡന്റായി ചുമതലയേറ്റത്. 77 ാം വയസിൽ വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ റൊണാൾഡ് റീഗന്റെ റെക്കാഡ് തകർത്ത് യു.എസിൽ പ്രസിഡന്റ് കാലാവധി പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റെന്ന നേട്ടവും ബൈഡൻ സ്വന്തമാക്കി. തിയഡോർ റൂസ്‌വെൽറ്റ് ആണ് യു.എസിൽ പ്രസിഡന്റ് പദവിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 42 ാം വയസിലാണ് റൂസ്‌വെൽറ്റ് പ്രസിഡന്റായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |