ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വ്യോമയാന വ്യവസായം നേട്ടത്തിലെത്തി. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ആഭ്യന്തര പാസഞ്ചർ ട്രാഫിക് 60 ശതമാനം ഉയർന്ന് 13.60 കോടിയിലെത്തിയെന്ന് റേറ്റിംഗ് ഏജൻസിയായ ഐ.സി.ആർ.എയുടെ റിപ്പോർട്ടിൽ പറയുന്നു. എങ്കിലും കോവിഡ് കാലത്തിന് മുമ്പുണ്ടായിരുന്ന 14.15 കോടിയുമായി താരതമ്യപ്പെടുത്തുമ്പോൾ 4 ശതമാനം താഴെയാണ് ഇപ്പോഴത്തെ കണക്ക്.
8.52 കോടി യാത്രികരാണ് ആഭ്യന്തര യാത്രകൾക്കായി കഴിഞ്ഞ വർഷം ഇന്ത്യൻ വിമാനക്കമ്പനികളെ ആശ്രയിച്ചത്. മാർച്ചിലെ ആഭ്യന്തര പാസഞ്ചർ ട്രാഫിക്ക് 1.30 കോടിയാണ്. 2022 മാർച്ചിലെ 1.06 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 22 ശതമാനം വളർച്ചയാണ് പ്രകടമായത്.
ആഭ്യന്തര യാത്രികരുടെ എണ്ണത്തിലെ വർധന പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും വ്യോമ ഇന്ധനത്തിന്റെ വിലയിലുണ്ടാകുന്ന വർധനയും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇൻപുട്ട് ചെലവുകളിലെ വർധനയ്ക്ക് അനുസൃതമായി നിരക്കുകൾ ക്രമീകരിക്കുന്നതിനുള്ള നീക്കങ്ങൾ ലാഭക്ഷമതയിൽ നിർണായകമാകുമെന്നും ഐസിആർഎ വ്യക്തമാക്കി.
മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ എയർലൈനുകളുടെ ശേഷി വികസനം 38 ശതമാനം ഉയർന്നതായിരുന്നുവെന്ന് ഐസിആർഎ വൈസ് പ്രസിഡന്റ് സുപ്രിയോ ബാനെർജി പറഞ്ഞു. മാർച്ചിലെ ശേഷി വിന്യാസം 2022 മാർച്ചിനെ അപേക്ഷിച്ച് 14 ശതമാനം ഉയർന്നതായിരുന്നു. മാത്രമല്ല, കോവിഡിനു മുമ്പുള്ള 2019 മാർച്ചിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 7 ശതമാനം വർധനയാണിത്.
വ്യോമയാന വ്യവസായത്തിന്റെ ഡൊമെസ്റ്റിക് പാസഞ്ചർ ലോഡ് ഫാക്റ്റർ മാർച്ചിൽ 89 ശതമാനമാണെന്നാണ് ഐസിആർഎ വിലയിരുത്തുന്നത്. 2022 മാർച്ചിൽ 82 ശതമാനവും കോവിഡിന് മുമ്പുള്ള 2019 മാർച്ചിൽ 87 ശതമാനവുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |