കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ഫോറിൻ രജിസ്ട്രേഷൻ റീജിണൽ ഓഫീസിൽ നിന്നുള്ള സംഘം പരിശോധന നടത്തും. റിപ്പോർട്ട് അനുകൂലമായാൽ രണ്ട് മാസത്തിനുള്ളിൽ കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിച്ചേക്കും.
എമിഗ്രേഷൻ പോയിന്റ് അനുവദിക്കാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം നിർദേശിച്ച സുരക്ഷാ ക്രമീകരണങ്ങളും മറ്റ് സൗകര്യങ്ങളും സജ്ജമായോ എന്ന് പരിശോധിക്കാനാണ് എഫ്.ആർ.ആർ.ഒ സംഘമെത്തുന്നത്. നേരത്തെ പരിശോധനയ്ക്കെത്തിയ എഫ്.ആർ.ആർ.ഒ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഷിപ്പിംഗ് മന്ത്രാലയം കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ നിർദേശിച്ചത്. എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് എഫ്.ആർ.ആർ.ഒ റിപ്പോർട്ട് കൈമാറുന്നത്. എത്രയും വേഗം സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി ഒരുമാസം മുമ്പ് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സംസ്ഥാന തുറമുഖ വകുപ്പിന് കത്ത് നൽകിയിരുന്നു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നിർദേശിച്ച ചുറ്റുമതിൽ നിർമ്മാണവും അതിന് മുകളിൽ കമ്പിച്ചുരുൾ സ്ഥാപിക്കലും അന്തിമഘട്ടത്തിലാണ്. നിരീക്ഷണ കാമറ സ്ഥാപിക്കലും പൂർത്തിയായി വരുന്നു. ഇവ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നാണ് പോർട്ട് അധികൃതരുടെ കണക്കുകൂട്ടൽ. സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെയും സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെയും നിയോഗിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.
പുതിയ പദ്ധതികൾക്ക് കരുത്താകും
എമിഗ്രേഷൻ പോയിന്റ് അനുവദിച്ചാൽ കൊല്ലം പോർട്ടിൽ ഷിപ്പ് റിപ്പയറിംഗ് യൂണിറ്റ്, ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക് എന്നിവ സ്ഥാപിക്കാനുള്ള മാരിടൈം ബോർഡിന്റെ പദ്ധതി, വിയറ്റ്നാമിലേക്ക് അയൺ ഓക്സൈഡ് നീക്കം തുടങ്ങിയവയ്ക്ക് സഹായകരമാകും. അല്ലെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയേ ഓരോ തവണയും കപ്പൽ അടുപ്പിക്കാനാകു. പക്ഷെ ജീവനക്കാർ അടക്കമുള്ളവർക്ക് പുറത്തിറങ്ങാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |