കൊണ്ടോട്ടി : വാഴക്കാട് വലിയ ജുമാഅത്ത് പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ മാസത്തിൽ നടത്തിവരുന്ന കതിനാവെടിക്ക് 125 വർഷത്തെ പാരമ്പര്യമുണ്ട്. പുലർച്ചെ നോമ്പെടുക്കുമ്പോഴും വൈകിട്ട് നോമ്പ് തുറയ്ക്കും സമയം അറിയിച്ചിരുന്നത് കതിനാവെടിയിലൂടെയായിരുന്നു. ബാങ്ക് വിളിക്ക് തൊട്ടുപിന്നാലെ കതിനാവെടിയും മുഴങ്ങും.
പഴയകാലത്ത് ജില്ലയിലെ എടവണ്ണപ്പാറ, വാഴക്കാട്, മുണ്ടുമുഴി, ആക്കോട്, ചീക്കോട്, കോഴിക്കോട് ജില്ലയിലെ ചേന്നമംഗലൂർ, മാവൂർ, കൂളിമാട്, താത്തൂർ, പെരുവയൽ , കല്പള്ളി എന്നിവിടങ്ങളിലുള്ളവർ നോമ്പ് തുറക്കുന്നതിനുള്ള സമയം കണക്കാക്കിയിരുന്നത് ഈ കതിനാവെടിയിലൂടെ ആയിരുന്നു
മഹല്ലിലെ മൂന്ന് തലമുറക്കാരായി കൈവശം വച്ചിരുന്ന കതിനാവെടി പൊട്ടിക്കൽ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് നാലാം തലമുറയിലെ അവസാന കണ്ണിയായ മച്ചിങ്ങുപുറായ് അബ്ദുള്ളയാണ്. തന്റെ ജ്യേഷ്ഠ സഹോദരനിൽ നിന്നാണ് 39 വർഷം മുമ്പ് ഈ ചുമതല അദ്ദേഹം ഏറ്റെടുത്തത്. നിലവിൽ നോമ്പുതുറയ്ക്ക് മാത്രമേ കതിനാ വെടിയുള്ളൂ.
നോമ്പ് കാലയളവിൽ അബ്ദുള്ള നോമ്പുതുറ സൽക്കാരങ്ങൾക്കൊന്നും പോകാതെ കതിനാവെടിക്ക് മാത്രമായി സമയം നീക്കിവയ്ക്കാറാണ് പതിവ്. കതിനാ വെടി വയ്ക്കുന്നതിന് കൃത്യമായ ചിട്ടകളുണ്ട്. ബാങ്കിന്റെ സമയത്തിനു മുമ്പു തന്നെ വുളു എടുത്ത് കാത്തിരിക്കും.അസുഖമോ മറ്റോ കാരണം കതിനാവെടി വയ്ക്കാൻ എത്താൻ പറ്റിയില്ലെങ്കിൽ മകനെ ഈ ദൗത്യം ഏൽപ്പിക്കാറാണ് പതിവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |