മലപ്പുറം: കാഴ്ചയുടെ വിസ്മയമൊരുക്കുകയാണ് എടയൂർ പഞ്ചായത്തിലെ അത്തിപ്പറ്റ സ്വദേശിയായ സെയ്താലിക്കുട്ടി എന്ന കർഷകന്റെ സൂര്യകാന്തിപ്പാടം. പത്ത് സെന്റ് കൃഷിസ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിൽ വിത്തുകൾ പാകിയ 63കാരനായ സെയ്താലിക്കുട്ടി സൂര്യകാന്തി പൂക്കൾ പൂത്തുലഞ്ഞതിന്റെ സന്തോഷത്തിലാണ്. സുഹൃത്തായ തമിഴ്‌നാട് സ്വദേശി രണ്ട് മാസം മുമ്പ് നാട്ടിൽ നിന്ന് കൊണ്ടുവന്ന 250 ഗ്രാം സൂര്യകാന്തി വിത്തുകളാണ് കൃഷിയിടത്തിൽ പരീക്ഷിച്ചത്. ഒരു ചാൺ അകലത്തിലാണ് ഓരോ വിത്തുകളും പാകിയത്. നിലമൊരുക്കി വിത്തെറിഞ്ഞ് മാസത്തിൽ മൂന്ന് തവണ വീതം നനച്ചുകൊടുത്തു. ചാണകപ്പൊടി വളമായി ഉപയോഗിച്ചു. മറ്റ് പരിചരണങ്ങളൊന്നും നൽകിയില്ല. എന്നാൽ പ്രതീക്ഷിച്ചതിലും വേഗം സൂര്യകാന്തി പൂത്തുലഞ്ഞത് സെയ്താലിക്കുട്ടിയെ അത്ഭുതപ്പെടുത്തി. 500ഓളം സൂര്യകാന്തി പൂക്കളാണ് ഇന്ന് കൃഷിയിടത്തിലുള്ളത്.
പരമ്പരാഗത കർഷക കുടുംബത്തിലെ അംഗമായ സെയ്താലിക്കുട്ടി ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് കൃഷി ചെയ്യാൻ തുടങ്ങിയതാണ്. തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറികൾ, വത്തക്ക, എടയൂർ മുളക് എന്നിവ പണ്ട് മുതലേ കൃഷി ചെയ്ത് വരുന്നുണ്ട്. പാകമെത്തിയ സൂര്യകാന്തി പൂക്കൾ പറിക്കാൻ സമയമായെന്ന് അദ്ദേഹം പറയുന്നു. വിപണിയിൽ മികച്ച വരുമാനമാണ് സൂര്യകാന്തി തൈകൾക്കും സൂര്യകാന്തി എണ്ണയ്ക്കും ഉള്ളത്. മകൻ ഉസ്മാൻ വിത്തിടാനും തടമിടാനും നനയ്ക്കാനും സഹായിയായി കൂടെയുണ്ട്. നിരവധി പേരാണ് സൂര്യകാന്തി പൂത്ത് നിൽക്കുന്ന മനോഹര കാഴ്ച കാണാനായി കൃഷിയിടത്തിലേക്ക് എത്തുന്നത്.
തമിഴ്‌നാട്ടിലെ കർഷകർ ഏക്കർ കണക്കിന് പാടങ്ങളിൽ സൂര്യകാന്തി കൃഷി ചെയ്യാറുണ്ട്. മികച്ച പരിചരണവും അനുയോജ്യമായ വളവും നൽകിയാൽ ഏത് കാലാവസ്ഥയിലും നമ്മുടെ നാട്ടിലും സൂര്യകാന്തി കൃഷി വിജയിക്കുമെന്നും മറ്റ് കൃഷിക്ക് നൽകുന്ന പോലുള്ള ആനുകൂല്യം സൂര്യകാന്തിക്കും നൽകി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു. കൂടുതൽ സ്ഥലത്തേക്ക് സൂര്യകാന്തി കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സെയ്താലിക്കുട്ടി. നഫീസയാണ് ഭാര്യ. റജീന, ജാസിന ആണ് മറ്റ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |