ഉദിയൻകുളങ്ങര : കൊലക്കേസ് പ്രതി രഞ്ജിത്തിനെ വകവരുത്തിയതിന് പിന്നിൽ കുടിപ്പകയെന്ന് പൊലീസ്. രഞ്ജിത്തിന് പ്രദേശത്തെ ക്വാറികളിലുണ്ടായിരുന്ന ആധിപത്യവും ഇസ്റ്ററിന്റെതലേന്നുണ്ടായ തർക്കവും തുടർന്നുള്ള അടിപിടിയുമാണ് ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ പ്രതിയുമായി പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുത്തു. ശരത്തും സഹോദരൻ ശ്യാംലാലുമായി പാറപ്പൊടി എടുക്കുന്നതിനെ ചൊല്ലി രഞ്ജിത്ത് തർക്കത്തിലേർപ്പെട്ടിരുന്നു. ഈസ്റ്ററിന്റെ തലേന്ന് ഈ തർക്കത്തെ ചൊല്ലി ഇവർ വീണ്ടും കൈയാങ്കളിയിലെത്തുകയും ശ്യാംലാലിനെ രഞ്ജിത്ത് മദ്ദിക്കുകയുമായിരുന്നു. ഇതിനെ തുടർന്നാണ് രജ്ഞിത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ശരത്ത് മാരായമുട്ടം പൊലീസിന് മൊഴി നൽകി. ഈസ്റ്റർ ദിനത്തിൽ സുഹൃത്ത് വിനീതുമൊത്ത് ടിപ്പറുമായി ഇറങ്ങിയ ശരത്ത് രാവിലെ മുതൽ രഞ്ജിത്തിനെ നിരീക്ഷിക്കുകയായിരുന്നു. സഹോദരിയുടെ വീട്ടിൽ പോയി മടങ്ങിവരുന്ന രഞ്ജിത്തിനെയും നോക്കി പുനയൽക്കോണം വളവിൽ പ്രതി ശരത്തും വീനിതും ഏറെ നേരം കാത്തിരുന്നു. കൊലപാതകം അപകടമെന്ന് വരുത്തി തീർക്കുകയായിരുന്നു ലക്ഷ്യം.
രഞ്ജിത്തിന്റെ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച ടിപ്പർ നിയന്ത്രണം തെറ്റി രണ്ടു കാറുകളിലും ഇടിച്ച ശേഷമാണ് നിന്നത്. അപകടത്തിൽപ്പെട്ട രഞ്ജിത്ത് മരിച്ചോയെന്ന് ഉറപ്പിക്കാനാണ് രക്ഷാപ്രവർത്തകർക്കൊപ്പം വിനീതും കൂടിയത്. അപകടം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ആശുപത്രിയിലെത്തി രഞ്ജിത്തിന്റെ മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |