SignIn
Kerala Kaumudi Online
Wednesday, 09 July 2025 12.23 PM IST

അവർ തന്ന വൃത്തിഹീനമായ കാരവാനിൽ നിന്ന് ചെവിയിൽ പാറ്റ കയറി ചോരവന്നു, എഡിറ്റിംഗ് കണ്ടുനോക്കൂവെന്ന് നിർമാതാവ് ഇങ്ങോട്ട് പറഞ്ഞു; ആരോപണങ്ങൾ മനോവിഷമമുണ്ടാക്കിയെന്ന് ഷെയ്‌ൻ നിഗം

Increase Font Size Decrease Font Size Print Page
shane-nigam

സിനിമ സംഘടനകൾ തന്നെ വിലക്കിയതിനെതിരെ താരസംഘടനയായ 'അമ്മ'യെ സമീപിച്ച് നടൻ ഷെയ്ൻ നിഗം. ആർ ഡി എക്സ് സിനിമയുടെ നിർമാതാവ് സോഫിയ പോളിന്റെ പരാതിയിൽ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് കത്ത് നൽകി. സോഫിയ പോളിന്റെ പരാതിയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് നടന്റെ ആരോപണം.

സുപ്രധാന ഭാഗങ്ങളുടെ ഷൂട്ടിംഗ് മുടങ്ങിയതിന് കാരണക്കാരൻ താനല്ല. ആരോപണങ്ങൾ വിഷമമുണ്ടാക്കി. സിനിമയിൽ മൂന്ന് നടന്മാരുണ്ട്. മൂന്നിലൊരാളാകാൻ താത്പര്യമില്ലെന്ന് പറഞ്ഞിരുന്നു. തന്നെ കണ്ടുകൊണ്ടാണ് തിരക്കഥയെഴുതിയതെന്നാണ് അപ്പോൾ സംവിധായകൻ പറഞ്ഞത്. താൻ അവതരിപ്പിക്കുന്ന റോബർട്ട് എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ. എന്നാൽ സിനിമ ചിത്രീകരിച്ച ശേഷം അതിൽ സംശയം വന്നു. എഡിറ്റിംഗ് കാണണമെന്ന് താൻ ഒരിക്കലും നിർബന്ധം പിടിച്ചിട്ടില്ല. താൻ ചില പരാതികൾ ഉന്നയിച്ചപ്പോൾ എഡിറ്റിംഗ് വന്ന് കണ്ടുനോക്കൂവെന്ന് ഇങ്ങോട്ട് പറയുകയായിരുന്നുവെന്നുമാണ് നടന്റെ കത്തിൽ പറയുന്നത്.


ചില ശാരീരിക പ്രശ്നങ്ങൾ കാരണം ഒരു ദിവസം വരാൻ വൈകിയതുകൊണ്ട് സോഫിയ പോളിന്റെ ഭർത്താവ് അമ്മയെ ഫോണിൽ വിളിച്ച് വളരെ മോശമായി സംസാരിച്ചെന്നും, ഇയൊരു പ്രതിസന്ധിക്ക് പരിഹാരം കാണാൻ സംഘടന ഇടപെടണമെന്നും ഷെയ്ൻ ആവശ്യപ്പെടുന്നു.

കത്തിന്റെ പൂർണ്ണരൂപം

ബഹുമാനപ്പെട്ട സെക്രട്ടറി, മറ്റു അമ്മ അസോസിയേഷൻ ഭാരവാഹികൾ അറിയുവാൻ,

ആർഡിഎക്സ് സിനിമയുടെ നിർമാതാവ് സോഫിയ പോൾ എന്റെ മേൽ ആരോപിച്ചിരിക്കുന്ന പരാതി തികച്ചും അടിസ്ഥാനരഹിതവും വസ്തുനിഷ്ഠപരവുമാണ്. ആർഡിഎക്സ് എന്ന സിനിമ ഞാൻ ചെയ്യാനിടയായ കാരണം തൊട്ട് ഇവിടെ പറയാം. ഞാൻ സലാം ബാപ്പുവിന്റെ സിനിമയുമായി ദുബായിൽ ആയ സമയത്തെ ആണ് സോഫിയ മാം എന്റെ അമ്മയെ വിളിക്കുന്നത്. പിന്നീട് സൂം മീറ്റ് അറേഞ്ച് ചെയ്ത് സിനിമയുടെ ഡയറക്ടർ നഹാസ് കഥപറഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു റിപ്ലൈ ചോദിച്ചപ്പോൾ സ്‌ക്രിപ്റ്റ് വായിക്കണം എന്ന് പറഞ്ഞു. ഷെയറിങ് സിനിമയോട് പൊതുവെ താൽപര്യം ഇല്ലാത്തതു കൊണ്ട് ആർഡിഎക്സ് വായിച്ചതിനു ശേഷം ഞാൻ ഇത് ചെയ്യുന്നില്ല എന്ന് സംവിധായകനോട് അറിയിച്ചു. അപ്പോ ഡയറക്ടർ പറഞ്ഞു, ''ഞാൻ ഷെയ്നിനെ കണ്ടു ആണ് കഥ എഴുതിയതെന്നും, റോബർട്ട് (എന്റെ കഥാപാത്രം) എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് സിനിമ മുന്നോട്ടു പോകുന്നതെന്നും'', സംവിധായകനും പ്രൊഡ്യൂസറും ഉറപ്പു പറഞ്ഞതിന്റെ വിശ്വാസത്തിൽ ആണ് ഞാൻ ഈ സിനിമ ചെയ്യാൻ തയാറായത്.

ഓഗസ്റ്റ് മുതൽ സിനിമയ്ക്കു വേണ്ടി കരാട്ടെയും ബാർ ടെൻഡിങ്ങും പഠിക്കുവാൻ തുടങ്ങി. ഓഗസ്റ്റ് 17 ചിങ്ങം ഒന്ന് പൂജയും കഴിഞ്ഞു. സെപ്തംബർ 5ന് ഷൂട്ട് തുടങ്ങും എന്ന് അറിയിച്ചു. പക്ഷേ നിർഭാഗ്യവശാൽ ഈ സിനിമയിലുള്ള ഒരു ആർടിസ്റ്റിന് കയ്യിൽ ആക്സിഡന്റ് സംഭവിച്ചത് കൊണ്ട് ഷൂട്ടിങ് ക്യാൻസൽ ചെയ്ത് ഇനി എന്ന് തുടങ്ങും എന്ന് അനിശ്ചിതാവസ്ഥയും ഡയറക്ടർ അറിയിച്ചു. നവംബർ ഒന്നാംതീയതി ആണ് പ്രിയൻ സാറിന്റെ സിനിമയ്ക്കു എഗ്രിമെന്റ് ചെയ്തത്. അപ്പോ എനിക്ക് സെപ്തംബറും ഒക്ടോബറും ഒരു വർക്കും ചെയ്യുവാൻ സാധിച്ചില്ല. അത് കഴിഞ്ഞ് ബാദുഷ പ്രൊഡ്യൂസ് ചെയ്യുന്ന നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഡേറ്റ് കൊടുത്തു. പിന്നീട് ആർഡിഎക്സ് ഡയറക്ടർ നഹാസ് പറഞ്ഞു, ''ആക്സിഡന്റ് ആയ ആർടിസ്റ്റിന്റെ റസ്റ്റ് കഴിഞ്ഞ്, പ്രിയൻ സാറിന്റെ സിനിമ കഴിഞ്ഞ്, ആർഡിഎക്സിൽ ജോയിൻ ചെയ്യണം എന്നും, പ്രൊഡ്യൂസർ ഒത്തിരി ക്യാഷ് ഇൻവസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ആർടിസ്റ്റുകളുടെയും, ഫൈറ്റ് മാസ്റ്ററിന്റെയും ഡേറ്റുകൾ ക്ലാഷ് ആവും എന്നും പറഞ്ഞ് റിക്വസ്റ്റ് ചെയ്തത് കൊണ്ട് ഡിസംബറിൽ ചെയ്യേണ്ട നാദിർഷായുടെ സിനിമ മാറ്റി വച്ച് ആർഡിഎക്സ് സിനിമയ്ക്കു മുൻഗണന കൊടുത്തത്.

ഡിസംബർ പത്താം തീയതി പ്രിയൻ സാറിന്റെ സിനിമ കഴിഞ്ഞ് പതിനൊന്നാം തീയതി മുതൽ വീണ്ടും കരാട്ടേയും ബാർ ടെന്റിങ് വെയിറ്റ് ലോസ് ട്രെയിനിങ്ങും തുടങ്ങി. ആർഡിഎക്സ് സിനിമ ഡിസംബർ 15 നു ഷൂട്ട് തുടങ്ങി. ആദ്യത്തെ പത്തു ദിവസം ഞാൻ ഇല്ലാത്ത പള്ളിപെരുന്നാൾ സീക്വൻസ് ആയിരുന്നത്‌കൊണ്ട് ഞാൻ ഡിസംബർ 26 നു ജോയിൻ ചെയ്താൽ മതി എന്ന് ഡയറക്ടർ പറഞ്ഞിരുന്നു. ഡിസംബർ 26 നു എന്റെ ഭാഗം ഷൂട്ട് തുടങ്ങി. ജനുവരി 9 വരെ ഷൂട്ട് ഉണ്ടായി. പിന്നീട് ജനുവരി 10 മുതൽ 15 വരെ ഷെഡ്യൂൾ പാക്കപ്പ് പറഞ്ഞു. അതിന്റെ കാരണം ഷൂട്ടിങ് ദിവസങ്ങൾ കൂടുന്നത് കൊണ്ട് സ്‌ക്രിപ്റ്റ് ട്രിം ചെയ്യാൻ വേണ്ടി ആയിരുന്നു.

ജോഷി സാറിന്റെ ചീഫ് അസ്സോസിയേറ്റ് ആയ സിബി ജോസിനെ ആണ് സ്‌ക്രിപ്റ്റ് ട്രിം ചെയ്യാൻ വിളിച്ചത്. ഈ വിവരം സോഫിയ മാം തന്നെ ആണ് എന്റെ അമ്മയോട് പറഞ്ഞത്. അത് കഴിഞ്ഞ് ജനുവരി 16 തൊട്ട് ഫെബ്രുവരി 1 വരെ ഷൂട്ട് ചെയ്തു. അതിനിടയ്ക്ക് ജനുവരി 31 നു നൈറ്റ് ഷൂട്ടിനിടയിൽ കാരവനിൽ വെയിറ്റ് ചെയ്‌തോണ്ട് ഇരുന്നപ്പോൾ പാറ്റ ചെവിയിൽ കയറുകയുണ്ടായി, അപ്പോ തന്നെ എന്നെ സൺറൈസ് ഹോസ്പിറ്റലിൽ എത്തിച്ചു. പാറ്റ ഉള്ളിലേക്ക് കയറി പോയത് കൊണ്ട് അസഹനീയമായ വേദനയും ബ്ലീഡിങും ഉണ്ടായി. തിരിച്ചു ലൊക്കേഷനിൽ എത്തിയപ്പോൾ ബ്ലീഡിങ് വന്നത് കൊണ്ട് ഫൈറ്റ് ചെയ്യണ്ട എന്ന് അൻപ് അറിവ് മാസ്റ്റർ പറഞ്ഞു. പാതിരാത്രി ആയതു കൊണ്ട് അവിടെ ഉണ്ടായ കാഷ്വാലിറ്റി ഡോക്ടർ പറഞ്ഞു, രാവിലെ ഇഎൻടി ഡോക്ടറെ കാണിക്കണം എന്ന്.

രാവിലെ റെനൈ മെഡിസിറ്റിയിലെ ഇഎൻടി ഡോക്ടറിനെ കാണിച്ചു ചെക്കപ്പ് ചെയ്തു. ദൈവാധീനം കൊണ്ട് ഇയർഡ്രമ്മിനു ഒന്നും സംഭവിച്ചില്ല, പക്ഷേ ചുറ്റും സ്‌ക്രാച്ചസ് വന്നിട്ടുണ്ടെന്നും രണ്ടു ദിവസം റസ്റ്റ് വേണമെന്നും പറഞ്ഞു. പക്ഷേ ഷൂട്ടിങ്ങിന്റെ പ്രാധാന്യം മനസിലാക്കി നേരെ ലൊക്കേഷനിലോട്ടാണ് പോയത്. ഒട്ടും തന്നെ വൃത്തി ഇല്ലാത്ത കാരവാൻ ആയിരുന്നു എനിക്കു തന്നത്. ഫെബ്രുവരി 2 മുതൽ 15 വരെ ഷെഡ്യൂൾ പാക്കപ്പ് ആയിരുന്നു. പ്രൊഡക്ഷനിൽ നിന്ന് അറിയിച്ച കാരണം കോളനി ഫൈറ്റിന്റെ ലൊക്കേഷൻ കൺഫ്യൂഷനും ഫൈറ്റ് മാസ്റ്ററിന്റെ ഡേറ്റ് പ്രോബ്ലവും കൂടെ അഭിനയിക്കുന്ന ആർടിസ്റ്റിന് വെബ് സീരീസിന്റെ ഷൂട്ടിന് പോകേണ്ടത് കൊണ്ടും ആണ് എന്നായിരുന്നു.

ഫെബ്രുവരി 14 തൊട്ട് 21 വരെ തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ ഷൂട്ടും കഴിഞ്ഞ് 22 നു ബ്രേക്കും കഴിഞ്ഞ് 23 മുതൽ മാർച്ച് 1 വരെ ഷൂട്ട് ഒണ്ടായിരുന്നു. മാർച്ച് 2 മുതൽ 8 വരെ വീണ്ടും ഷെഡ്യൂൾ പാക്കപ്പ് പറഞ്ഞു. പ്രൊഡക്ഷനിൽ നിന്ന് പറഞ്ഞ കാരണം കൂടെ ഉള്ള ആർടിസ്റ്റിന് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് പോകണം എന്നതുകൊണ്ടാണ്. അതിനിടയിൽ 6, 7 തീയതികളിൽ ഡാൻസ് റിഹേർസൽ അറിയിച്ചത് അനുസരിച്ചു ഞാൻ പോയി ചെയ്തു. പ്രൊഡ്യൂസറിന്റെ പരാതിയിൽ പറയുന്നുണ്ട്, ഫെബ്രുവരി 28 ക്ലൈമാക്സ് ഷൂട്ടിനിടയിൽ എന്റെ മദർ പറഞ്ഞു ഫെബ്രുവരി 28 വരെ ഷൂട്ടിന് സഹകരിക്കുകയുള്ളൂ എന്ന്, അതും തെറ്റായ ആരോപണം ആണ്. അതിന്റെ സത്യാവസ്ഥ ഇത് ആണ്; പലവട്ടം ഒരു മീറ്റിങിനായി കൺട്രോളറെയും പ്രൊഡ്യൂസറിനെയും വിളിച്ചിട്ടു യാതൊരുവിധ മറുപടിയും തന്നില്ല. പിന്നീട് ജനുവരി അവസാനം ഒരു അപ്പോയ്ന്റ്‌മെന്റ് കിട്ടി. അഞ്ചുമനയ്ക്കു അടുത്തുള്ള ഓഫിസിൽ വച്ച് മീറ്റിങ് നടന്നു. ആ മീറ്റിങിൽ കൺട്രോളർ ജാവേദും ഒണ്ടായിരുന്നു. മീറ്റിംഗിൽ മദർ പറഞ്ഞത് എഗ്രിമെന്റ് പ്രകാരം 55 ദിവസം ഫെബ്രുവരി 14 നു തീരും എന്നും ഫെബ്രുവരി 28 വരെ ഷൂട്ടിന് വരാം എന്നും ആയിരുന്നു.

അത് പറയാൻ ഉണ്ടായ കാരണം അടുത്ത പടത്തിനു പോകേണ്ടതുകൊണ്ടും ആർഡിഎക്സിന്റെ ഷൂട്ട് പ്രതീക്ഷിച്ചതിലും കൂടുതൽ നീണ്ടു പോവും എന്ന് മനസിലായത് കൊണ്ട് ആണ്. എന്റെ അടുത്ത സിനിമയുടെ ഡേറ്റിനു വ്യക്തത കൊടുക്കാൻ സാധിക്കാത്തതു കൊണ്ട് അവർ അഡ്വാൻസ് തുക തിരിച്ചു ചോദിച്ചു. അതുകൊണ്ടു ആർഡിഎക്സിന്റെ പ്രൊഡ്യൂസറിനോട് മദർ കൂടുതൽ തുക ആവശ്യപ്പെട്ടത് അഡ്വാൻസ് തുക തിരിച്ചു കൊടുക്കാൻ ആയിരുന്നു. അത് യാതൊരുവിധത്തിലും അംഗീകരിക്കാൻ പറ്റില്ല എന്നും സിനിമ തീരുന്നത് വരെ സഹകരിക്കണം എന്നു പറഞ്ഞു ഇൻസൾട്ട് ചെയ്താണ് തിരിച്ചു വിട്ടത്. അതുകൊണ്ടു ആണ് ഞാൻ എന്റെ സംഘടനയെ വിവരം അറിയിച്ചത്. പിന്നീട് അമ്മയുടെ സെക്രട്ടറി ആയ ഇടവേള ബാബു ചേട്ടൻ ഈ വിഷയത്തിൽ ഇടപെട്ടു മാർച്ച് 8 നു പ്രൊഡ്യൂസർ അസോസിയേഷനിൽ വച്ച് ഒരു പരിഹാരം ഉണ്ടാക്കി തന്നു.

ഇപ്പോൾ പ്രൊഡ്യൂസർ നൽകിയ പരാതിയിൽ മാർച്ച് 1 മുതൽ ഞാൻ സഹകരിക്കാത്തതുകൊണ്ടാണ് ഷൂട്ട് നടക്കാഞ്ഞത് എന്ന് പറയുന്നു. പക്ഷേ മാർച്ച് 8 നു നടന്ന മീറ്റിങിൽ പ്രൊഡ്യൂസറും കോൺട്രോളറും ഇടവേള ബാബു ചേട്ടന്റെയും പ്രൊഡ്യൂസർ അസോസിയേഷൻ ഭാരവാഹികളുടെയും മുമ്പാകെ ലൊക്കേഷനിൽ ഏറ്റവും മാന്യമായിട്ടും കൃത്യനിഷ്ഠയോടെയും പെരുമാറിയ ആർട്ടിസ്റ്റ് ഞാൻ ആണ് എന്ന് പറഞ്ഞത് ഞാൻ ഈ അവസരത്തിൽ ഓർമിപ്പിക്കുന്നു. ഇപ്പോ എന്തുകൊണ്ടാണ് ഇങ്ങനെ മാറ്റി പറയുന്നത് എന്ന് മനസിലാവുന്നില്ല. അതുപോലെ തന്നെ ആ മീറ്റിങിൽ വച്ച് മാർച്ച് 31 കൊണ്ട് ഷൂട്ട് തീരും എന്ന് പ്രൊഡ്യൂസർ ഉറപ്പു നൽകിയുരുന്നു, എന്നിട്ടു സിനിമ പാക്കപ്പ് ആയതു ഏപ്രിൽ 13 നു ആണ്. ഇനീം ഒരു ദിവസം കൂടെ ഷൂട്ട് ഉണ്ട് എന്ന ഡയറക്ടർ അറിയിച്ചിരുന്നു.

മാർച്ച് 8 നു മീറ്റിങ് നടന്നതിന് ശേഷം മാർച്ച് 9 മുതൽ 28 വരെ ഷൂട്ട് ഒണ്ടായിരുന്നു അതിൽ 27 , 28 ഉം പ്രിയൻ സാറിന്റെ സിനിമയുടെ പ്രൊമോഷന് വേണ്ടി പോകണം എന്ന് നേരത്തെ അറിയിച്ചിരുന്നു. ഇന്നസെന്റ് ഏട്ടൻ മരണപ്പെട്ടത് കൊണ്ട് 27 ഇന് പ്രമോഷൻ നടന്നില്ല അപ്പോ ഉച്ച കഴിഞ്ഞ് ഷൂട്ടിന് വിളിച്ചപ്പോൾ ഞാൻ ചെന്നു. പിറ്റേ ദിവസം സിനിമയുടെ പ്രമോഷൻ ഉള്ളതിനാൽ രാത്രി 12 നു തീർത്തു വിടാം എന്ന് സംവിധായകനും ചീഫ് അസ്സോഷ്യേറ്റും, കോൺട്രോളറും സമ്മതിച്ചതും ആണ്. വെളുക്കെ 1:35 വരെ സഹകരിച്ചതിനു ശേഷം ചീഫ് അസ്സോഷ്യേറ്റ് വിശാഖിനെ അറിയിച്ചിട്ടാണ് ഞാൻ ഇറങ്ങിയത്. തീരെ വയ്യാത്തതുകൊണ്ടു അവിടെ ഉണ്ടായ മുതിർന്ന ആർട്ടിസ്റ്റുകളോട് പോലും പറയാതെ പോരേണ്ടി വന്നു.

മാർച്ച് 29 നു പ്രൊമോഷൻ കഴിഞ്ഞേ എനിക്കെ തലവേദനയും തളർച്ചയും കാരണം റെനൈ മെഡിസിറ്റിയിൽ അഡ്മിറ്റ് ആയി. അപ്പോൾ ഡോക്ടർ പറഞ്ഞത്, ബോഡി വളരെ വീക്ക് ആണെന്നും റസ്റ്റ് ആവശ്യം ആണെന്നും. ഇതു കാരണം 90 കളിലെ കാലഘട്ടത്തിനുവേണ്ടി വെയിറ്റ് ലോസ് ചെയ്യാൻ ഒരു നേരം മാത്രം ഭക്ഷണംകഴിച്ചതു കൊണ്ടും നൈറ്റ് ഷൂട്ടും ഡേ ഷൂട്ടുകളും മാറി മാറി വന്നത് കൊണ്ടുള്ള ഉറക്ക കുറവും ആണ്. ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ വിവരം ഞങ്ങളെ നിരന്തരം ആയി വിളിക്കുന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ അറിയിച്ചു. അതു കഴിഞ്ഞ് ഞാനും കൂടെ അഭിനയിക്കുന്ന ആർട്ടിസ്റ്റും അവൈലബിൾ അല്ലാത്തത് കൊണ്ടും 30 ഉം 31 ഉം ബ്രേക്ക് ആണെന്ന പ്രൊഡക്ഷൻ സൈഡിൽ നിന്ന് അറിയിച്ചു. പിന്നെ ഏപ്രിൽ 1 തൊട്ട് 7 വരെ ആരക്കുന്നത്ത് ഷൂട്ട്. അത് കഴിഞ്ഞ് 8 നു ബ്രേക്ക്. 9 മുതൽ 13 വരെ ഷൂട്ട് ചെയ്തു പാക്കപ്പ് ആയി.

പ്രൊഡ്യൂസറിന്റെ പരാതിയിൽ ഉണ്ടായ ചാംപ്യൻഷിപ് ഷൂട്ട് നടക്കാതെ പോയതിന്റെ സത്യാവസ്ഥ; ഈ ഷൂട്ട് ചെയ്യുന്നതിന്റെ ലേ ദിവസം വെളുക്കെ 1:30 യോടെ ഷൂട്ട് കഴിഞ്ഞ് അപ്പോ തന്നെ സംവിധായകനോടും ചീഫ് അസ്സോഷ്യേറ്റിനോടും രാവിലെ 10 നു ശേഷം വരുന്നതിനു അനുവാദം വാങ്ങിയിരുന്നു അപ്പോ അവർ ബാക്കി ആർട്ടിസ്റ്റുകളെ വച്ച് തുടങ്ങിക്കോളാം എന്ന് പറഞ്ഞു. പിന്നെ എന്ത് കൊണ്ട് ഷൂട്ട് നടന്നില്ല എന്ന് എനിക്ക് അറിയില്ല. പിന്നീട് ലൊക്കേഷൻ ഷിഫ്റ്റ് ആണ് എന്ന് അറിയിച്ചു. പ്രൊഡ്യൂസറിന്റെ പരാതി പ്രകാരം മാർച്ച് 20 ന് ഉണ്ടായത്; മൈഗ്രെയ്ൻ ആയതു കൊണ്ട് വരാൻ അൽപം ലേറ്റാവും എന്നു വിളിച്ചു പറഞ്ഞപ്പോൾ ഷെയ്ൻ വരാതെ ഷൂട്ട് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു. അപ്പോത്തന്നെ മെഡിസിൻ എടുത്തു വരാം എന്ന് അറിയിച്ചു. അതിനെ ശേഷം പ്രൊഡ്യൂസറിന്റെ ഭർത്താവ് പോൾ സർ വിളിച്ചു എന്റെ അമ്മയോട് ബഹുമാനമില്ലാതെ സംസാരിക്കുകയും മൈഗ്രെയ്ൻ ഉള്ളത് നുണയാണ് എന്നൊക്കെ പറഞ്ഞപ്പോൾ ലൊക്കേഷനിൽ എന്റെ അമ്മയും ഇമോഷനൽ ആയി റിയാക്ട് ചെയ്തു, അതിനു ഖേദം അറിയിക്കുന്നു.

പിന്നെ പരാതിയിൽ ഉണ്ടായത് ഡാൻസ് മാസ്റ്ററും ടീമും എന്നെ വെയിറ്റ് ചെയ്തു എന്ന്. ആ ദിവസത്തിന്റെ ലേന്നും വെളുക്കെ 2 വരെ ഷൂട്ടും ഫൈറ്റിന്റെ മുറിവ് പാടുകളും റിമൂവ് ചെയ്തു ലൊക്കേഷനിൽ നിന്ന് വീട് എത്തിയപ്പോൾ 3:30 ആയി. രാവിലെ 11:45 ഇന് ലൊക്കേഷനിൽ എത്തി 90 കാലഘട്ടത്തിന്റെ ഗെറ്റ് അപ്പ് ചേഞ്ച് ഒക്കെ കഴിഞ്ഞ് പറഞ്ഞപോലെ ഉച്ചയോടെ ഷൂട്ട് തുടങ്ങുകയും ചെയ്തു. ഞാൻ എനിക്ക് പ്രോമിസ് ചെയ്ത കാര്യത്തിൽ വ്യക്തത വരുത്താൻ സംവിധായകനുമായി സംസാരിച്ചപ്പോൾ ഡയറക്ടർ തന്നെ ആണ് എടുത്ത് കണ്ടു നോക്ക് എന്നു പറഞ്ഞത് അല്ലാതെ ഞാൻ അല്ല എഡിറ്റ് കാണണം എന്ന് ആവശ്യപെട്ടത്. ഞാൻ അയച്ച, പരാതിക്കു അടിസ്ഥാനം എന്ന് പറയുന്ന മെയിലിന്റെ കോപ്പിയും ഇതോടോപ്പം ചേർക്കുന്നു. അതിൽ ഞാൻ എഴുതിയത് എന്താണ് എന്ന് 'അമ്മ' ഭാരവാഹികൾ വായിച്ചു നോക്കണം എന്ന് റിക്വസ്റ്റ് ചെയ്യുന്നു.

ഇത് എല്ലാം ആണ് ആർഡിഎക്സ് സിനിമയും ആയി സംഭവിച്ച യാഥാർഥ്യങ്ങൾ. അവിടെ വർക്ക് ചെയ്ത ബാക്കി ഉള്ളവരോട് ചോദിച്ചാലും എന്റെ സത്യാവസ്ഥ മനസിലാവും. അതുപോലെ തന്നെ മാധ്യമങ്ങളിൽ എനിക്കെതിരെ വരുന്ന നുണ പ്രചാരണങ്ങൾ കാരണം ഞാൻ ഒരുപാടു മാനസിക വിഷമം അനുഭവിക്കുന്നുണ്ട്. ഇതിന് എനിക്കൊരു പരിഹാരം ഉണ്ടാക്കി തരണം എന്ന് എന്റെ സംഘടനയോട് വിനീതമായി അപേക്ഷിക്കുന്നു. എന്ന് വിശ്വസ്തയോടെ, ഷെയ്ൻ നിഗം...

അതേസമയം, ആർഡിഎക്സ് ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ഷെയ്ൻ നിർമാതാവിന് അയച്ച ഇമെയിലും തുടർന്ന് സോഫിയ പോൾ പ്രൊഡ്യുസേഴ്സ് അസോസിയേഷന്അയച്ച കത്തും ഇതിനിടെ പുറത്തുവന്നിരുന്നു. ഷെയ്ൻ നിഗം കാരണം ഷൂട്ടിങ് തടസ്സപ്പെട്ടുവെന്നും ഇത് മൂലം നാണക്കേടും മാനക്കേടും ധനനഷ്ടവും വന്നുവെന്നാണ് സോഫിയ ആരോപിച്ചത്. ഷെയ്നും അമ്മയും ഷൂട്ടിങ് സെറ്റിൽ നിരന്തരം ഓരോ കാരണങ്ങൾ പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നാണ് കത്തിൽ സോഫിയ പോൾ പറയുന്നത്.

TAGS: SHANE NIGAM, AMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.