ഇടുക്കി: ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. പുലർച്ചെ നാലുമണിയോടെയാണ് ദൗത്യം ആരംഭിച്ചത്. കാലാവസ്ഥ അനുകൂലമാണെന്നും ദൗത്യത്തിന് വനംവകുപ്പ് പൂർണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.
ചിന്നക്കനാൽ സിമന്റ് പാലത്തിനടുത്ത് വേസ്റ്റ്കുഴിക്ക് സമീപം അരിക്കൊമ്പനെ കണ്ടെത്തി. അരിക്കൊമ്പനൊപ്പം കുട്ടിയാനകളടക്കമുള്ള കൂട്ടമുണ്ട്. പടക്കം പൊട്ടിച്ചിട്ടും അരിക്കൊമ്പനെ ഒറ്റപ്പെടുത്താൻ സാധിച്ചിട്ടില്ല. വാഹനമെത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് ആന നിൽക്കുന്നത്. കുങ്കിയാനകളെ ഇങ്ങോട്ടെത്തിച്ചിട്ടുണ്ട്.
അതേസമയം, മിഷൻ അരിക്കൊമ്പൻ ഇന്ന് തന്നെയുണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കാലാവസ്ഥ അനുകൂലമാണെന്നും അരിക്കൊമ്പനെ എവിടേക്കാണ് മാറ്റുന്നതെന്ന് രഹസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ നിന്നെത്തിയ റാപ്പിഡ് റെസ്‌പോൺസ് ടീമും (ആർ.ആർ.ടി) ആറ് ഡോക്ടർമാരുടക്കം വിവിധ വകുപ്പുകളിലെ 150ലേറെ ഉദ്യോഗസ്ഥരാണ് സ്ഥലത്തുള്ളത്.
നാല് മണിക്കൂറിനുള്ളിൽ ദൗത്യം പൂർത്തിയാക്കാനാണ് ശ്രമം. മുൻകരുതലായി ചിന്നക്കനാൽ പഞ്ചായത്ത് പൂർണമായും ശാന്തമ്പാറയിലെ 1, 2, 3 വാർഡുകളിലും പുലർച്ചെ നാല് മുതൽ ഓപ്പറേഷൻ തീരുന്നത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |