ബംഗളുരും : ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്നെത്തിയ മലയാളികൾ ബംഗളുരു വിമാനത്താവളത്തിൽ കുടുങ്ങി. യെല്ലോ ഫീവർ പ്രതിരോധ വാക്സിൻ കാർഡ് ഇല്ലെങ്കിൽ പുറത്തിറങ്ങാനാകില്ലെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കിയതിനെ തുടർന്നാണ് സംഭവം. അല്ലെങ്കിൽ അഞ്ചുദിവസം സ്വന്തം ചെലവിൽ ക്വാറന്റീനിൽ പോകണമെന്നും അധികൃതർ നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസങ്ങളിലായി നിരവധി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സംഘം ഡൽഹി, മുംബയ് വിമാനത്താവളങ്ങളിൽ സുഡാനിൽ നിന്നെത്തിയിരുന്നു. എന്നാൽ ആ എയർപോർട്ടുകളിൽ ഇല്ലാത്ത നിബന്ധനയാണ് ബംഗളുരും എയർപോർട്ട് അധികൃതരുടേത്. വിദേശകാര്യ മന്ത്രാലയത്തിന്റെ നിബന്ധന അനുസരിച്ച് യെല്ലോ ഫീവർ പ്രതിരോധ വാക്സിൻ കാർഡ് ഇല്ലെങ്കിൽ പുറത്തിറക്കാനാകില്ലെന്നാണ് അധികൃതരുടെ വാദം.
രക്ഷപ്പെട്ട് നാട്ടിലെത്തിയ തങ്ങൾക്ക് ക്വാറന്റീൻ ചെലവ് കൂടി വഹിക്കാനുള്ള ശേഷിയില്ലെന്നാണ് യാത്രക്കാർ പറയുന്നത്. അതേസമയം വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |