
ന്യൂക്: ഗ്രീൻലൻഡിനെ സ്വന്തമാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങളെത്തുടർന്ന് കണ്ണുകളെല്ലാം ലോകത്തിലെ ഏറ്റവും വലിയ ഈ ദ്വീപിലാണ്. ഗ്രീൻലൻഡ്, വെനസ്വേല, കാനഡ എന്നിവയെ യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന എഐ മാപ്പ് ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഡെൻമാർക്കിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണാധികാരമുള്ള ദ്വീപായ ഗ്രീൻലൻഡിനെ ദേശീയ സുരക്ഷ മുൻനിറുത്തി യുഎസിന് വേണമെന്നാണ് ട്രംപിന്റ ആവശ്യം. പണം നൽകിയോ വേണ്ടി വന്നാൽ സൈന്യത്തെ ഉപയോഗിച്ചോ സ്വന്തമാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
നോക്കെത്താ ദൂരത്തോളം മഞ്ഞുമൂടിക്കിടക്കുന്ന, പച്ചപ്പ് വിരളമായി മാത്രം കാണുന്ന ഈ പ്രദേശത്തിനായി എന്തിനാണ് ആഗോളശക്തികൾ കൊമ്പുകോർക്കുന്നതെന്ന് ചിന്തിക്കാത്തവർ കുറവായിരിക്കും. ഗ്രീൻലൻഡിന്റെ തണുത്തുറഞ്ഞ പ്രതലത്തിന് കീഴിൽ ആഗോള ശക്തി സമവാക്യങ്ങളെ പുനർനിർമ്മിക്കാൻ കഴിയുന്ന തന്ത്രപരവും സാമ്പത്തികവുമായ നിധിയുണ്ടെന്നതാണ് ഇതിനുകാരണം.
ട്രംപ് ഗ്രീൻലൻഡിനെ ഒരു റിയൽ എസ്റ്റേറ്റ് ഇടപാടുകാരന്റെ കണ്ണിലൂടെയാണ് നോക്കിക്കാണുന്നതെന്നാണ് നയതന്ത്ര വിദഗ്ദ്ധരുടെ വിലയിരുത്തൽ. ദ്വീപിന്റെ മഞ്ഞിനടിയിലായി അപൂർവ ഭൗമ മൂലകങ്ങളുടെയും (റേറ് എർത്ത് എലമെന്റ്‌സ്) ആധുനിക സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ ധാതുക്കളുടെയും വലിയ ശേഖരം ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. ഇതിലാണ് ട്രംപിന്റെ കണ്ണും.
സ്മാർട്ട്‌ഫോൺ സ്പീക്കറുകൾ, ഹാർഡ് ഡ്രൈവുകൾ, ഇലക്ട്രിക് വാഹന മോട്ടോറുകൾ എന്നിവയുടെ നിർമാണത്തിനാവശ്യമായ നിയോഡൈമിയം, വിമാന എഞ്ചിനുകളിലും ഉയർന്ന തീവ്രതയുള്ള ഗ്ലാസ് വെൽഡിംഗിലും ഉപയോഗിക്കുന്ന പ്രസിയോഡൈമിയം, ന്യൂക്ലിയർ റിയാക്ടർ കൺട്രോൾ റോഡുകൾക്കും ലേസർ സിസ്റ്റംഗൾക്കും അത്യാവശ്യമായ ഡിസ്‌പ്രോസിയം, എൽഇഡി ലൈറ്റുകളിലും ടെലിവിഷൻ സ്‌ക്രീനുകളിലും നിറവും തെളിച്ചവും വർദ്ധിപ്പിക്കുന്ന ടെർബിയം, ഹൈബ്രിഡ് കാർ ബാറ്ററികളിലും ഉയർന്ന കൃത്യതയുള്ള ക്യാമറ ലെൻസുകളിലും ഉപയോഗിക്കുന്ന ലാന്തനം എന്നിവ ഗ്രീൻലൻഡിൽ ഒളിഞ്ഞിരിക്കുന്ന ധാതുക്കളിൽ ഉൾപ്പെടുന്നു.
ഈ മൂലകങ്ങൾക്ക് പകരം വയ്ക്കാൻ നിലവിൽ മറ്റ് വസ്തുക്കളില്ല. ഇവയില്ലെങ്കിൽ ആഗോള സാങ്കേതികവിദ്യ പതിറ്റാണ്ടുകൾ പിന്നോട്ട് പോകുമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. നിലവിൽ അപൂർവ ഭൗമ ധാതുക്കളുടെ ആഗോള വിതരണത്തിന്റെ 80-90 ശതമാനം നിയന്ത്രിക്കുന്നത് ചൈനയാണ്. ഈ മേഖലയിലെ ചൈനയുടെ ആധിപത്യം തെല്ലൊന്നുമല്ല അമേരിക്കയെ ആശങ്കപ്പെടുത്തുന്നത്. ധാതുക്കളുടെ വിതരണത്തിലെ തടസം പ്രതിരോധം മുതൽ പുനരുപയോഗ ഊർജ്ജം വരെയുള്ള വ്യവസായങ്ങൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഗ്രീൻലൻഡിന്റെ ധാതു സമ്പത്ത് ചൈനയുടെ കുത്തക തകർക്കാനുള്ള നിർണായക പിടിവള്ളിയാണ്.
ദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനവും അമേരിക്കയുടെ ഗൂഢലക്ഷ്യങ്ങൾക്ക് പിന്നിലുണ്ട്. വടക്കേ അമേരിക്കയ്ക്കും യൂറോപ്പിനും ആർട്ടിക് പ്രദേശത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻലാൻഡ് റഷ്യൻ, ചൈനീസ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഒരു നിർണായക വീക്ഷണകോണായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്താൽ മഞ്ഞുരുകൽ വർദ്ധിക്കുന്നത് കണക്കിലെടുത്താൽ വടക്കൻ കടൽ പാതയും സഞ്ചാരയോഗ്യമായിക്കൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിയാം ഇത് യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള കപ്പൽ യാത്രാ ദൂരം ഗണ്യമായി കുറയ്ക്കുന്നുവെന്നതും ട്രംപ് മനസിൽക്കാണുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |