കൊച്ചി: ലോട്ടറി സമ്മാന വിതരണം അതിവേഗത്തിലാക്കാൻ സംസ്ഥാന ലോട്ടറി വകുപ്പ് സ്കാനിംഗ് മെഷീനുകൾ വാങ്ങുന്നു. എ.ടി.എമ്മിന്റെ മാതൃകയിലുള്ളമെഷീനുകൾ ജില്ലാ ഓഫീസുകളിൽ സ്ഥാപിക്കും. പ്രതിദിനം 3 ലക്ഷം സമ്മാന ടിക്കറ്റുകൾ സംസ്ഥാനത്തെ വിവിധ ലോട്ടറി ഓഫീസുകളിലെത്തുന്നുണ്ട്. പുലർച്ചെ തന്നെ ഏജന്റുമാർ ഓഫീസുകളിലെത്തി ടോക്കൺ എടുത്ത് ക്യൂ നിന്നാണ് ടിക്കറ്റുകൾ ഏല്പിച്ച് തുക കൈപ്പറ്റുന്നത്. ടിക്കറ്റിലെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് വൗച്ചർ എഴുതി കാശ് കൈമാറുമ്പോൾ ഒരുപാട് സമയം പാഴാകും.
പതിനായിരക്കണക്കിന് ടിക്കറ്റുമായാണ് വലിയ ഏജന്റുമാർ എത്തുന്നത്. ഇത് ഓരോന്നായി സ്കാൻ ചെയ്യണം. മെഷീനുകൾ സ്ഥാപിച്ചാൽ ഈ കാലതാമസം ഒഴിവാകും. ഏജന്റുമാർക്കും ലോട്ടറി ജീവനക്കാർക്കും സഹായകരമാകും. മെഷീനിലാണെങ്കിൽ നോട്ടെണ്ണൽ മെഷീൻ പോലെ ടിക്കറ്റുകൾ നിക്ഷേപിക്കാം. അതിവേഗം ക്യൂ ആർ കോഡ് റീഡ് ചെയ്ത് ലഭിക്കും. എത്ര മെഷീൻ വേണം, പദ്ധതിക്കാവശ്യമായ തുക എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
സമ്മാനങ്ങളുടെ എണ്ണം കൂടും
ലോട്ടറി സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കലും പരിഗണനയിലാണ്. നിലവിൽ 100 രൂപയാണ് ഏറ്റവും ചെറിയ സമ്മാനം. ഇത് 40, 50 രൂപയാക്കി മാറ്റാനും ആലോചനയുണ്ട്. ബമ്പർ ഒഴികെയുള്ള ടിക്കറ്റുകളുടെ നിലവിലെ വില 40, 50 രൂപയാണ്. ടിക്കറ്റിന്റെ വില ഏറ്റവും ചെറിയ സമ്മാനമാക്കി മാറ്റുന്നതോടെ ലോട്ടറി ഓഫീസുകളുടെ ജോലിയും വർദ്ധിക്കും. ഇതും കണക്കിലെടുത്താണ് പുതിയ മെഷീനുകൾ വാങ്ങുന്നത്.
എല്ലാ ജില്ലാ ഓഫീസുകളിലും ലോട്ടറി ഡയറക്ടറേറ്റിലും മെഷീൻ സ്ഥാപിക്കാനാണ് ശ്രമം.
എബ്രഹാം റെൻ, ഡയറക്ടർ
ലോട്ടറി വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |