ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ഡോക്യുമെന്ററിയുടെ പേരിൽ ഇന്ത്യൻ സർക്കാരിനെ ഭയപ്പെടുന്നില്ലെന്നും തങ്ങളുടേത് സ്വതന്ത്രമായ നിലപാടാണെന്നും അവകാശപ്പെട്ട ബി.ബി.സി വീണ്ടും വിവാദത്തിൽ. ചെയർമാൻ റിച്ചാർഡ് ഷാർപ് കഴിഞ്ഞ ദിവസം രാജിവച്ചതോടെ ബി.ബി.സിയുടെ സ്വതന്ത്ര സമീപനത്തിനെതിരെ ചോദ്യങ്ങൾ ശക്തമാകുന്നു.
മുൻ ബാങ്കറായ ഇദ്ദേഹം 2020ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസണ് 800,000 പൗണ്ട് ( 10ലക്ഷം ഡോളർ )വായ്പ ലഭ്യമാക്കാൻ സഹായിച്ചെന്നാണ് കണ്ടെത്തൽ. ഇതിന് ശേഷം 2021 ഫെബ്രുവരിയിലാണ് ഷാർപ് ബിബിസി ചെയർമാനായി നിയമിതനായത്. സ്ഥാനമേറ്റെടുക്കുമ്പോൾ ബോറിസുമായി ബന്ധപ്പെട്ട ഇടപാടിലെ തന്റെ പങ്ക് വെളിപ്പെടുത്തിയിരുന്നില്ല.ഷാർപ്പിനെ ചെയർമാനാക്കിയത് ബോറിസിനെ സഹായിച്ചതിന് പ്രതിഫലമായിട്ടാണോ എന്ന തരത്തിൽ അന്വേഷണം തുടരുകയാണ്.
ഷാർപ് സർക്കാരിന്റെ നിയമനച്ചട്ടം ലംഘിച്ചെന്ന അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച രാജി പ്രഖ്യാപിച്ചത്. പുതിയ ചെയർമാനെ കണ്ടെത്താനായി ജൂൺ അവസാനം വരെ ഷാർപ്പ് സ്ഥാനത്ത് തുടരും.
ബിബിസിയുടേത് സ്വതന്ത്ര നിലപാടുകളാണെന്നും സർക്കാർ സ്വാധീനം ചെലുത്തില്ലെന്നുമുള്ള ബ്രിട്ടീഷ് സർക്കാരിന്റെ വാദങ്ങൾക്കെതിരെയാണ് ചോദ്യങ്ങൾ ഉയരുന്നത്. ബിബിസിയുടെ സ്വാതന്ത്ര്യം നിലനിറുത്താനും ദൗത്യങ്ങൾ നിറവേറ്റാനും ചുമതലയുള്ള ഷാർപിന്റെ വീഴ്ച ഗുരുതരമായാണ് രാഷ്ട്രീയ പാർട്ടികൾ വിലയിരുത്തുന്നത്. പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ് സർക്കാരും പ്രതിരോധത്തിലായി.
മോദിയെ പറ്റിയുള്ള ഡോക്യുമെന്ററി ദുരുദ്ദേശ്യപരമാണെന്നും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നുമുള്ള ഇന്ത്യൻ സർക്കാരിന്റെ വാദത്തെ ഷാർപ് അടക്കമുള്ള ബിബിസി അധികൃതർ തള്ളിയിരുന്നു.
അതേസമയം, പ്രധാനമന്ത്രി ഋഷി സുനക് മുമ്പ് ഗോൾഡ്മാൻ സാച്സിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കറായി ജോലി ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ മേധാവിയായിരുന്നു ഷാർപ്. 23 വർഷമാണ് ഷാർപ് ഗോൾഡ്മാൻ സാച്സിൽ ഉന്നത പദവി വഹിച്ചത്. കൺസർവേറ്റീവ് പാർട്ടിക്ക് ഷാർപ് 400,000 പൗണ്ട് സംഭാവന നൽകിയിരുന്നെന്നും വെളിപ്പെടുത്തിയിരുന്നു. ഷാർപിന്റെ രാജി സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള ആയുധമാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷമായ ലേബർ പാർട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |