രണ്ട് ലക്ഷത്തോളം കായിക താരങ്ങൾക്ക് പരിശീലനം നൽകുന്ന റൈസിംഗ് സ്റ്റാർ പദ്ധതിയുമായി കേരള സ്പോർട്സ് അസോസിയേഷൻ മെമ്പേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി
തിരുവനന്തപുരം : ലഹരിയുടെ നീരാളിക്കയ്യിൽ നിന്ന് പുതുതലമുറയെ കായികരംഗത്തേക്ക് ആകർഷിക്കാൻ കേരളത്തിലെ കായിക അസോസിയേഷനുകളുടെ കൂട്ടായ്മ രൂപീകരിച്ച കേരള സ്പോർട്സ് അസോസിയേഷൻ മെമ്പേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 'റൈസിംഗ് സ്റ്റാർ" പദ്ധതി. വിവിധ കായിക ഇനങ്ങളിലായി പ്രതിവർഷം രണ്ടുലക്ഷത്തോളം കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്നതാണ് പദ്ധതി. ഇതിൽ മികവ് പുലർത്തുന്നവർക്ക് ഇന്ത്യയിലെ മികച്ച പരിശീലകർക്ക് കീഴിൽ പരിശീലനം നേടാനുള്ള അവസരമൊരുക്കും. പദ്ധതിയിൽ പങ്കാളികളാകുന്ന കുട്ടികൾക്ക് സമ്മാനമായി റൈസിംഗ് സ്റ്റാർ ജഴ്സിയും നൽകും.
കളിസ്ഥലങ്ങളുടെ കുറവ് നികത്താനുള്ള ശ്രമവും ഈ പദ്ധതിയുടെ ഭാഗമായി സ്പോർട്സ് അസോസിയേഷൻ വെൽഫെയർ സൊസൈറ്റി നടത്തുന്നുണ്ട്. സ്കൂളുകൾ,കോളേജുകൾ,പഞ്ചായത്തുകൾ,സംഘടനകൾ എന്നിവ നൽകുന്ന സ്ഥലത്ത് അവർ ആവശ്യപ്പെടുന്ന ഗെയിമുകൾക്ക് വേണ്ട കളി സ്ഥലം സൊസൈറ്റി പണം മുടക്കി നിർമ്മിച്ചുനൽകുന്നതാണ് പദ്ധതി. അവിടെ സായാഹ്നവേളകളിലും അവധിദിവസങ്ങളിലും ചെറിയ ഫീസ് നൽകി പൊതുജനങ്ങൾക്ക് കളിക്കാനുള്ള അവസരവുമൊരുക്കും. സ്പോർട്സ് സാമൂഹ്യജീവിതത്തിന്റെ ഭാഗമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കായിക ഉപകരണങ്ങൾ
വൻ വിലക്കുറവിൽ
സംസ്ഥാനത്തെ കായികതാരങ്ങൾക്ക് ആവശ്യമായ സ്പോർട്സ് സാമഗ്രികൾ വിലക്കുറവിൽ ലഭ്യമാക്കാനായി സൊസൈറ്റി സംസ്ഥാനത്തെ ആറുജില്ലകളിൽ സ്പോർട്സ് ഷോപ്പുകൾ തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയിലാണ് ആദ്യ സ്റ്റോർ തുറന്നത്. കൊല്ലം,മലപ്പുറം,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് മറ്റ് ഷോപ്പുകൾ. 14 ജില്ലകളിലേക്കും ഷോപ്പുകൾ വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.
ഇന്ത്യയിലെയും വിദേശത്തേയും മുൻനിര കായികഉപകരണ നിർമ്മാതാക്കളിൽ നിന്ന് ഒന്നിച്ച് പർച്ചേസ് നടത്തി ആ ലാഭം കായികതാരങ്ങൾക്ക് നേരിട്ട് ലഭ്യമാക്കുകയാണ് സൊസൈറ്റി ചെയ്യുന്നത്.
സഹകരണത്തിലൂടെ
സ്പോർട്സ് വളർച്ച
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |