കൊളംബോ : ശ്രീലങ്കയെ ഫൈനലിൽ 97 റൺസിന് തോൽപ്പിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് കൊളംബോയിൽ നടന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ കിരീടം. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 342/7 എന്ന സ്കോർ ഉയർത്തിയപ്പോൾ ലങ്ക 48.2 ഓവറിൽ 245 റൺസിന് ആൾഔട്ടായി.
സെഞ്ച്വറി നേടിയ സ്മൃതി മാൻഥനയുടെയും (116) പിന്തുണ നൽകിയ പ്രതിക റാവൽ (30),ഹർലീൻ ഡിയോൾ(47), ഹർമൻ പ്രീത് കൗർ(41), ജെമീമ റോഡ്രിഗസ് (44) എന്നിവരുടെയും ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കൂറ്റൻസ്കോർ നൽകിയത്. ഓപ്പണറായി ഇറങ്ങി 33-ാം ഓവർവരെ ക്രീസിൽ നിന്ന സ്മൃതി 101 പന്തുകളിൽ 15 ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെയാണ് 116 റൺസ് നേടിയത്. സ്മൃതിയുടെ കരിയറിലെ 11-ാമത് ഏകദിന സെഞ്ച്വറിയിരുന്നു ഇത്. 54 സിക്സുകളുമായി വനിതാ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ഇന്ത്യൻ താരമെന്ന ഹർമൻപ്രീത്കൗറിന്റെ(53) റെക്കാഡും സ്മൃതി മറികടന്നു.
മറുപടിക്കിറങ്ങിയ ലങ്കൻ നിരയിൽ ക്യാപ്ടൻ ചമരി അട്ടപ്പട്ടു(51), നിലാശിക സിൽവ (48), വിഷ്മി ഗുണരത്നെ (36) തുടങ്ങിയവർ പൊരുതിനോക്കിയെങ്കിലും ഗുണമുണ്ടായില്ല. നാലുവിക്കറ്റ് വീഴ്ത്തിയ സ്നേഹ് റാണയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അമൻജോത് കൗറും ചേർന്നാണ് ലങ്കയെ എറിഞ്ഞൊതുക്കിയത്.സ്മൃതിയാണ് പ്ളേയർ ഒഫ് ദ മാച്ച്. ആകെ 15 വിക്കറ്റുകൾ വീഴ്ത്തിയ സ്നേഹ് റാണ പ്ളേയർ ഒഫ് ദ ടൂർണമെന്റായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |