കൊച്ചി: വനങ്ങളോട് ചേർന്നുള്ള ജനവാസ മേഖലകളിലെ വന്യജീവി ആക്രമണങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ടു നൽകുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട ഹർജികളിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അരിക്കൊമ്പൻ കേസിലെ അമിക്കസ് ക്യൂറി സീനിയർ അഭിഭാഷകൻ എസ്. രമേഷ് ബാബുവിനെ സമിതിയുടെ കൺവീനറായി ഡിവിഷൻ ബെഞ്ച് നിയോഗിച്ചു. മറ്റ് അംഗങ്ങൾ ആരൊക്കെയെന്ന് മേയ് 17 നു ഹർജി പരിഗണിക്കുമ്പോൾ വ്യക്തമാക്കണമെന്ന് അഡി. അഡ്വക്കേറ്റ് ജനറൽ അശോക്. എം. ചെറിയാൻ, അഡ്വ. രമേഷ് ബാബു എന്നിവരോട് കോടതി ആവശ്യപ്പെട്ടു.
സമിതിയുടെ ചുമതല
1. വന്യജീവികളും മനുഷ്യരും തമ്മിൽ ഏറ്റുമുട്ടലുള്ള മേഖലകൾ കണ്ടെത്തുക
2. ആക്രമണത്തിനുള്ള കാരണങ്ങളും പരിഹാരവും പഠിച്ചു നിർദ്ദേശിക്കുക
3. ആനത്താരകൾ പുനഃസ്ഥാപിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും
4. വനം കൈയേറ്റം, അനധികൃത നിർമ്മാണം തുടങ്ങിയവ പഠിച്ചു റിപ്പോർട്ട്
5. പ്രശ്നങ്ങൾക്കുള്ള ഹ്രസ്വകാല, ദീർഘകാല പരിഹാരങ്ങൾ എന്തൊക്കെ
മാലിന്യം തള്ളൽ തടയണം
വനമേഖലയിൽ മാലിന്യങ്ങൾ തള്ളുന്നത് വന്യമൃഗങ്ങൾ കാടിറങ്ങാൻ കാരണമാണെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച് ഇതിനെതിരെ നടപടി വേണമെന്ന് നിർദ്ദേശിച്ചു. മാലിന്യം തള്ളുന്നവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചതായി ഇടുക്കി ജില്ല പൊലീസ് മേധാവി അറിയിച്ചു. വനമേഖലയിൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ അനധികൃതമായി ഷെഡുകൾ നിർമ്മിക്കുന്നുണ്ടെന്ന് ജില്ല ലീഗൽ സർവീസ് അതോറിറ്റിയും റിപ്പോർട്ടു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |