ക്യാമ്പ് 86 പഞ്ചായത്ത്, 7 നഗരസഭകളിൽ
തൃശൂർ: കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഒരു കുടുംബത്തിലെ ഒരാളെയെങ്കിലും ഉൾപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ ബാങ്കുകളിൽ 86 പഞ്ചായത്തിലും ഏഴ് നഗരസഭകളിലും തൃശൂർ കോർപറേഷനിലും ക്യാമ്പ് നടത്തും. ആദ്യത്തെ ക്യാമ്പ് 12 പഞ്ചായത്തുകളിൽ ശനിയാഴ്ച നടത്തും.
ജൂൺ 30 വരെയുള്ള എല്ലാ ശനിയാഴ്ചയുമാണ് ക്യാമ്പ്. ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ റിസർവ് ബാങ്ക്, നബാർഡ്, ലീഡ് ബാങ്ക് എന്നിവയാണ് 'സുരക്ഷ 2023' ക്യാമ്പിന് നേതൃത്വം നൽകുകയെന്ന് ബാങ്ക് മേധാവികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'പ്രധാനമന്ത്രി സുരക്ഷ ബീമ യോജന'യിൽ 20 രൂപ വാർഷിക പ്രീമിയത്തിൽ രണ്ട് ലക്ഷത്തിന്റെ അപകട ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. പൂർണ അംഗവൈകല്യത്തിന് രണ്ട് ലക്ഷവും പരിമിത വൈകല്യത്തിന് ഒരു ലക്ഷവും ലഭിക്കും. 18നും 70നും ഇടയ്ക്ക് പ്രായമുള്ളവർക്ക് ചേരാം.
436 രൂപ പ്രീമിയം, 2 ലക്ഷം പരിരക്ഷ
436 രൂപ വാർഷിക പ്രീമിയമുള്ള 'പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന'യിൽ രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇൻഷ്വറൻസ് പരിരക്ഷയാണ് ലഭിക്കുന്നത്. എല്ലാവിധ മരണങ്ങൾക്കും പരിരക്ഷയുണ്ട്. പ്രായപരിധി 18-50. രണ്ട് പദ്ധതിയിലും ഒരാൾക്ക് ചേരാം. ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് വേണം. വാർത്താസമ്മേളനത്തിൽ എസ്.ബി.ഐ ജില്ലാ കോർഡിനേറ്റർ പി.ശ്രീരാജ്, സി.എസ്.ബി ബാങ്ക് എ.ജി.എം ആർ.രാജേഷ്, കോർഡിനേറ്റർ ബാബു ജോർജ്, കനറാ ബാങ്ക് ഡിവിഷനൽ മാനേജർ കെ.കെ.അനിൽ കുമാർ, ലീഡ് ബാങ്ക് മാനേജർ എസ്.മോഹനചന്ദ്രൻ എന്നിവർ പങ്കെടുത്തു.
പെൻഷന് അടൽ പെൻഷൻ യോജന
60 വയസ് പൂർത്തിയാകുമ്പോൾ നിശ്ചിത തുക പെൻഷൻ നൽകുന്ന 'അടൽ പെൻഷൻ യോജന'യുമുണ്ട്. 18നും 40നുമിടയ്ക്ക് പ്രായമുള്ള സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് അംഗമാകാം. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻ.ജി.ഒകൾ, സന്നദ്ധ സംഘടനകൾ എന്നിവയ്ക്ക് 0487 2382156, 2388157, 82819 91476 എന്നീ നമ്പറിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |