40% സ്ഥാപനങ്ങളിൽ യു.ഡി.എഫ് ഭരണം
തിരുവനന്തപുരം: കെട്ടിടങ്ങൾക്ക് കുത്തനേ ഉയർത്തിയ നികുതിയിൽ ഏറ്റവും കുറഞ്ഞ സ്ളാബ് ഈടാക്കിയാൽ മതിയെന്ന് യു.ഡി.എഫ് അധികാരത്തിലുള്ള തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിച്ചേക്കും. 40 ശതമാനം പഞ്ചായത്തുകൾ യു.ഡി.എഫാണ് ഭരിക്കുന്നത്. ഇതോടെ, എൽ.ഡി.എഫ് - യു.ഡി.എഫ് പഞ്ചായത്തുകളിൽ രണ്ടുതരം നികുതി എന്ന സ്ഥിതി വരും.
സർക്കാർ നിശ്ചയിച്ചു നൽകിയത് മൂന്നു തരം സ്ളാബാണ്. കുറഞ്ഞതും കൂടിയതുമായ അടിസ്ഥാന നിരക്കുകളിൽ ഉചിതമായത് തദ്ദേശ സ്ഥാപനങ്ങൾക്ക് മാനദണ്ഡം നോക്കി നിശ്ചയിക്കാം.
വികസനം ഉൾപ്പെടെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രദേശങ്ങളെ തരംതിരിച്ച് കെട്ടിട നികുതി കണക്കാക്കുന്നത്. പുതുതായി റോഡ് വികസനം നടന്ന പ്രദേശം, പുതിയ വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്ന പ്രദേശം എന്നിവിടങ്ങളിൽ ഉയർന്ന സ്ളാബ് വരും. ദേശീയ പാതയ്ക്ക് സമീപം, പ്രധാന ജംഗ്ഷൻ എന്നിവിടങ്ങളിലും നികുതി കൂടും.
തദ്ദേശ സ്ഥാപന ഭരണസമിതി സ്ളാബ് നിശ്ചയിച്ച് പത്രപ്പരസ്യം നൽകും. കെട്ടിട ഉടമകൾക്ക് 30 ദിവസത്തിനകം ആക്ഷേപം സമർപ്പിക്കാം.
2011ലാണ് അവസാനമായി വാർഷിക കെട്ടിട നികുതിയുടെ അടിസ്ഥാന നിരക്കുകൾ സർക്കാർ പരിഷ്‌കരിച്ചത്. അന്നത്തെ നിരക്കിന്റെ ഇരട്ടി വർദ്ധനയാണ് അടിസ്ഥാന നിരക്കിൽ ഇപ്പോൾ വരുത്തിയിരിക്കുന്നത്.
ഉന്നം രാഷട്രീയ നേട്ടം
സാധാരണക്കാർക്ക് അമിത സാമ്പത്തിക ബാദ്ധ്യത സൃഷ്ടിച്ചാണ് അടിസ്ഥാന നികുതി നിരക്ക് വർദ്ധിപ്പിച്ചത്. ഉയർന്ന സ്ളാബിലെ നികുതി പിരിക്കേണ്ടെന്ന് തീരുമാനിക്കുന്നത് വരാനിരിക്കുന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലടക്കം യു.ഡി.എഫിന് രാഷ്ട്രീയ നേട്ടമാകും. അതേസമയം, തദ്ദേശ സ്ഥാപനങ്ങൾക്ക് സാമ്പത്തിക നഷ്ടവുമുണ്ടാക്കും.
സർക്കാരിന്റെ
മാർഗ നിർദേശം
വർദ്ധിപ്പിച്ച നിരക്കുകൾ 2023 ഏപ്രിൽ ഒന്നിനു ശേഷം നമ്പർ നൽകുന്ന കെട്ടിടങ്ങൾക്ക് അതേപടി ബാധകം
2023 മാർച്ച് 31ന് മുൻപ് നികുതി നിശ്ചയിച്ച കെട്ടിടങ്ങൾക്ക് പഴയ നിരക്കിനൊപ്പം 5 ശതമാനം വർദ്ധന വരും
2023 ഏപ്രിൽ 1ന് ശേഷം പൂർത്തിയായ കെട്ടിടങ്ങൾക്ക് തത്കാലം പഴയ നിരക്കിൽ നികുതി അംഗീകരിച്ച് നമ്പർ
പുതിയ നിരക്ക് അടയ്ക്കാമെന്ന സമ്മതപത്രം ഏപ്രിൽ 1ന് ശേഷമുള്ള അപേക്ഷകരിൽ നിന്ന് വാങ്ങണം
തദ്ദേശ സ്ഥാപനങ്ങൾ
941: ഗ്രാമ പഞ്ചായത്ത്
152: ബ്ളോക്ക് പഞ്ചായത്ത്
14: ജില്ലാ പഞ്ചായത്ത്
87: മുനിസിപ്പാലിറ്റി
06: കോർപറേഷൻ
1200: ആകെ
തദ്ദേശ സ്ഥാപനങ്ങളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് കെട്ടിടനികുതി വർദ്ധനയ്ക്ക് തീരുമാനിച്ചത്. സർക്കാരിനെ പ്രതിരോധത്തിലാക്കാൻ യു.ഡി.എഫ് രാഷ്ട്രീയലക്ഷ്യം വച്ചുള്ള ഗിമ്മിക്ക് കാട്ടുകയാണ്.
എം.ബി. രാജേഷ്,
തദ്ദേശവകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |