തിരൂർ: മേയ് ഒന്നിന് പരപ്പനങ്ങാടിയുടെയും തിരൂർ റെയിൽവേ സ്റ്റേഷന്റെയും ഇടയിൽ വച്ച് വന്ദേ ഭാരത് എക്സ്പ്രസിന് നേരേയുണ്ടായ കല്ലേറ് സംബന്ധിച്ച അന്വേഷണം ഊർജ്ജിതമാക്കി. തിരുനാവായ റെയിൽവേ സ്റ്റേഷനടുത്തുവച്ചാണ് C-4 കോച്ചിൽ 63, 64 സീറ്റ് നമ്പറിന്റെ ഗ്ലാസിൽ കല്ലെറിഞ്ഞതിന്റെ അടയാളം
റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്. യാത്രക്കാർ എടുത്ത വീഡിയോകൾ, ട്രെയിനിലെ കാമറകൾ എന്നിവ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ ചിറമംഗലത്ത് വച്ചാണ് കല്ലേറ് നടന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. തിരൂർ ആർ.പി.എഫ് എസ്.ഐ സുനിൽകുമാർ, ആർ.പി.എഫ് ക്രൈം ഇന്റലിജന്റ്സ് ബ്യൂറോ, ആർ.പി.എഫ്. സ്പെഷ്യൽ ബ്രാഞ്ച് തുടങ്ങിയവർ ചിറമംഗലം പരിസരത്ത് അന്വേഷണം നടത്തിവരികയാണ്. മുൻപും പല തവണ കല്ലേറുണ്ടായിട്ടുണ്ടെങ്കിലും വന്ദേ ഭാരത് ട്രെയിനിന് നേരെ നടന്ന കല്ലേറ് വളരെ ഗൗരവമായാണ് റെയിൽവേ കാണുന്നത്. അതിനിടെ പ്രതിയെ പിടികൂടിയെന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാർത്ത വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |