ന്യൂഡൽഹി: ആഭ്യന്തര കലാപത്തെത്തുടർന്ന് സുഡാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഓപ്പറേഷൻ കാവേരി അവസാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുഡാൻ വിടാനാഗ്രഹിച്ച 3862 പൗരന്മാരെ ഇന്ത്യയിലെത്തിച്ചു. ഇന്ത്യൻ നാവിക- വ്യോമ സേനകളുടെ കീഴിലായിരുന്നു ദൗത്യം. വരാനുള്ള 47 യാത്രക്കാരുമായി സി 130 വിമാനം എത്തിയതായി വിദേശ കാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ദൗത്യത്തിന്റെ ഭാഗമായ എല്ലാവരുടെയും ധീരതയേയും പ്രതിബദ്ധതയേയും അദ്ദേഹം അഭിനന്ദിച്ചു. ഓപ്പറേഷന്റെ ഭാഗമായവരുടെ സ്ഥിരോത്സാഹത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു. ദുഷ്‌കരമായ സമയത്തും ഖാർത്തൂമിലെ ഇന്ത്യൻ എംബസി അസാധാരണമായ അർപ്പണബോധമാണ് കാണിച്ചത്. സൗദിയിലെ ടീം ഇന്ത്യയുടെയും ഇന്ത്യയിൽ എം.ഇ.എ റാപ്പിഡ് റെസ്പോൺസ് സെല്ലിന്റെയും ശ്രമങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഒമ്പത് ദിവങ്ങൾക്ക് മുമ്പാണ് ഓപ്പറേഷൻ കാവേരി ആരംഭിച്ചത്. അഞ്ച് നാവിക കപ്പലും 17 വ്യോമസേനാ വിമാനങ്ങളുമാണ് ദൗത്യത്തിന് വേണ്ടി ഉപയോഗിച്ചത്.
എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരായിരുന്നെന്ന് പ്രധാനമന്ത്രി അറിയിച്ചു. അപകടകരമായിരുന്ന സാഹചര്യത്തിൽ നിന്ന് ഇന്ത്യക്കാരെ മാറ്റുന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ജിദ്ദയിലൂടെയും സുഡാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലൂടെയും പൗരന്മാരെ ഒഴിപ്പിച്ചു. ജിദ്ദയിൽ നിന്ന് വ്യോമസേന ഉൾപ്പെടെ പൗരന്മാരെ ഇന്ത്യയിലെത്തിച്ചു. സൗദി അറേബ്യയോട് ഞങ്ങൾ നന്ദിയുള്ളവരാണ്. ഈജിപ്ത്, ഫ്രാൻസ്, സൗത്ത് സുഡാൻ, യു.എ.ഇ, യു.കെ, യു.എസ്.എ, യുൻ എന്നിവരുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |