ന്യൂഡൽഹി: പാകിസ്ഥാന് ഭീകരപ്രവർത്തനം വ്യവസായമാണെന്നും പാക് വിദേശ കാര്യമന്ത്രി ബിലാവൽ ഭൂട്ടോ അതിന്റെ പ്രൊമോട്ടറും വക്താവും ന്യായീകർത്താവുമാണെന്നും തുറന്നടിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ.
ഗോവയിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ഭീകരപ്രവർത്തനവും പരോക്ഷമായി കാശ്‌മീർ പ്രശ്നവും ഉന്നയിച്ച ബിലാവലിന് പത്രസമ്മേളനത്തിൽ നിശിതമായ ഭാഷയിൽ മറുപടി പറയുകയായിരുന്നു ജയശങ്കർ.
പാകിസ്ഥാന്റെ മുഖ്യ ആശ്രയമാണ് ഭീകരവ്യവസായം. എസ്. സി. ഒ അംഗരാജ്യത്തിന്റെ വിദേശമന്ത്രിയായ ബിലാവലിനെ ആ ഭീകര വ്യവസായത്തിന്റെ പ്രൊമോട്ടറും വക്താവും ന്യായീകർത്താവും എന്ന നിലയിലാണ് കാണുന്നത്. എസ്. സി. ഒ സമ്മേളനം പോലും അങ്ങനെയാണ് കണ്ടതെന്നും ജയശങ്കർ പറഞ്ഞു.
നയതന്ത്ര വിജയത്തിന് വേണ്ടി ഭീകരതയെ ആയുധമാക്കരുതെന്ന ബിലാവലിന്റെ സമ്മേളനത്തിലെ പരാമർശത്തിനും ജയശങ്കർ മറുപടി നൽകി. ഭീകരതയുടെ ഇരകൾ ഭീകരാക്രമണം നടത്തുന്നവരുമായി ഭീകരതയെ പറ്റി ചർച്ച ചെയ്യാറില്ലെന്ന് സമ്മേളനത്തിലെ ബിലാവൽ ഭൂട്ടോയുടെ സാന്നിധ്യത്തെക്കുറിച്ച് ജയശങ്കർ തുറന്നടിച്ചു. ഭീകരതയുടെ ഇരകൾ സ്വയം പ്രതിരോധിക്കും. ഭീകരപ്രവർത്തനങ്ങളെ ചെറുക്കും. ചിലർക്ക് ഭീകരത നിയമാനുസൃതമാണ്. എന്നിട്ട് ഞങ്ങൾ ഒരേ തരക്കാരാണെന്ന മട്ടിൽ ഇവിടെ വന്ന് കപട വാക്കുകൾ പ്രസംഗിക്കുകയാണ്.
നിയമവിരുദ്ധവും ഏകപക്ഷീയവും രക്ഷാസമിതി പ്രമേയങ്ങൾ ലംഘിച്ചുമുള്ള ചില രാജ്യങ്ങളുടെ നടപടികൾ എസ്. സി. ഒ ലക്ഷ്യങ്ങൾക്കും വിരുദ്ധമാണെന്ന് ബിലാവൽ സമ്മേളനത്തിൽ പ്രസംഗിച്ചിരുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യക പദവി ഇന്ത്യ റദ്ദാക്കിയതിനെ പരോക്ഷമായി പരാമർശിക്കുകയായിരുന്നു ബിലാവൽ.
കാശ്മീരിന്റെ പ്രത്യേക
പദവി ചരിത്രം
ജമ്മുകാശ്‌മീരിന് പ്രത്യേക പദവി നൽകിയ 370-ാം വകുപ്പ് ചരിത്രമായി. പാകിസ്ഥാൻ ഇനി ഉറക്കം നടിച്ചിട്ടു കാര്യമില്ല. ജമ്മു കാശ്മീരിൽ അനധികൃതമായി കൈവശപ്പെടുത്തിയ പ്രദേശങ്ങൾ എപ്പോൾ ഒഴിയുമെന്നാണ് പാകിസ്ഥാൻ പറയേണ്ടത്. ജമ്മുകാശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഘടമാണ്. അതങ്ങനെ തന്നെ തുടരും.ജമ്മുകാശ്‌മീരിൽ അവർ ഭീകര പ്രവർത്തനം നടത്തുകയാണ്. ആയുധമെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങൾ പ്രകോപിതരാണ്. ഭീകരപ്രവർത്തനത്തെ പ്രോത‌്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ വിശ്വാസ്യത അവരുടെ വിദേശനാണ്യ ശേഖരത്തേക്കാൾ വേഗം ഇടിയുകയാണെന്നും ജയശങ്കർ പറഞ്ഞു.
ജയശങ്കർ എസ്. സി.ഒയിലെ മറ്റ് വിദേശമന്ത്രിമാരുമായെല്ലാം ചർച്ച നടത്തിയെങ്കിലും ബിലാവലിനെ ഒഴിവാക്കിയിരുന്നു. ഇന്നലെ അതിഥികളെ സ്വീകരിക്കവെ ബിലാവലിനെ ഹസ്തദാനം നൽകാതെ നമസ്തേ ചൊല്ലി അഭിവാദ്യം ചെയ്തത് ചർച്ചയായി.
ചൈനയ്ക്കും
മുന്നറിയിപ്പ്
#ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമാധികാരം ചോദ്യം ചെയ്യുന്ന ചൈന–പാക്കിസ്ഥാൻ ഇടനാഴി അംഗീകരിക്കില്ല.
#അതിർത്തി ശാന്തമാകാതെ ഇന്ത്യ–ചൈന ബന്ധം സാധാരണ നിലയിലാകില്ല.
# കണക്റ്റിവിറ്റി രാജ്യങ്ങളുടെ അഖണ്ഡതയും പരമാധികാരവും ലംഘിച്ചു കൊണ്ടാകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |