ഇന്ത്യൻ ചിത്രകലയുടെ പ്രതീകമായ ചിത്രകാരനെന്നും ,ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാവായും കരുതപ്പെടുന്ന രാജാ രവിവർമ്മ കവിതകളും എഴുതിയിരുന്നു. അദ്ദേഹത്തിന്റെ 175-ാം ജന്മവാർഷികദിനാഘോഷ വേളയിൽ രാജാരവിവർമ്മ രചിച്ച കവിതകളെ മോഹിനിയാട്ട രൂപത്തിൽ ആവിഷ്കരിച്ചിരിക്കുകയാണ് പ്രശസ്ത നർത്തകി ഗായത്രി മധുസൂദനൻ. ആദ്യമായാണ് രവിവർമ്മ കൃതികൾക്ക് രംഗഭാഷയും ദൃശ്യാവിഷ്കാരവും നൽകി ഒരാൾ വേദികളിൽ അവതരിപ്പിക്കുന്നത്. രവിവർമ്മ കൃതികളെ നൃത്താവിഷ്കാരമാക്കിയ അനുഭവങ്ങൾ ഗായത്രി മധുസൂദനൻ കേരള കൗമുദിയോട് പങ്കുവെച്ചപ്പോൾ.
രാജാ രവിവർമ്മ കൃതികളെ നൃത്ത രൂപത്തിലാക്കിയപ്പോൾ
രവിവർമ്മ കൃതികളെ നൃത്താവിഷ്കാരത്തിൽ അവതരിപ്പിക്കുക എന്നത് തികച്ചും കൗതുകകരമായിരുന്നു. ഏവരെയും സംബന്ധിച്ചിടത്തോളം ഇന്ത്യൻ ചിത്രകലയുടെ പിതാവാണ് രാജാ രവിവർമ്മ. വരയ്ക്കുന്നതിനു പുറമെ പാട്ട് പാടുമായിരുന്നു,നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നു, നല്ലൊരു നർത്തകനായിരുന്നു, കവിതകൾ എഴുതുമായിരുന്നു എന്നെല്ലാം യാദൃശ്ചികമായി അറിയാൻ ഇടവന്നു. ഒരു ഡോക്യുമെന്ററിയിലൂടെ അദ്ദേഹമെഴുതിയ കവിതകളുടെ സൂചനകളും ലഭിച്ചു. അവിടെ ഒരു കൗതുകം ഉടലെടുത്തു. അദ്ദേഹത്തിന്റെ എഴുത്ത് എങ്ങനെയായിരിക്കും എന്നെല്ലാം അറിയുന്നതിനായി ഒരു അന്വേഷണം നടത്തി.അങ്ങനെയാണ് അദ്ദേഹത്തിന്റെ കവിതകൾ ലഭിക്കുന്നത്. പൂർണമായും നല്ലൊരു കാലയളവെടുത്ത് ചെറിയ രീതിയിലൊരു ഗവേഷണം നടത്തി കണ്ടെത്തിയവയാണ് ഹിരൺമയമായി വേദിയിൽ അവതരിപ്പിച്ചത്. കവിതകളെ നൃത്ത രൂപത്തിലാക്കുന്നതിലും സമയമെടുത്തത് അദ്ദേഹത്തിന്റെ എഴുത്തുകൾ തേടുന്നതിനായിരുന്നു. വളരെ കാവ്യാത്മകമായാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ പോലെ കളർഫുള്ളാണ് കവിതകളും. അദ്ദേഹത്തിന്റെ എഴുത്തുകൾ വായിക്കുമ്പോൾ അതിൽ ഒരു നൃത്തമൊരുക്കാമെന്ന ചിന്ത ഉണ്ടായി. അങ്ങനെ തോന്നിയതിനാൽ നടത്തിയ ഒരു ശ്രമമായിരുന്നു രവിവർമ്മയുടെ കവിതകൾ കോർത്തിണക്കിയ ഹിരൺമയം എന്ന അവതരണം.
ഹിരൺമയം
രവിവർമ്മയുടെ നാലിനങ്ങളാണ് നൃത്ത രൂപത്തിൽ അവതരിപ്പിച്ചത്. അതിന് ഹിരൺമയം എന്നാണ് പേര് നൽകിയത്. രവിവർമ്മയുടെ ചിത്രങ്ങളിൽ സ്വർണനിറത്തെക്കുറിച്ചെല്ലാം ഒരുപാട് വർണിക്കുന്നുണ്ട്. അതിനാലാണ് ഹിരൺമയം എന്ന പേര് നൽകിയത്. ഇത് തികച്ചുമൊരു തീമാറ്റിക്ക് പ്രസന്റേഷനായിരുന്നു. അങ്ങനെയൊരു അവതരണത്തിന് ഒരു പേര് അത്യാവശ്യമാണ്. രവിവർമ്മ ഒരുപാട് സ്തുതികൾ നാമാവലികൾ പോലെ എഴുതിയിട്ടുണ്ട്. അത്തരം നാമാവലികളിൽ നിന്നുമെടുത്ത ഒരു ശ്ളോകം. അദ്ദേഹം വളരെ കൃത്യമായി താളവും രാഗവുമെല്ലാം കുറിച്ചു വച്ചിട്ടുണ്ട്. ഹിരൺമയത്തിലെ ആദ്യ ഭാഗം ഒരു സ്തുതിയാണ്. ശശിശേഖര സ്തുതി. ശിവനെ സ്തുതിച്ചു കൊണ്ടുള്ള ഒരുപാട് ശ്ളോകങ്ങൾ അദ്ദേഹം എഴുതിയതിൽ നിന്നുമെടുത്ത ഒരു ശ്ളോകമാണ്. മോഹിനിയാട്ടത്തിന്റെ ചൊൽക്കെട്ടിന്റെ ഫോർമാറ്റിനോട് ഈ സ്തുതി ചേർത്ത് വച്ചാണ് ആ ഭാഗം ചിട്ടപ്പെടുത്തിയത്. രണ്ടാമത്തേത് രവിവർമ്മ യാത്രക്കുറിപ്പുകൾ എഴുതുമായിരുന്നു. സംസ്കൃത ശ്ളോകങ്ങളായാണ് അദ്ദേഹം അതെഴുതിയിരുന്നത്. ആ യാത്രാ കുറിപ്പുകളിൽ നിന്നും തെരഞ്ഞെടുത്ത നാലഞ്ച് ശ്ളോകങ്ങളെ ചേർത്തു വച്ചിട്ടാണ് മാനസയാത്ര എന്ന പേരിൽ അവതരിപ്പിച്ചത്. മൂന്നാമതായി അദ്ദേഹം ചിത്രത്തിനു താഴെ അടിക്കുറിപ്പായി കുറിച്ചു വച്ച ഒരു ശ്ലോകമായിരുന്നു. ഇതിലെ അവസാന ഭാഗം സുബ്രഹ്മണ്യ ഭാരതിയുടേതായിരുന്നു. രവിവർമ്മ മരിച്ച സമയത്തെ വീട്ടിലെ ഒരു അനുശോചനമാണ്.
ഇതുപോലൊരു നൃത്താവിഷ്ക്കാരം വേദിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിലും എല്ലാവരിലും എത്തിക്കാൻ കഴിഞ്ഞതിലും വളരെയധികം സന്തോഷമുണ്ട്. പലർക്കും ഇതൊരു പുതിയ അറിവായിരുന്നു അദ്ദേഹം എഴുതുമായിരുന്നു എന്നത്. അതിനാൽ തന്നെ വളരെ കൗതുകത്തോടെ എല്ലാവരും ആ അവതരണം കണ്ടിരുന്നു. സദസിൽ അടൂർ ഗോപാലകൃഷ്ണൻ സർ ഉണ്ടായിരുന്നു. രവിവർമ്മ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് താഴെ ശ്ളോകം പോലെ എഴുതി വെക്കുമായിരുന്നു ആ ചിത്രത്തെക്കുറിച്ച്. ആ ഒരു ശ്ളോകവും ഹിരൺമയത്തിൽ ഉൾപ്പെടുത്തിയിരുന്നു. അവതരണത്തിനുശേഷം അടൂർ സർ അദ്ദേഹത്തിന്റെ കൈയിൽ രവിവർമ്മ ചിത്രങ്ങളുടെ ഒരുപാട് ശേഖരം ഉണ്ടെന്നും ചെന്നിട്ട് അവ എടുത്ത് നോക്കണമെന്നും പറഞ്ഞത് നല്ലൊരു അനുഭവമായിരുന്നു.
ഏതൊരു നൃത്തമായാലും വേദിയിൽ അവതരിപ്പിച്ചാൽ അത് ഒരിക്കലും സിംഗിൾ സോളോ അല്ല. അതിനൊരുപാട് പേരുടെ എഫർട്ടുണ്ട്. മ്യുസിഷ്യൻസായാലും, മേക്കപ്പ് മാനായാലും സ്റ്റേജിലുള്ള ടെക്നീഷ്യൻമാരായാലും എല്ലാവരും അതിനുപുറമെയുണ്ട്. ഇതു പോലെ ഒരു അവതരണത്തിനായി പുസ്തകങ്ങൾ അന്വേഷിച്ച് പോകുമ്പോഴുമെല്ലാം ഒരുപാടു പേർ സഹായിച്ചിട്ടുണ്ട്. അന്വേഷിച്ചിട്ടും കിട്ടാത്തത് പല സുഹൃത്തുക്കൾ മുഖേനയും ലഭിച്ചു. മാത്രമല്ല അദ്ദേഹത്തിന്റെ കൃതികൾ തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലുമായതിനാൽ അവിടെയും ഭാഷ മനസിലാക്കാൻ കുറേപ്പേരുടെ സഹായം തേടിയിരുന്നു.
പുതിയ പ്രതീക്ഷകൾ
പുതിയ കുറെ ആശയങ്ങൾ മനസിലുണ്ട്. തീമാറ്റിക്ക് പ്രസന്റേഷനുകൾ ആണ് ചെയ്യുന്നത്. കവിതകളെല്ലാം നൃത്തരൂപത്തിൽ അവതരിപ്പിക്കാൻ ഇഷ്ടമാണ്. ഗജവർണന എന്ന പേരിൽ കോട്ടക്കൽ മധു ചിട്ടപ്പെടുത്തിയ പരിപാടി അവതരിപ്പിക്കാറുണ്ട്. നൃത്തത്തെ പ്രൊഫഷനായി കണ്ടിരുന്നില്ലെങ്കിലും നൃത്തത്തെ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരാളാണ് ഗായത്രി. മുതിർന്ന സ്ത്രീകൾക്കും ഭിന്നശേഷിക്കാരായ നൃത്തം പഠിക്കാൻ താത്പര്യമുള്ളവർക്കും വേണ്ടി മോഹിനിയാട്ടം ക്ളാസുകൾ നടത്തുന്നുണ്ട്. ഭർത്താവ് അഡ്വ. മധുസൂദനനും മക്കളായ ഹരികൃഷ്ണനും ജയകൃഷ്ണനുമൊപ്പം കോഴിക്കോടാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |