കൊച്ചി: സർക്കാരിനെതിരായ ഇല്ലാക്കഥകളും കെട്ടിച്ചമയ്ക്കലുകളും ഏശില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ) സംസ്ഥാന സമ്മേളനം എറണാകുളം ടൗൺഹാളിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ ക്യാമറയിൽ അടക്കം പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് പരോക്ഷമായി മുഖ്യമന്ത്രി മറുപടി നൽകി. സർക്കാരിനെതിരെ പറ്റുന്നതെല്ലാം കെട്ടിച്ചമയ്ക്കാനാണ് ശ്രമങ്ങൾ. ചില വലതുപക്ഷ മാദ്ധ്യമങ്ങൾ ഇതിനെല്ലാം കൂട്ടുനിൽക്കുന്നു. ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കുമെന്ന് ആരും കരുതേണ്ട. ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാവും.
കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പുകമറ സൃഷ്ടിച്ച് ജനങ്ങളെ എൽ.ഡി.എഫിനെതിരെ തിരിച്ചുവിടാൻ ശ്രമമുണ്ടായി. ജനങ്ങൾ അത് മുഖവിലയ്ക്ക് എടുത്തില്ല. 99 സീറ്റ് നൽകി എൽ.ഡി.എഫിനെ അധികാരത്തിലിരുത്തി. പ്രതിപക്ഷം ഇതുമായി പൊരുത്തപ്പെട്ടില്ല.
കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം. അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിന് വേണ്ടത്. നാടിന്റെ പൊതുവായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. വലിയ സാമ്പത്തിക ശേഷി ഇല്ലാത്ത സംസ്ഥാനമാണ് കേരളം. അതിന്റെ പേരിൽ ഒരു വികസനവും തടഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എ. നാസർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, മന്ത്രി കെ.കൃഷ്ണൻകുട്ടി, എം.എൽ.എമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, പ്രമോദ് നാരായണൻ എന്നിവർ സംസാരിച്ചു. കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ. എസ്. ആർ. മോഹന ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ഡോ. യു. സലിൽ എന്നിവർ പങ്കെടുത്തു.
കെ.ജി.ഒ.എ: ഡോ.എം.എ. നാസർ പ്രസിഡന്റ്
കൊച്ചി: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസയേഷൻ (കെ.ജി.ഒ.എ) പ്രസിഡന്റായി ഡോ.എം.എ. നാസറിനെയും ജനറൽ സെക്രട്ടറിയായി ഡോ.എസ്.ആർ. മോഹനചന്ദ്രനെയും ട്രഷററായി പി.വി. ജിൻരാജിനെയും തിരഞ്ഞെടുത്തു. ടി.എൻ. മിനി, എ.എസ്. സുമ, പി.പി.സുധാകരൻ (വൈസ് പ്രസിഡന്റുമാർ), എം.ഷാജഹാൻ, ഡോ.യു.സലിൽ, എം.എൻ. ശരത്ചന്ദ്രലാൽ (സെക്രട്ടറിമാർ ) എന്നിവരാണ് മറ്റു ഭാരവാഹികൾ. എ.ബിന്ദു, കുഞ്ഞിമമ്മു പറവത്ത്, ഡോ. ഇ.വി. സുധീർ, സി.കെ. ഷിബു, ജയൻ പി.വിജയൻ, ഡോ.സിജി സോമരാജൻ, ഐ.കെ. മോഹനൻ, ഡോ.പി.ശ്രീദേവി, പ്രകാശൻ പുത്തൻമഠത്തിൽ, വി. ചന്ദ്രൻ,കെ.പ്രവീൺ,ടി.എസ് കൃഷ്ണകുമാർ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |