#കടത്ത് കാലിത്തീറ്റയുടെ
ജി.എസ്.ടി ബിൽ കാട്ടി
കൊച്ചി: സംസ്ഥാനത്തേക്ക് സ്പിരിറ്റ് കടത്ത് വീണ്ടും സജീവമായ സാഹചര്യത്തിൽ ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കാൻ എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശം. ഒന്നര വർഷത്തിനിടെ നാല് ലക്ഷത്തിലധികം ലിറ്റർ സ്പിരിറ്റ് കൊച്ചിയിൽ എത്തിച്ച് വിതരണം ചെയ്തെന്ന കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി.
കൊവിഡിനുശേഷം ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമായിരുന്നില്ല.കന്നാസുകൾക്ക് മുകളിൽ ടയറുകളോ കാലിത്തീറ്റയോ നിറച്ചായിരുന്നു കടത്ത്. ഇവയുടെ ജി.എസ്.ടി ബിൽ കാട്ടിയാണ് ലോറികൾ ചെക് പോസ്റ്റുകൾ കടന്നിരുന്നത്. ഇടപ്പള്ളി ഉണിച്ചിറയിലെ ഗോഡൗണിൽ നിന്ന് നിരവധി ബില്ലുകൾ എക്സൈസ് കണ്ടെടുത്തു.
മദ്ധ്യകേരളത്തിലെ പഴയ സ്പിരിറ്റ് രാജാവിന് വേണ്ടി മൈസൂരിലെ കുപ്രസിദ്ധ ഗുണ്ട രാജ് മണികണ്ഠനാണ് കന്നാസിലാക്കിയ സ്പിരിറ്റ് ടോറസ് ലോറികളിൽ ഒന്നര വർഷമായി എത്തിച്ചിരുന്നത്.
ഇടപ്പള്ളി - മൂവാറ്റുപുഴ റോഡിലെ തിരക്കേറിയ ഉണിച്ചിറ ജംഗ്ഷനിലെ കുമ്മഞ്ചേരി ആർക്കേഡിലായിരുന്നു ഗോഡൗൺ. മലപ്പുറം സ്വദേശിയുടെ കെട്ടിടത്തിൽ രണ്ട് വർഷം മുമ്പ് 50,000 രൂപ മാസവാടകയ്ക്കാണ് ഗോഡൗൺ എടുത്തത്.
സ്പിരിറ്റും പണവും
വഴിയിലെ പിക്കപ്പിൽ
ഫോണിൽ ലഭിക്കുന്ന നിർദേശ പ്രകാരം സ്പിരിറ്റ് കന്നാസുകളുമായി പിക്കപ്പ് വാഹനം നിശ്ചിത സ്ഥലത്ത് കീ സഹിതം പാർക്ക് ചെയ്യും. അപരിചിതൻ വണ്ടി കൊണ്ടുപോകും. മണിക്കൂറുകൾക്കുശേഷം അവിടത്തന്നെ എത്തിക്കുന്ന വണ്ടിക്കുള്ളിൽ പണമുണ്ടാകും. സ്പിരിറ്റ് കൈകാര്യം ചെയ്തിരുന്ന ആർക്കും തൊട്ടപ്പുറത്തുള്ളത് ആരെന്ന് അറിവുണ്ടായിരുന്നില്ല.
മറ്റുവാഹനങ്ങളിലേക്ക് എവിടെവച്ചാണ് സ്പിരിറ്റ് കൈമാറിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്. ഗോഡൗണിൽ ഉണ്ടായിരുന്ന രണ്ടു പിക്കപ്പുകളുടെ ഉടമയും ഡ്രൈവർമാരുമാണ് പിടിയിലായ മൂന്നുപേർ. ഗോഡൗൺ കൈകാര്യം ചെയ്ത മൂന്നുപേരും അറസ്റ്റിലായി.
കുപ്പികളിലും സ്പിരിറ്റ്
കേരളത്തിലേക്കുള്ള സ്പിരിറ്റ് കടത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ലിറ്റർ കുപ്പികളിൽ കെയ്സുകളിലായി സ്പിരിറ്റ് ആവശ്യക്കാർക്ക് എത്തിച്ചെന്ന സവിശേഷതയും ഈ കേസിലുണ്ട്. അത്രയും സജ്ജമായ ശൃംഖല സംഘത്തിന് ഉണ്ടായിരുന്നു.
മുഖ്യപ്രതിയെ ഉടൻ പിടികൂടും. സ്പിരിറ്റ് കേസിന്റെ എല്ലാ വശങ്ങളിലേക്കും അന്വേഷണം നീളും
ബി. ടെനിമോൻ
അസി. എക്സൈസ് കമ്മിഷണർ
എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |