90 ബാച്ചും 70 സർക്കാർ സ്‌കൂളിൽ
തിരുവനന്തപുരം: എഴുപത് സർക്കാർ സ്‌കൂളുകൾ ഉൾപ്പെടെ 82 ഹയർസെക്കൻഡറി സ്‌കൂളുകളിലെ 105 ബാച്ചുകളിൽ ആവശ്യത്തിന് കുട്ടികളില്ല. ഈ ബാച്ചുകളിൽ 90 എണ്ണം 70 സർക്കാർ സ്‌കൂളുകളിലും 15 എണ്ണം 12 എയ്ഡഡ് സ്‌കൂളുകളിലുമാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് ഈ കണക്ക്.
25ൽ താഴെ കുട്ടികളുള്ള ബാച്ചുകളാണ് കുട്ടികളില്ലാത്ത ബാച്ചുകളായി കണക്കാക്കുന്നത്. ഇത്തരം ഒന്നിലേറെ ബാച്ചുള്ള 14 സ്കൂളുകളിലെ ഓരോ ബാച്ച് ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് മാറ്റാൻ റിപ്പോർട്ടിൽ ശുപാർശയുണ്ട്.
പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കും മുമ്പ് ബാച്ചുകൾ ട്രാൻസ്ഫർ ചെയ്ത് ഉത്തരവിറക്കിയാൽ പ്ളസ് വൺ പ്രവേശനത്തിൽ ഭേദഗതി വരുത്താം. പുതിയ അദ്ധ്യയന വർഷം മുതൽ 25 കുട്ടികളിൽ താഴെ പ്രവേശനം നേടുന്ന ബാച്ചുകൾ റദ്ദാക്കി അവ ആവശ്യമുള്ള പ്രദേശത്തേക്ക് മാറ്റുമെന്ന നിബന്ധന പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തണം. സർക്കാർ സ്‌കൂളുകളിലെ ഇത്തരം 14 ബാച്ചിൽ നാലെണ്ണം കോട്ടയത്തും മൂന്നെണ്ണം തിരുവനന്തപുരത്തുമാണ്. പാലക്കാട് രണ്ടും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഒന്നുവീതവും. കുട്ടികൾ കുറവുള്ള ബാച്ചുകളുള്ള 85 സ്‌കൂളുകളിൽ കോട്ടയത്ത് 21 ഉം പത്തനംതിട്ടയിൽ 20ഉം എറണാകുളത്ത് 15 ഉം ആലപ്പുഴയിൽ 12 ഉം ഇടുക്കിയിൽ ഒൻപതെണ്ണവുമാണുള്ളത്. കുട്ടികളില്ലാത്ത ഹയർസെക്കൻഡറി ബാച്ചുകളുടെ പുനഃക്രമീകരണം പഠിക്കാൻ ഹയർസെക്കൻഡറി മുൻ ഡയറക്ടർ ഡോ. വി. കാർത്തികേയൻ നായർ ചെയർമാനും ഹയർസെക്കൻഡറി അക്കാഡമിക് ജോയന്റ് ഡയറക്ടർ ആർ. സുരേഷ് കുമാർ മെമ്പർ സെക്രട്ടറിയുമായി വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച സമിതി റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |