ബെംഗളൂരു:ചിക്കബെല്ലാപുരയിലെ ബാഗേപള്ളിയിൽ ജയിച്ചാൽ സി.പി.എമ്മിന് രണ്ട് നേട്ടമാണ്. 224അംഗ കർണാടക നിയമസഭയിൽ ചുവന്ന താരകം ഉദിക്കും. രണ്ടാമത് സി.പി.ഐക്ക് നഷ്ടമായ ദേശീയ പാർട്ടി പദവി നില നിറുത്താൻ സഹായമാകും. ബാഗേപള്ളിയിൽ ജനതാദൾ പിന്തുണയോടെ സി.പി.എം. സ്ഥാനാർത്ഥി ഡോ.അനിൽകുമാർ മത്സരിക്കുന്നതിൽ കേരളത്തിലെ സി.പി.എമ്മിന്റെ ഇടപെടലുമുണ്ട്.
രണ്ടുമാസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
സേവനപ്രവർത്തനായ ഡോ.അനിൽകുമാർ ജനകീയ സ്ഥാനാർത്ഥിയാണ് . അദ്ദേഹത്തിന്റെ പ്രചാരണത്തിന് സാധാരണക്കാരുടെ വൻ കൂട്ടമാണ്. മണ്ഡലത്തിൽ ഒാടി നടക്കുന്ന ഡോക്ടറെ പിത്താപാളയയിലെ കുന്ദഹള്ളിയിൽ വച്ചാണ് കണ്ടത്. ഒരു സർക്കാർ ഒാഫീസിന് മുന്നിൽ വണ്ടി നിറുത്താൻ വഴികാട്ടിയായി വന്ന പ്രാദേശിക സി.പി.എം.നേതാവ് ബസവരാജ് പറഞ്ഞു. ഇറങ്ങിയപ്പോൾ ചുവന്ന കൊടി. മുന്നിൽ മുൻ സംസ്ഥാനസെക്രട്ടറി ജി.വി.ശ്രീരാംറെഡ്ഡിയുടെ കട്ടൗട്ട്. പിന്നിൽ ചെറിയ പാർട്ടി ഒാഫീസ്.അതിൽ ജനശക്തി പത്രത്തിന്റെ സബ് എഡിറ്റർ, പ്രജാവാണിയുടെ പ്രാദേശിക ലേഖകൻ,അദ്ധ്യാപകർ തുടങ്ങിയ ബുദ്ധിജീവികൾ.
പിന്നെ സ്ഥാനാർത്ഥിയെ കാണാൻ കുന്ദഹളളിയിൽ.എവിടെയും മൊപ്പെഡിൽ കൊടി കെട്ടി പോകുന്ന പ്രവർത്തകർ. തെരുവുനാടക സംഘത്തിന്റെ (കലാതണ്ഡ) കലാപരിപാടി. മോദിയുടെ വർഗ്ഗീയ,കർഷക വിരുദ്ധ ഭരണമാണ് വിഷയം.കാണാൻ കർഷകർ. മുന്നൂറോളം വീടുകളിലായി രണ്ടായിരത്തോളം പേരാണിവിടെ.എല്ലാവരും സ്ഥാനാർത്ഥിയെ കാത്തിരിക്കുന്നു. കോളാമ്പി അനൗൺസ്‌മെന്റ് വാഹനങ്ങൾ. ടാറ്റാസുമോ കാറിൽ ഡോക്ടർ സ്ഥാനാർത്ഥി. കഴുത്തിൽ ചുവന്ന ഷാൾ.
ഇവിടെ നാട്ടുകാരനായി താൻ മാത്രമേ മത്സരിക്കുന്നുളളൂ. എതിർസ്ഥാനാർത്ഥി കോൺഗ്രസിന്റെ സുബറെഡ്ഡി നഗരത്തിലാണ് താമസം. വ്യവസായപ്രമുഖനാണ്. ബി.ജെ.പിയുടെ മുനിരാജു റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ. അവരെല്ലാം ആഴ്ചയിൽ ഒരുദിവസമാണ് മണ്ഡലത്തിൽ വരിക.ഞാൻ എല്ലാദിവസവും ഇവിടെയുണ്ടാകും - അനിൽകുമാറിന്റെ വാഗ്ദാനം.
ഡോക്ടർ കുടുംബത്തിന്റെ സാമൂഹ്യ സേവനം
പാർട്ടി ഒാഫീസിനടുത്ത് ഇടത്തരം ആശുപത്രി നടത്തുന്ന, അറിയപ്പെടുന്ന സർജനാണ് ഡോ.അനിൽകുമാർ. സാമൂഹസേവനം തലയ്ക്ക് പിടിച്ചതോടെ ജോലി നാട്ടിലാക്കി.ആദിവാസി മേഖലകളിൽ സൗജന്യസേവനം.ഭാര്യ മഞ്ജുളയും ഡോക്ടറാണ്. പതിനായിരത്തോളം പാവപ്പെട്ടവർക്ക് ഹെൽത്ത് കാർഡ് കൊടുത്തിട്ടുണ്ട് ഡോ.അനിൽകുമാർ.ഇതുപയോഗിച്ച് നഗരത്തിലെ ആശുപത്രിയിൽ വരെ സൗജന്യചികിത്സ കിട്ടും. അനിൽകുമാറിന്റെ മാതാപിതാക്കളും ഡോക്ടർമാരാണ്. ഡോ.രാമപ്പയും ഡോ.സരോജമ്മയും. അവരും സാമൂഹ്യസേവകർ.സി.പി.എം.പ്രവർത്തകരുമാണ്.ഇവരെല്ലാം ചേർന്ന് രണ്ടായിരത്തോളം കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസവും നൽകുന്നുണ്ട്.പാർട്ടി സഹായത്തോടെ കോംപോസിറ്റ് സ്കൂൾ. സൗജന്യമായി വാഹനവും ചികിത്സയും ഭക്ഷണവും. ഡോക്ടർ സാധാരണക്കാർക്ക് പ്രിയപ്പെട്ടവനായത് വെറുതെയല്ല.
മൂന്ന് തവണ സി.പി.എം. മണ്ഡലത്തിൽ ജയിച്ചിട്ടുണ്ട്. തെലുങ്കരായിരുന്നു സ്ഥാനാർത്ഥികൾ.ആന്ധ്ര അതിർത്തിയിലെ മണ്ഡലത്തിൽ 80ശതമാനവും തെലുങ്കരാണ്.എതിർ സ്ഥാനാർത്ഥികൾ വോട്ടെടുപ്പിന് തലേന്നാൾ പണം വാരിയെറിയും. അത് വെല്ലുവിളിയാണ്. കഴിഞ്ഞ തവണ സി.പി.എമ്മിന് 51900വോട്ടുകിട്ടി. ജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 64500വോട്ടും. ജനതാദളിന് 36000വോട്ട്.ഇക്കുറി ജനതാദൾ പിന്തുണ സി.പി.എമ്മിനാണ്. കണക്ക് നോക്കിയാൽ ജയം ഉറപ്പ്.
മണ്ഡലത്തിലെ ജയങ്ങൾ
കോൺഗ്രസ് 1978,1985,1989,2008,2018
സി.പി.എം.1983,1994,2004
സ്വതന്ത്രർ 1999,2013
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |