ലണ്ടൻ : ജനപ്രിയ ഇറ്റാലിയൻ വിഭവമാണ് പിസ. പലതരം പിസകളെ പറ്റി നാം കേട്ടിരിക്കാം. എന്നാൽ, 2,000 ഡോളർ അഥവാ 1.63 ലക്ഷം രൂപ വിലയുള്ള സ്പെഷ്യൽ പിസയെ പറ്റി കേട്ടിട്ടുണ്ടോ ? യു.എസിലെ ലോസ്ആഞ്ചലസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രൂക്ക് ബേവ്‌സ്കി എന്ന ഷെഫാണ് ഈ പിസയ്ക്ക് പിന്നിൽ. ബ്രൂക്ക് ഒരു സെലിബ്രിറ്റിക്ക് വേണ്ടിയാണ് ഈ പിസ തയ്യാറാക്കിയത്. സെലിബ്രിറ്റി ആരാണെന്ന് ബ്രൂക്ക് വെളിപ്പെടുത്തിയിട്ടില്ല.
ന്യൂസിലൻഡിൽ നിന്ന് ഇറക്കുമതി ചെയ്ത ഓർഗാനിക് മനുകാ തേൻ, കാവീയർ, 24 കാരറ്റ് ഗോൾഡ് ഫ്ലേക്സ് അടങ്ങിയ വീഗൻ പെസ്റ്റോ തുടങ്ങിയ വില കൂടിയ വസ്തുക്കൾക്കൊപ്പം ഓർഗാനിക് ഫിഗ്സ്, ബദാം, കാഷ്യുനട്ട്, ഗ്ലൂട്ടൻ ഫ്രീ ധാന്യ മാവുകൾ, ചെറി ടുമാറ്റോ തുടങ്ങി പോഷക ഗുണങ്ങൾ അടങ്ങിയ നിരവധി ചേരുവകളും ഈ സ്പെഷ്യൽ പിസയുടെ പ്രത്യേകതയാണ്.
ഏകദേശം 82,000 രൂപയാണ് ( 1,000 ഡോളർ ) പിസയുടെ ചേരുവകൾക്ക് മാത്രം വേണ്ടി വന്നത്. പിസയുടെ നിർമ്മാണത്തിന്റെ ഓരോ ഘട്ടവും വിവരിക്കുന്ന വീഡിയോ ബ്രൂക്ക് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ബ്രൂക്കിനെ അഭിനന്ദിച്ച് ചിലർ എത്തിയെങ്കിലും നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. രാജ്യം കടുത്ത വിലക്കയറ്റം നേരിടുന്നതിനിടെ ഈ പിസയുണ്ടാക്കാൻ വേണ്ട പണം കൊണ്ട് എത്രയോ പാവങ്ങൾക്ക് ആഹാരം നൽകാമായിരുന്നു എന്നാണ് പലരും ചോദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |