ബീജിംഗ് : കടുത്ത ഓൺലൈൻ സെൻസർഷിപ്പ് നിലനിൽക്കുന്ന ചൈനയിൽ ദാരിദ്ര്യം സൂചിപ്പിക്കുന്ന വീഡിയോകൾ അധികൃതർ വ്യാപകമായി നീക്കം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലാഴ്മ തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന വീഡിയോകളാണ് ചൈനീസ് ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നതെന്നാണ് കണ്ടെത്തൽ. ഒരു അന്താരാഷ്ട്ര മാദ്ധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
രാജ്യം ദാരിദ്ര്യത്തിനെതിരെ സമഗ്ര വിജയം നേടിയെന്നാണ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ അവകാശവാദം. എന്നാൽ ദാരിദ്ര്യത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും നടുവിൽ ജീവിക്കുന്ന വലിയ വിഭാഗം ചൈനയിലുണ്ടെങ്കിലും ഇവരുടെ ശബ്ദം പുറംലോകമറിയാത്ത വിധം അടിച്ചമർത്താൻ ഭരണകൂടം ശ്രമിക്കുന്നെന്നാണ് ആരോപണം.
മനഃപൂർവം ദുഃഖം സൃഷ്ടിക്കുന്നതോ ധ്രുവീകരണത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതോ അല്ലെങ്കിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായയ്ക്ക് വിള്ളൽ വീഴ്ത്തുന്നതോ ആയ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നവരെ ശിക്ഷിക്കുമെന്ന് ചൈനീസ് സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ മാർച്ചിൽ ഉത്തരവിട്ടെന്ന് വിദേശ മാദ്ധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നവർക്ക് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നതായും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |