താനൂർ: ബോട്ടപകടത്തിന്റെ ദുഃഖം താനൂരിന്റെ മുക്കിലും മൂലയിലും തളം കെട്ടിക്കിടന്നു. മരിച്ചവരുടെ വീടുകളിൽ സങ്കടക്കടൽ അലതല്ലി. മരണവീടുകളിലേക്കും പൂരപ്പുഴ തീരത്തേക്കും അപകടം നടന്ന രാത്രിയിലെന്ന പോലെ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു പകലും.
ഇനിയും ആരെങ്കിലും പുഴയിലുണ്ടോ എന്ന ആധിയോടെ പുഴയുടെ ഇരുതീരങ്ങളിലും ആയിരങ്ങൾ കാത്തിരുന്നു. പുഴയിലെ ചെറുചലനം പോലും അവരെ ആകാംക്ഷാഭരിതരാക്കി. എൻ.ഡി.ആർ.എഫും ഫയർഫോഴ്സും രണ്ട് ബോട്ടുകളിലായി പരിശോധന ശക്തമാക്കിയിരുന്നു. രക്ഷാപ്രവർത്തനത്തിനായി നാവികസേനയുടെ ഹെലികോപ്റ്ററും വട്ടമിട്ടു പറന്നു. പ്രദേശത്ത് ആളുകൾ കൂടാതിരിക്കാൻ വഴിയിലുടനീളം വാഹനങ്ങൾ വഴിതിരിച്ച് വിടുന്നുണ്ടായിരുന്നു. വരുന്നവർക്കെല്ലാം കുടിനീര് നൽകാൻ നാട്ടുകാർ മുൻകൈയെടുത്തു. പരപ്പനങ്ങാടി മുതൽ കടകളടച്ച് വ്യാപാരികളും ദുഃഖത്തിൽ പങ്കുചേർന്നു. രക്ഷാപ്രവർത്തനത്തിൽ മുഴുകിയ നാട്ടുകാർ കരയണഞ്ഞത് ഇന്നലെ രാവിലെയാണ്.
ദുരന്തത്തിൽ മരണം 22ൽ നിറുത്താനായത് ഒരു നാടിന്റെ കരുതലും ജീവൻ പണയപ്പെടുത്തിയുള്ള രക്ഷാപ്രവർത്തനവുമാണ്. മത്സ്യബന്ധന ബോട്ടുകളുമായെത്തിയും മറ്റും ആദ്യം രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടതും അവർ തന്നെ.പത്തോളം പേരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. അവർ പുഴയിൽ നിന്ന് ഓരോരുത്തരെയായി കരയ്ക്കടുപ്പിച്ചു. കേട്ടറിഞ്ഞ് ഒരു നാട് മൊത്തമെത്തി. വെളിച്ചക്കുറവ് ഉൾപ്പെടെ രക്ഷാ പ്രവർത്തനത്തിന് തടസ്സമായി. ബോട്ട് കീഴ്‌മേൽ മറിഞ്ഞ് ചെളിയിൽ പൂണ്ട നിലയിലായിരുന്നു. ഇതുയർത്താൻ ആദ്യഘട്ടം മുതൽ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് സമീപത്തെ മരത്തിലും തെങ്ങിലും ബൾബുകൾ സ്ഥാപിച്ച് രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടി. കൂടുതൽ കരുത്തുള്ള കയറുപയോഗിച്ച് കെട്ടിവലിച്ച് പൂരപ്പുഴയുടെ കിഴക്കുഭാഗത്തെ തീരത്ത് ബോട്ടടുപ്പിച്ചു.
ചെറുറോഡുകളായതിനാൽ ആദ്യം രക്ഷപ്പെടുത്തിയവരെ നാട്ടുകാർ ഓട്ടോറിക്ഷകളിലാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. പിന്നീട് ആംബുലൻസിനെത്താൻ സാധിക്കാത്ത വഴികളിൽ ജെ.സി.ബി ഉപയോഗിച്ച് കാട് വെട്ടിത്തെളിച്ചു. ബോട്ടിൽ നിന്ന് തെറിച്ചുവീണവരെയും മറ്റുമാണ് ആദ്യം ആശുപത്രിയിലെത്തിച്ചത്. തൂവൽതീരത്തെ ചെറുറോഡുകളിൽ വാഹനങ്ങളും ആളുകളും നിറഞ്ഞത് ആദ്യഘട്ടത്തിൽ പ്രയാസം സൃഷ്ടിച്ചിരുന്നു. നാട്ടുകാർ ഇടപെട്ട് വാഹനങ്ങളെയും ആളുകളെയും മാറ്റി ആംബുലൻസുകൾക്കും മറ്റും വഴിയൊരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |