
കൊച്ചി: അർജന്റീന ഫുട്‌ബോൾ ടീമിനെ കൊച്ചിയിലെത്തിക്കുന്നു എന്ന പ്രചാരണത്തിലൂടെ ദുരൂഹ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന ആരോപണവുമായി ഹൈബി ഈഡൻ എംപി. കൊച്ചി സ്റ്റേഡിയത്തിന്റെ നവീകരണമെന്ന പേരിലുള്ള ഇടപാടുകളും ദുരൂഹത നിറഞ്ഞതാണ്. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജിഡിസിഎയും (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി) സ്‌പോൺസറും തമ്മിലുണ്ടാക്കിയ കരാർ പുറത്തുവിടണമെന്നും ഹൈബി ഈടൻ ആവശ്യപ്പെട്ടു.
ഹൈബി ഈഡന്റെ വാക്കുകൾ
'കൊച്ചി സ്റ്റേഡിയത്തിന്റെ ഭാവി പോലും വലിയ ചോദ്യ ചിഹ്നമായിരിക്കുകയാണ്. ഇവിടെ നിന്ന് ക്രിക്കറ്റ് അപ്രത്യക്ഷമായി. കേരള ബ്ലാസ്റ്റേഴ്‌സ് പോലും കൊച്ചിവിട്ട് പോകുന്നുവെന്ന വാർത്തകൾ ആശങ്കയുണ്ടാക്കുകയാണ്. ഹോംഗ്രൗണ്ട് എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയിരുന്ന വാടകയായിരുന്നു ജിഡിസിഎയുടെ ഏറ്റവും വലിയ വരുമാനം. ഇപ്പോൾ സ്റ്റേഡിയം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
നിർമാണ പ്രവൃത്തികൾ നടത്തിവരുന്ന കമ്പനികൾക്കുള്ള യോഗ്യതയും വ്യക്തമാക്കണം. സ്റ്റേഡിയത്തിന് ചുറ്റുമുള്ള മരങ്ങൾ മുഴുവൻ മുറിച്ചുമാറ്റി. റോഡിലുള്ള മരങ്ങൾ സാധാരണ മുറിച്ചുമാറ്റുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നിരവധി നിബന്ധനകളുണ്ട്. അത് പാലിച്ചിട്ടുണ്ടോയെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. ജിഡിസിഎയും സ്‌പോൺസറും തമ്മിലുണ്ടാക്കിയ കരാർ എവിടെയാണ്. ആരുടെ മേൽനോട്ടത്തിലാണ് കരാർ നടപടികൾ നടപ്പാക്കുന്നതെന്നും വ്യക്തമാക്കണം.'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |