മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്കയുടെ ചിത്രീകരണം ഇന്ന് കൊച്ചിയിൽ ആരംഭിക്കും. 12 ന് മമ്മൂട്ടി ജോയിൻ ചെയ്യും. മാതാവിന്റെ നിര്യാണത്തിന് ശേഷം മമ്മൂട്ടി വീണ്ടും കാമറയ്ക്ക് മുൻപിൽ എത്തുകയാണ്. നിത പിള്ള ബസൂക്കയിൽ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പൂമരം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നിത പിള്ള ജോഷി - സുരേഷ് ഗോപി ചിത്രമായ പാപ്പനിൽ ഏറെ തിളങ്ങിയിരുന്നു. മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുന്നത് ആദ്യമാണ്. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ ചെന്നൈയിൽ പുനരാരംഭിച്ചു. ജപ്പാനിൽ ഭാര്യ സുചിത്രയോടൊപ്പം സ്വകാര്യ സന്ദർശനത്തിനുപോയ മോഹൻലാൽ 15ന് മടങ്ങി എത്തും. 16ന് ലൊക്കേഷനിൽ ജോയിൻ ചെയ്യാനാണ് തീരുമാനം. 40 ദിവസത്തെ ചെന്നൈ ഷെഡ്യൂളോടെ വാലിബന്റെ ചിത്രീകരണം പൂർത്തിയാകും. മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒരുമിക്കുന്ന മലൈക്കോട്ടൈ വാലിബനിൽ ബോളിവുഡ് താരം സോണാലി കുൽക്കർണി, ബംഗാളി താരം കഥ നന്ദി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, സുചിത്ര നായർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. പി.എസ് റഫീക്ക് രചന നിർവഹിക്കുന്നു. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം. അതേസമയം വേറിട്ട ഗെറ്രപ്പിലാണ് ബസൂക്കയിൽ മമ്മൂട്ടി എത്തുന്നത്. ഗൗതം മേനോൻ, ഷൈൻ ടോം ചാക്കോ, ജഗദീഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഗൗതം മേനോൻ ആദ്യമായാണ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |